ഡെംപോ എഫ്സി താരം ക്രിസ്റ്റ്യാനോ ഡി ലീമ മത്സരത്തിനിടെ ഗ്രൗണ്ടിൽ വീണു മരിച്ചിട്ട് ഇന്നു 19 വർഷം; ഡിസംബറിന്റെ നോവ്
Mail This Article
ഞാനായിരുന്നു അന്നു ക്രിസ്റ്റ്യാനോയ്ക്ക് കൃത്രിമശ്വാസം നൽകിയത്. വിറച്ചുവിറച്ചാണ് ശ്വാസം കൊടുത്തത്. അവന്റെ പല്ലുകൊണ്ട് എന്റെ ചുണ്ടുമുറിഞ്ഞു. അതൊന്നും കാര്യമാക്കാതെ ഞാൻ ശ്വാസം കൊടുത്തുകൊണ്ടിരുന്നു. പക്ഷേ, ഞങ്ങളുടെ എല്ലാ ശ്രമങ്ങളും വിഫലമായി’’– 2004 ഡിസംബർ 5. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയം. ഫെഡറേഷൻ കപ്പ് ഫുട്ബോൾ ഫൈനലിനിടെ ഡെംപോ എഫ്സിയുടെ ബ്രസീലിയൻ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ ഡി ലീമ ജൂനിയറും മോഹൻ ബഗാൻ ഗോൾകീപ്പർ സുബ്രതോ പോളും മത്സരത്തിനിടെ കൂട്ടിയിടിക്കുന്നു. കൂട്ടിയിടിക്കു പിന്നാലെ ഹൃദയാഘാതം അനുഭവപ്പെട്ട ക്രിസ്റ്റ്യാനോ ഈ ലോകത്തോടു വിടപറയുമ്പോൾ, ആ രംഗങ്ങൾക്കു നേർസാക്ഷിയായിരുന്നു ഡെംപോ എഫ്സിയിൽ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന സമീർ നായിക്. 19 വർഷത്തിനു ശേഷം ആ നിമിഷങ്ങൾ ഒരു വിറയലോടെയല്ലാതെ ഓർത്തെടുക്കാൻ സമീറിനു സാധിക്കില്ല. ക്രിസ്റ്റ്യോനോയുടെ 19–ാം ചരമവാർഷികമായ ഇന്ന്, അദ്ദേഹത്തിന്റെ ഓർമകളിലേക്ക് ഒരിക്കൽ കൂടി മടങ്ങുകയാണ് മുൻ ഇന്ത്യൻ താരവും നിലവിൽ ഡെംപോ എഫ്സി പരിശീലകനുമായ സമീർ നായിക്.
ക്രിസ്റ്റ്യാനോയുടെ വരവ്
കൊൽക്കത്ത ഈസ്റ്റ് ബംഗാളിനു കളിക്കാനായാണ് ക്രിസ്റ്റ്യാനോ ജൂനിയർ എന്ന ബ്രസീലുകാരൻ ഇന്ത്യയിലെത്തുന്നത്. അന്ന് ഡെംപോയുടെ പ്രതിരോധ താരമായിരുന്ന സമീറാണ് ക്ലബ്ബുമായി സംസാരിച്ച് പിന്നീടു ക്രിസ്റ്റ്യാനോയെ ഡെംപോയിൽ എത്തിക്കുന്നത്. ‘ദേശീയ ലീഗിൽ ഈസ്റ്റ് ബംഗാളിനായി ആ സീസണിൽ 15 ഗോളാണ് ക്രിസ്റ്റ്യാനോ നേടിയത്. രണ്ടു മാസമാണ് ഡെംപോയ്ക്കൊപ്പം അദ്ദേഹം ഉണ്ടായത്. ഡെംപോയ്ക്കു വേണ്ടി ഫെഡറേഷൻ കപ്പിൽ എല്ലാ മത്സരത്തിലും ഗോൾ നേടി. ക്രിസ്റ്റ്യാനോ ടീമിൽ ആരോടും അധികം സംസാരിച്ചിരുന്നില്ല. ഇംഗ്ലിഷ് വശമില്ലാത്തതായിരുന്നു കാരണം. കോച്ച് അർമാൻഡോയ്ക്കു പോർച്ചുഗീസ് അറിയാമായിരുന്നു. അദ്ദേഹവുമായി ക്രിസ്റ്റ്യാനോ നല്ല അടുപ്പത്തിലായിരുന്നു’– സമീർ ഓർമിക്കുന്നു
അന്നു നടന്നത്
