ADVERTISEMENT

റിയോ ഡി ജനീറോ∙  പ്രശസ്തമായ മാരക്കാന ഫുട്ബോൾ സ്റ്റേഡിയത്തിൽ അർജന്റീനയോടു തോറ്റ് ബ്രസീൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീനയുടെ വിജയം. 63–ാം മിനിറ്റിൽ നിക്കോളാസ് ഓട്ടമെൻഡിയാണ് അർജന്റീനയുടെ ഗോൾ സ്കോറർ. 81–ാം മിനിറ്റിൽ ബ്രസീലിന്റെ ജോലിന്‍ടന്‍ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ പത്തുപേരുമായാണ് ബ്രസീൽ മത്സരം പൂർത്തിയാക്കിയത്.

മത്സരത്തിൽ ബ്രസീൽ 26 ഫൗളുകളും അർജന്റീന 16 ഫൗളുകളുമാണു വഴങ്ങിയത്. കോർണറിൽനിന്നു ലഭിച്ച പന്ത് ഹെഡ് ചെയ്തു വലയിലേക്ക് ഇട്ടാണ് ഓട്ടമെൻഡി കളിയിലെ വിജയഗോള്‍ നേടിയത്. ഡിപോളിനെ ഫൗൾ ചെയ്തതിനായിരുന്നു ബ്രസീൽ താരത്തിനെതിരെ റഫറി ചുവപ്പു കാർഡ് ഉയർത്തിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. യുറഗ്വായ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കും കൊളംബിയ 2–1നും ബ്രസീലിനെ കീഴടക്കിയിരുന്നു.

ഗാലറിയിൽ ബ്രസീല്‍– അര്‍ജന്റീന ആരാധകർ ഏറ്റുമുട്ടിയതോടെ വൈകിയാണു മത്സരം തുടങ്ങിയത്. ഇന്ത്യൻ സമയം രാവിലെ ആറു മണിക്ക് തുടങ്ങേണ്ട കളി, ആരംഭിച്ചത് 6.30ന്. ഗാലറിയിൽ ആരാധകർ തമ്മിൽ തല്ലിയതോടെ കളി തുടങ്ങാൻ വൈകുകയായിരുന്നു. ഗാലറിയിൽ സംഘർഷമുണ്ടായതോടെ പൊലീസ് ഉദ്യോഗസ്ഥർ അർജന്റീന ആരാധകര്‍ക്കു നേരെ ലാത്തിചാർജ് നടത്തുന്ന വിഡിയോയും പുറത്തുവന്നു.

തുടർന്ന് അർജന്റീന ടീം ഗ്രൗണ്ട് വിട്ടു. പ്രശ്നം അവസാനിച്ചപ്പോഴാണ് അര്‍ജന്റീന താരങ്ങൾ ഗ്രൗണ്ടിൽ മടങ്ങിയെത്തിയത്. ലാത്തിചാർജിൽ നിരവധി അർജന്റീന ആരാധകർക്കു പരുക്കേറ്റു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്കു ചൂണ്ടി മെസ്സി അധികൃതരോടു സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആരാധകർക്കെതിരെ പൊലീസിന്റെ നടപടിയിൽ മെസ്സി അസ്വസ്ഥനാണെന്നാണു വിവരം.

English Summary:

Argentina beat Brazil in World Cup Qualifier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com