ADVERTISEMENT

കൊൽക്കത്ത∙ ഇന്ത്യന്‍ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ 2–1ന് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബ്ലാസ്റ്റേഴ്സിനായി ജാപ്പനീസ് താരം ഡെയ്സുകെ സകായ് (32–ാം മിനിറ്റ്), ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റകോസ് (88) എന്നിവർ ഗോളുകൾ നേടി. ക്ലെയ്റ്റൻ സിൽവയാണ് മത്സരത്തിന്റെ അവസാന സെക്കൻഡിൽ ഈസ്റ്റ് ബംഗാളിനായി ഒരു ഗോൾ മടക്കിയത്. നാലാം വിജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സിന് പട്ടികയിൽ 13 പോയിന്റുണ്ട്.

ആദ്യ പകുതിയിൽ തന്നെ ഗോൾ നേടുക ലക്ഷ്യമിട്ട് വിദേശ താരങ്ങളായ ദിമിത്രിയോസ് ഡയമെന്റകോസിനെയും ക്വാമെ പെപ്രയെയും പ്ലേയിങ് ഇലവനിൽ ഇറക്കിയാണ് ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. മത്സരത്തിന്റെ ആദ്യ അഞ്ചു മിനിറ്റുകള്‍ക്കുള്ളിൽ ലഭിച്ച രണ്ട് അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സിന്റെ ഘാന താരം ക്വാമെ പെപ്ര പാഴാക്കി. പ്രത്യാക്രമണങ്ങളുമായി ഈസ്റ്റ് ബംഗാളും കളം നിറഞ്ഞതോടെ കളിക്കു ചൂടുപിടിച്ചു.

ഡ്രിങ് ബ്രേക്കിനു ശേഷം ശക്തിയാ‍ര്‍ജിച്ചു മടങ്ങിയെത്തിയ ബ്ലാസ്റ്റേഴ്സ് ഏതാനും സെക്കൻഡുകൾക്കുള്ളിൽ ഗോളടിച്ചു. 32–ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിലെ ആദ്യ ഗോളടിച്ച് ജാപ്പനീസ് താരം ഡെയ്സുകെ സകായ് ഈസ്റ്റ് ബംഗാൾ ആരാധകരെ ഞെട്ടിച്ചു. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുവച്ച് പന്തിനായി ദിമിത്രിയോസ് ഡയമെന്റകോസ് നടത്തിയ പോരാട്ടത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണയ്ക്കു പാസ് നൽകി. ബോക്സിലേക്ക് ഓടിയ ഡെയ്സുകെയെ ലക്ഷ്യമാക്കി ലൂണയുടെ പാസ്. പന്തുമായി ഇരച്ചുകയറിയ ഡെയ്സുകെ സകായ് ഈസ്റ്റ് ബംഗാൾ പ്രതിരോധത്തെ വകഞ്ഞുമാറ്റി ഉന്നമിട്ടു. ഗോളി പ്രഭ്സുഖൻ സിങ്ങിന്റെ കയ്യിൽ ഉരസി പന്തു വലയിൽ. സ്കോർ 1–0.

ഗോൾ വഴങ്ങിയെങ്കിലും മത്സരത്തിന്റെ ആദ്യ പകുതിയിൽ കാര്യമായ ആക്രമണങ്ങൾ ഈസ്റ്റ് ബംഗാളിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഹർമൻജ്യോത് ഖാബ്രയുടെ ഒരു ഗോൾ ശ്രമം ബ്ലാസ്റ്റേഴ്സ് പോസ്റ്റിന് ഭീഷണിയാകാതെ പുറത്തേക്കാണു പോയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ പന്തു കൈവശംവച്ചു കളിക്കുകയാണ് ഈസ്റ്റ് ബംഗാൾ ചെയ്തത്.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് നിരന്തര ആക്രമണങ്ങളാണ് ഈസ്റ്റ് ബംഗാൾ അഴിച്ചുവിട്ടത്. 53–ാം  മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾ വലയ്ക്കു മുന്നിൽ ഈസ്റ്റ് ബംഗാൾ താരം നവോറം മഹേഷ് സിങ്ങിന്റെ ഗോൾ ശ്രമം പാഴായി. പ്രതിരോധ താരം സന്ദീപ് സിങ്ങാണ് മഹേഷ് സിങ്ങിനെ പ്രതിരോധിച്ചു നിർത്തിയത്. തുട‍ർന്നും ഈസ്റ്റ് ബംഗാൾ മുന്നേറ്റ താരങ്ങൾ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്തെ വിറപ്പിച്ചുകൊണ്ടിരുന്നു. 60–ാം മിനിറ്റിൽ മഹേഷ് സിങ്ങിന്റെ ക്രോസിൽ ഈസ്റ്റ് ബംഗാൾ താരം സിവേരിയോയുടെ ഹെഡർ ബ്ലാസ്റ്റേഴ്സ് പോസ്റ്റിനു തൊട്ടടുത്തുകൂടി പുറത്തേക്കുപോയി.

ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ലൂണയുടെ തകർപ്പനൊരു ക്രോസ്, കണക്ട് ചെയ്യുന്നതിൽ ദിമിത്രിയോസ് ഡയമെന്റകോസ് പരാജയപ്പെട്ടു. സമനില ഗോൾ നേടുക ലക്ഷ്യമിട്ട് 70–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ മലയാളി താരം വി.പി. സുഹൈറിനെ ഗ്രൗണ്ടിൽ ഇറക്കി. 82–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ ഗോൾ ശ്രമം തടയുന്നതിനിടെ, നവോറം മഹേഷ് സിങ്ങിനെ ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് ഫൗൾ ചെയ്തു വീഴ്ത്തി. റഫറി പെനൽറ്റി അനുവദിച്ചു.

ആദ്യ അവസരത്തിലും പിന്നീട് റീടേക്ക് അനുവദിച്ചപ്പോഴും പെനൽറ്റി കിക്കുകൾ തടുത്തിട്ട് സച്ചിൻ സുരേഷ് വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി. ഒഡിഷയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഡിയേഗോ മൗറീഷ്യോയുടെ പെനൽറ്റി കിക്കും സച്ചിന്‍ തടുത്തിട്ടിരുന്നു. 88–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ‍ താരങ്ങളുടെ വൻ പിഴവിലാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ പിറന്നത്. രണ്ട് ഈസ്റ്റ് ബംഗാൾ താരങ്ങൾ നോക്കിനിൽക്കെ പന്തു കാലിൽ ലഭിച്ച ദിമിത്രിയോസ് ഡയമെന്റകോസ്, ഉടനടി വലയിലേക്കു ലക്ഷ്യമിട്ടു. സ്കോർ 2–0. ഗോളാഘോഷത്തിൽ ജഴ്സി വലിച്ചൂരിയതിന് രണ്ടാം മഞ്ഞക്കാർഡും വാങ്ങിയ ഗ്രീക്ക് താരം മത്സരത്തിൽനിന്ന് പുറത്തുപോയി. മത്സരത്തിന്റെ അധിക സമയത്ത് ലഭിച്ച പെനൽറ്റി കിക്കിൽ ക്ലെയ്റ്റൻ സിൽവ ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.

English Summary:

Kerala Blasters vs East bengal in ISL Football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com