തിരശീലയിൽ തിളങ്ങി അമ്മ എഫ്സി!
Mail This Article
ഇൗ ഫുട്ബോൾ കഥയിൽ മെസ്സിയും റൊണാൾഡോയുമില്ല. താരപ്പൊലിമ പോയിട്ട് നല്ലൊരു പന്ത്് പോലുമില്ല. എന്നിട്ടും ചെളിപുരണ്ട ആ പന്തിനു ചുറ്റും ചുറുചുറുക്കുള്ള പെൺകുട്ടികൾ പായുന്ന കഥ പറഞ്ഞ് 3 സ്ത്രീകൾ കൈകോർത്തപ്പോൾ രാജ്യാന്തര ചലച്ചിത്ര മേള ഗാലറിയിലിരുന്ന് കയ്യടിച്ചു. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ നോൺഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം ‘ആൻഡ്രോ ഡ്രീംസ്’ ഒരു സാധു സ്ത്രീയുടെ അസാധാരണമായ ഫുട്ബോൾ അഭിനിവേശത്തിന്റ കഥയാണ്. മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 60 കിലോമീറ്റർ അകലെ ആൻഡ്രോ ഗ്രാമത്തിലെ ‘അമ്മ എഫ്സി’ എന്ന വനിത ഫുട്ബോൾ ക്ലബ്ബിന്റെ സാരഥി ലൈബി ഫാൻജൗബം പെൺകുട്ടികൾക്കായി ഈ ക്ലബ് തുടങ്ങിയിട്ട് 23 വർഷമായി. ‘അമ്മ’ എന്നാൽ ആൻഡ്രോ മഹിള മണ്ഡൽ അസോസിയേഷൻ’ എന്നതിന്റെ ചുരുക്കരൂപം.
ഗ്രാമത്തിലെ ആദ്യ ബിരുദധാരിയായ ലൈബി ഒരു നെയ്ത്തുശാലയും ഹാൻഡിക്രാഫ്റ്റ് ഷോപ്പും നടത്തുന്നു. ഗ്രൗണ്ടിനു സമീപമുള്ള വീട്ടിൽ കളിക്കാർക്ക് ഭക്ഷണം വച്ചു വിളമ്പിയും ഓട്ടോറിക്ഷയിൽ അവരെ ടൂർണമെന്റുകൾക്ക് കൊണ്ടുപോയും ലൈബി നടത്തുന്ന യാത്രകളാണ് ഡോക്യുമെന്ററി പറയുന്നത്. ചില പെൺകുട്ടികൾ ഇടയ്ക്ക് കല്യാണം കഴിച്ച് ടീം വിട്ടുപോകുന്നു. ചിലർ ദാരിദ്ര്യം കൊണ്ട് കളിനിർത്തുന്നു. എന്നിട്ടും ക്ലബ് 23 വർഷമായി മുന്നോട്ടു തന്നെയാണ്.
അമ്മ എഫ്സിയുടെ കഥ പ്രാദേശിക പത്രത്തിൽ കണ്ടാണ് ഇംഫാൽ യൂണിവേഴ്സിറ്റി അധ്യാപിക മീന ലോങ്ജാം അവരെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യാൻ മുന്നോട്ടു വന്നത്. നിർമാതാവ് ദുബായ് ആസ്ഥാനമായുള്ള എൻജിഒയുടെ സാരഥി ജാനി വിശ്വനാഥ്. കൊച്ചിയിലെ ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന ജാനിയും കടുത്ത ഫുട്ബോൾ പ്രേമിയാണ്. 3 സിനിമകളും നിർമിച്ചിട്ടുണ്ട്.