ഫെഡറേഷൻ കപ്പ് ഫൈനലിൽ മോഹൻ ബഗാൻ – ഡെംപോ മത്സരം. ആദ്യ പകുതിയിൽ ഡെംപോ 1-0ന് മുന്നിൽ. 1996ലും 2001ലും ഫൈനലിൽ വീണുപോയ ഡെംപോയ്ക്കു കന്നിക്കിരീടം ഉയർത്താനുള്ള സുവർണാവസരം. 2–ാം പകുതിയിൽനിന്ന് ബഗാൻ പ്രതിരോധനിരയെ കബളിപ്പിച്ച് സെന്റർ ലൈനിൽനിന്നു പന്തുമായി ഓടിയെത്തിയ ഡെംപോയുടെ പത്താം നമ്പർ താരം ക്രിസ്റ്റ്യാനോ ജൂനിയർ ബോക്സിനു തൊട്ടുമുന്നിൽ നിന്ന് പോസ്റ്റിന്റെ ഇടതുമൂലയിലേക്കു പന്ത് തട്ടിവിട്ടു. ക്രിസ്റ്റ്യാനോയെ തടയാൻ പെനൽറ്റി ബോക്സിനു മുന്നിലേക്ക് ഓടിയെത്തിയ ബഗാൻ ഗോൾ കീപ്പർ സുബ്രതോ പോളിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലേക്ക്. ഡെംപോ 2, ബഗാൻ - 0. ഗാലറിയിൽ ഡെംപോ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു.
‘ ഗ്രൗണ്ടിൽ വീണുകിടക്കുന്ന ക്രിസ്റ്റ്യാനോയെ കണ്ടപ്പോൾ ഞങ്ങൾക്കു കാര്യം മനസ്സിലായില്ല. ഗോൾ ആഘോഷിക്കാൻ അടുത്തേക്ക് ഓടിയെത്തിയപ്പോഴാണ് ചലനമറ്റുകിടക്കുന്ന ക്രിസ്റ്റ്യോനോയെ ഞങ്ങൾ കണ്ടത്. പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സുബ്രതോ പോളിന്റെ കൈ ക്രിസ്റ്റ്യാനോയുടെ നെഞ്ചിൽ കൊണ്ടു. കൃത്രിമ ശ്വാസം നൽകിയും നെഞ്ച് തിരുമ്മിയുമെല്ലാം ഞങ്ങൾ ആവുന്നതു ശ്രമിച്ചു, പക്ഷേ...’– നിറഞ്ഞ കണ്ണുകളോടെ സമീർ പറഞ്ഞൊപ്പിച്ചു.
മത്സരത്തിന്റെ 78-ാം മിനിറ്റിൽ, തന്റെ രണ്ടാം ഗോളിലൂടെ ഡെംപോയ്ക്ക് കന്നി ഫെഡറേഷൻ കപ്പ് സമ്മാനിച്ച ക്രിസ്റ്റ്യാനോ, കിരീടം ഏറ്റുവാങ്ങാതെ എന്നെന്നേക്കുമായി മടങ്ങി. കപ്പ് ഏറ്റുവാങ്ങിയ ഡെംപോ താരങ്ങൾക്ക് എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. മരവിപ്പോടെയാണ് അന്ന് കപ്പുമായി ഗ്രൗണ്ട് വിട്ടതെന്ന് സമീർ ഓർമിക്കുന്നു. ക്രിസ്റ്റ്യാനോയുടെ മരണശേഷം അദ്ദേഹത്തോടുള്ള ആദര സൂചകമായി പത്താം നമ്പർ ജഴ്സി ഡെംപോ പിൻവലിച്ചു.
അപകടത്തിന്റെ ബാക്കി
ഹൃദയസ്തംഭനമാണ് ക്രിസ്റ്റ്യാനോയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടെത്തി. അപകടകരമായ ഫൗളിന്റെ പേരിൽ സുബ്രതോ പോളിനെ രണ്ടു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്ത്യൻ ആഭ്യന്തര ഫുട്ബോളിൽ മൊബൈൽ ഐസിയു ഉൾപ്പെടെയുള്ള മെഡിക്കൽ സംവിധാനങ്ങൾ നിർബന്ധമാക്കിയത് ഈ അപകടത്തിനു ശേഷമാണ്. ടീമുകൾക്കൊപ്പം ഫിസിയോയെയും മെഡിക്കൽ സംഘത്തെയും നിർബന്ധമാക്കിയതും ഇതോടെയാണ്.