ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ വിസിൽ വിവാദം; റഫറിയെ വിമർശിച്ച് സിറ്റി താരം എർലിങ് ഹാളണ്ട്
Mail This Article
മാഞ്ചസ്റ്റർ ∙ 5 ഗോൾ, ഒരു സെൽഫ് ഗോൾ; ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിയെയും ടോട്ടനം ഹോട്സ്പറിനെയും പിരിച്ചു വിടാൻ ഒരു ‘വിവാദ വിസിൽ’ വേണ്ടി വന്നു! റഫറിയുടെ ഫൗൾ വിളി വിവാദമായ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ സൂപ്പർ പോരാട്ടത്തിൽ സിറ്റിയും ടോട്ടനവും 3–3 സമനിലയിൽ പിരിഞ്ഞു.
സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ജയമുറപ്പിച്ചു നിന്ന സിറ്റിയെ 90–ാം മിനിറ്റിൽ ദെജാൻ കുലുസെവ്സ്കിയുടെ ഗോളിലാണ് ടോട്ടനം പിടിച്ചുകെട്ടിയത്. പിന്നാലെ വിജയഗോൾ നേടാൻ സിറ്റിക്ക് അവസരമൊരുങ്ങിയതാണ്. കളി തീരാൻ മിനിറ്റുകൾ ശേഷിക്കെ സ്വന്തം പകുതിയിൽ നിന്ന് പന്തുമായി സിറ്റി താരം എർലിങ് ഹാളണ്ട് മുന്നേറ്റം തുടങ്ങി. ടോട്ടനം ഡിഫൻഡർ എമേഴ്സൻ റോയലിന്റെ ഫൗളിൽ ഹാളണ്ട് നിലത്തു വീണെങ്കിലും റഫറി സൈമൺ ഹൂപ്പർ വിസിലൂതിയില്ല. നൊടിയിടയിൽ നിലത്തു നിന്നെഴുന്നേറ്റ ഹാളണ്ടിന്റെ പാസ് സഹതാരം ജാക് ഗ്രീലിഷിന്. ടോട്ടനം താരം ഗൂഗ്ലിയെൽമോ വികാരിയോ മാത്രം മുന്നിൽ നിൽക്കെ ഗ്രീലിഷിന് സുവർണാവസരം. അപ്പോൾ ‘ബോധോദയം’ വന്ന പോലെ നേരത്തേയുള്ള ഫൗളിന് ഹൂപ്പർ വിസിലൂതി. സിറ്റി കളിക്കാർ രോഷാകുലരായി റഫറിയെ വളഞ്ഞു. എന്നാൽ നിയന്ത്രണം വിട്ടു പ്രതിഷേധിച്ച ഹാളണ്ടിന് മഞ്ഞക്കാർഡ് നൽകുകയാണ് റഫറി ചെയ്തത്. മത്സരശേഷം സമൂഹമാധ്യമമായ എക്സിലൂടെയും ഹാളണ്ട് റഫറിയെ വിമർശിച്ചു.
കളിയുടെ 6–ാം മിനിറ്റിൽ സൺ ഹ്യൂങ് മിനിന്റെ ഗോളിൽ ടോട്ടനം ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 9–ാം മിനിറ്റിൽ സെൽഫ് ഗോളും നേടി സൺ തന്നെ ആ മുൻതൂക്കം കളഞ്ഞു. 31–ാം മിനിറ്റിൽ ഫിൽ ഫോഡന്റെ ഗോളിൽ സിറ്റി മുന്നിലെത്തുകയും ചെയ്തു. 69–ാം മിനിറ്റിൽ ജിയോവാനി ലോ സെൽസോയുടെ ഗോളിൽ ടോട്ടനം ഒപ്പമെത്തി. എന്നാൽ 81–ാം മിനിറ്റിൽ ഗ്രീലിഷിന്റെ ഗോളിൽ സിറ്റി വീണ്ടും മുന്നിൽ. ജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം സിറ്റി താരങ്ങൾ സ്വപ്നം കണ്ടു നിൽക്കെ കുലുസെവ്സ്കിയുടെ ഗോൾ. തുടർച്ചയായ മൂന്നാം സമനിലയോടെ സിറ്റി (30 പോയിന്റ്) മൂന്നാമതാണ്. 33 പോയിന്റുമായി ആർസനൽ മുന്നിലോടുമ്പോൾ ലിവർപൂൾ (31) പിന്നിലുണ്ട്.
ഹാളണ്ടിന്റെ നിരാശ സ്വാഭാവികം. റഫറി സൈമൺ ഹൂപ്പർ ഒരു സിറ്റി താരമായിരുന്നെങ്കിൽ അദ്ദേഹവും ആ സമയത്ത് അങ്ങനെ തന്നെ പ്രതികരിച്ചേനെ..’’
∙ പെപ് ഗ്വാർഡിയോള (മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ)