വീണ്ടും ജയം, പക്ഷേ നിരാശപ്പെടുത്തി പെപ്ര; ഗോൾ നേട്ടത്തിനായി കാത്തിരിപ്പു തുടരുന്നു
Mail This Article
വീണ്ടും ജയം, വീണ്ടും 3 പോയിന്റ്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനവും; പക്ഷേ ഒരു ഗോളിന്റെ അന്തരമേ ബ്ലാസ്റ്റേഴ്സും ഹൈദരാബാദും തമ്മിലുണ്ടായുള്ളൂ എന്നത് ഒരു കുറവായി തോന്നുന്നു. തുടർ ജയങ്ങളുമായി പോയിന്റ് പട്ടികയുടെ തലപ്പത്തിരിക്കുന്ന ഒരു ടീമിനു വേണ്ട തലയെടുപ്പ് ശനിയാഴ്ചത്തെ പ്രകടനത്തിൽ ബ്ലാസ്റ്റേഴ്സിൽ കണ്ടില്ല. സൂപ്പർ ലീഗിൽ മുടന്തി നീങ്ങുന്നൊരു ടീമാണു ഹൈദരാബാദ്. സ്വന്തം കോട്ടയിൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് അവരെ ഇങ്ങനെ ’കൈകാര്യം’ ചെയ്താൽ പോരായിരുന്നു!
ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിലെ ചില പോരായ്മകളിലാണു ഹൈദരാബാദിന്റെ രക്ഷപ്പെടൽ. ദിമിത്രിയോസ് ഡയമന്റകോസിന്റെ അഭാവമാണു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ തിളക്കം കുറച്ചത്. ഡയമന്റകോസിന്റെ അഭാവത്തിൽ ക്വാമി പെപ്ര ഏറ്റെടുക്കേണ്ട ഒന്നായിരുന്നു ആക്രമണത്തിന്റെ ചുക്കാൻ. പക്ഷേ, അതുണ്ടായില്ല. ഒരു വിദേശ സ്ട്രൈക്കർ എന്ന നിലയ്ക്കുള്ള സംഭാവന ഘാന താരത്തിൽ നിന്നുണ്ടാകാത്തതു നിരാശയുളവാക്കുന്നു.
ഗോൾ സ്കോറർ ആകുക എന്നതു ഭാഗ്യം കൂടിയാണ്. പക്ഷേ, എതിർ നിരയിൽ ഭീഷണി സൃഷ്ടിക്കുക എന്നത് ഏതൊരു ഫോർവേഡിന്റെയും പ്രാഥമിക ദൗത്യമാണ്. അക്കാര്യത്തിലും പെപ്ര അത്ര ശോഭിക്കുന്നില്ല എന്നതു വലിയ മത്സരങ്ങൾ മുന്നിലുള്ള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചു വെല്ലുവിളിയാണ്. പെപ്രയിൽ നിന്നൊരു ഗോളിനു കാത്തിരിക്കുകയാണ് ഞാൻ. ഫോം നഷ്ടപ്പെട്ടൊരു സ്ട്രൈക്കർക്ക് അതു വീണ്ടെടുക്കാൻ ഒരു ഗോൾ മതിയാകും. എത്രയും വേഗം അതുണ്ടാകട്ടെ. ഗോൾ കനം കുറഞ്ഞു എന്നതൊഴിച്ചാൽ ബ്ലാസ്റ്റേഴ്സിന് സന്തോഷിക്കാനേറെയുണ്ട് ഈ പ്രകടനത്തിൽ. മധ്യത്തിലും പ്രതിരോധത്തിലും ഗോളിനു കീഴിലുമെല്ലാം ഒരു കുറ്റവും വരുത്താതെയാണു ടീമിന്റെ പ്രയാണം.