ഹൈടെൻഷൻ! : ഇന്നു രാത്രി 8 മുതൽ കലൂർ സ്റ്റേഡിയത്തിൽ: കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്സി
Mail This Article
കൊച്ചി ∙ ചില ഓർമകൾ വേദനിപ്പിച്ചു കൊണ്ടേയിരിക്കും; കാലമെത്ര കഴിഞ്ഞാലും. 2022 ലെ ഐഎസ്എൽ ഫൈനലിൽ ഹൈദരാബാദിനോടേറ്റ തോൽവി പോലെ! അതുകൊണ്ടാകണം ഹൈദരാബാദ് എഫ്സിയെ ഇന്നു നേരിടാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് ഇങ്ങനെ പറഞ്ഞത്: ‘‘ പോയിന്റ് പട്ടികയിൽ ഞങ്ങൾ എവിടെയാണ്, അവർ എവിടെയാണ് എന്നതിൽ ഒരു കാര്യവുമില്ല. അവർക്കെതിരായ മുൻ മത്സരങ്ങൾ കടുത്തതായിരുന്നു. 100% നന്നായി കളിച്ചേ മതിയാകൂ ’’
4 വിജയവും 13 പോയിന്റുമായി പട്ടികയിൽ രണ്ടാമതാണു ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദാകട്ടെ, 11 –ാം സ്ഥാനത്ത്. ഇന്നു ജയിച്ചാൽ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തേക്ക്, തിങ്കളാഴ്ച ഗോവ ജയിച്ചുകയറുന്നില്ലെങ്കിൽ ഒന്നാം സ്ഥാനത്തു കുറച്ചു ദിവസം കൂടി തുടരാനാകും.വിജയത്തുടർച്ച ലക്ഷ്യമിട്ടു ബ്ലാസ്റ്റേഴ്സ് ഇന്നു കളത്തിലിറങ്ങുമ്പോൾ സീസണിലെ ആദ്യ ജയം ലക്ഷ്യമിടുകയാണു നിസാമിന്റെ നാട്ടുകാർ. രാത്രി 8ന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പോരാട്ടം സ്പോർട്സ് 18 ചാനലിലും ജിയോ ആപ്പിലും ലൈവ്. ഇന്ന് ആദ്യ മത്സരത്തിൽ വൈകിട്ട് 5.30ന് ചെന്നൈയിൻ എഫ്സി കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ നേരിടും.
ഡിഫൻസിൽ ‘ലക്ഷ്വറി’
മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിൽ ചുവപ്പു കാർഡും 3 മത്സര വിലക്കും നേരിട്ട സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ചും റൈറ്റ് ബാക്ക് പ്രബീർ ദാസും ഇന്നു തിരിച്ചെത്തിയേക്കും. പരുക്കിൽ നിന്നു മുക്തനായ മാർക്കോ ലെസ്കോവിച്ചും റെഡി. പ്രതിരോധത്തിൽ കാര്യങ്ങൾ ലക്ഷ്വറിയാണെന്നു കോച്ച് പറയുന്നതു ചിരിയോടെ. ‘ഡ്രിൻസിച്ചും പ്രബീറും ലെസ്കോയും എത്തുന്നതോടെ ആദ്യ 11ൽ ആർക്കൊക്കെ ഇടം നൽകും? എല്ലാവർക്കും മതിയായ സമയം നൽകാനാണു ശ്രമം.’ മൂന്നാഴ്ച ഇടവേള ലഭിച്ചതു കളിക്കാർക്കു ‘റീചാർജ്’ ചെയ്യാൻ അവസരം നൽകിയെന്നും കോച്ച് കരുതുന്നു.
‘സ്റ്റുപ്പിഡ് യെലോ കാർഡ്സ്’
സൂപ്പർ താരം ദിമിത്രി ഡയമന്റകോസിന് ഇന്നു കളിക്കാനാകില്ല. ഈസ്റ്റ് ബംഗാളിനെതിരെ ഗോൾ ആഘോഷം അതിരുവിട്ടതിനു ലഭിച്ച ശിക്ഷ. ‘‘ദിമി ഹാഡ് 2 റിയലി സ്റ്റുപ്പിഡ് യെലോ കാർഡ്സ്! ടീമിലെ എല്ലാവർക്കും ദിമി ഗംഭീര അത്താഴം നൽകണം. അതാണു ശിക്ഷ’’ – തുറന്ന ചിരിയോടെ വുക്കോമനോവിച്ചിന്റെ തമാശ. സൂപ്പർ സബ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇഷാൻ പണ്ഡിത ആദ്യ 11 ൽ സ്ഥാനം പിടിക്കാനുള്ള സാധ്യത വുക്കോമനോവിച്ച് തള്ളുന്നില്ല. ‘‘ദേശീയ ക്യാംപിൽ നിന്നു കെ.പി.രാഹുലും ഇഷാനും മടങ്ങിയെത്തിയതിൽ സന്തോഷം. ഇഷാൻ ആദ്യ 11 ൽ കളിക്കാൻ കഴിവുള്ള താരമാണ്.’’