ബൈ ബൈ ക്രിസ്റ്റി: 330 മത്സരങ്ങൾ, 190 ഗോളുകൾ; ലോക ഫുട്ബോളിലെ ടോപ് സ്കോറർ ഇന്നു വിരമിക്കുന്നു
Mail This Article
ആളും ആരവവുമില്ലാതെ കളി നിർത്തിപ്പോകണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, എന്റെ സഹതാരങ്ങൾ സമ്മതിച്ചില്ല!’– തന്റെ വിരമിക്കൽ മത്സരത്തെക്കുറിച്ച് ക്രിസ്റ്റീൻ സിൻക്ലയർ ഈയിടെ മനസ്സു തുറന്നത് ഇങ്ങനെയാണ്. കാനഡ ദേശീയ വനിതാ ഫുട്ബോൾ ടീമിലെ സിംക്ലയറുടെ സഹതാരങ്ങളെ കുറ്റം പറയാനാവില്ല. ലോക ഫുട്ബോളിലെ എക്കാലത്തെയും ടോപ് സ്കോററായ തങ്ങളുടെ ഇതിഹാസം ബൂട്ടഴിക്കുമ്പോൾ അതൊരു മഹാസംഭവം ആക്കാതിരിക്കുന്നതെങ്ങനെ! ഇന്ന് കാനഡയിലെ വാൻകൂവറിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള സൗഹൃദ മത്സരത്തോടെ നാൽപതുകാരി സിൻക്ലയർ രാജ്യാന്തര ഫുട്ബോളിനോടു വിടപറയും, പിന്നാലെ വരുന്നവർക്കു മുന്നിൽ മഹാമേരുക്കൾ പോലെ നിലകൊള്ളുന്ന ഒട്ടേറെ റെക്കോർഡുകൾ ബാക്കിവച്ച്.
പുരുഷ ഫുട്ബോളിലെ ടോപ് സ്കോറർ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (128 ഗോളുകൾ) ആണെങ്കിൽ അതിനും എത്രയോ ഉയരത്തിലാണ് സിൻക്ലയറുടെ നേട്ടം– 190 ഗോളുകൾ! രാജ്യാന്തര മത്സരങ്ങളുടെ എണ്ണത്തിൽ (330) വനിതകളിലും പുരുഷൻമാരിലുമായി രണ്ടാം സ്ഥാനത്തുമുണ്ട് സിൻക്ലയർ.
കാനഡ ദേശീയ ടീമിനൊപ്പം ഒരു ഒളിംപിക് സ്വർണവും 2 വെങ്കലവും നേടിയ സിൻക്ലയർ 14 തവണ കാനഡ സോക്കർ പ്ലെയർ ഓഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടു. 5 ഫിഫ ലോകകപ്പുകളിൽ ഗോൾ നേടിയ താരം എന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീലിയൻ വനിതാ താരം മാർത്ത എന്നിവർക്കൊപ്പം സിൻക്ലയർ പങ്കിടുന്നു.
ബ്രിട്ടിഷ് കൊളംബിയയിലെ ബർണബിയിൽ ജനിച്ച സിൻക്ലയർ ചെറുപ്പകാലത്ത് ബാസ്കറ്റ്ബോൾ, ബേസ് ബോൾ എന്നിവയും കളിച്ചിരുന്നു.
സൂപ്പർ താരങ്ങൾ നിറഞ്ഞ വനിതാ ഫുട്ബോളിൽ ‘ക്യാമറകൾക്കു മുന്നിൽ നിന്ന് ഓടി രക്ഷപ്പെടുന്ന താരം’ എന്നാണ് സിൻക്ലയർ അറിയപ്പെട്ടത്. അന്തർമുഖത്വമായിരുന്നു കാരണം.
എന്നാൽ കനേഡിയൻ വനിതാ ഫുട്ബോൾ ടീം മൈതാനത്തിറങ്ങിയപ്പോഴെല്ലാം ക്യാമറ സിൻക്ലയറിൽ ഫോക്കസ് ചെയ്തു നിന്നു. അവയ്ക്കു മുന്നിൽ അന്തർമുഖത്വമില്ലാതെ സിൻക്ലയർ ഗോളുകൾ അടിച്ചു കൂട്ടി. സിൻക്ലയർ വിടപറയുമ്പോൾ ആരാധകർക്കു നഷ്ടമാകുന്നത് ‘ഗോൾ വലകളുമായുള്ള ഈ അഭിമുഖങ്ങൾ’ തന്നെ!