എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനെ നീക്കിയ നടപടിക്ക് സ്റ്റേ
Mail This Article
ന്യൂഡൽഹി∙ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്നു മലയാളി ഷാജി പ്രഭാകരനെ നീക്കിയ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. താത്കാലികമായാണു സ്റ്റേ ചെയ്തിരിക്കുന്നത്. ഫെഡറേഷൻ പുറത്താക്കിയതിനെതിരെ ഷാജി പ്രഭാകരൻ നൽകിയ ഹർജി പരിഗണിച്ചാണു നടപടി.
വിശ്വാസ്യത നഷ്ടപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ നവംബർ 7ന് ഷാജി പ്രഭാകരനെ ഫെഡറേഷൻ സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്നു നീക്കിയത്. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് ഷാജി പ്രഭാകരനെ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ നീക്കം ചെയ്തതെന്നായിരുന്നു വിശദീകരണം. പുതിയൊരാളെ നിയമിക്കുന്നതു വരെ ഫെഡറേഷൻ ഡപ്യൂട്ടി സെക്രട്ടറി എം. സത്യനാരായണനു ചുമതല നൽകുകയും ചെയ്തിരുന്നു.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 13 വർഷം തുടർച്ചയായി ഭരിച്ച എൻസിപി നേതാവ് പ്രഫുൽ പട്ടേലിന് പിന്നാലെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയ കല്യാൺ ചൗബേയുടെ വിശ്വസ്തനായിരുന്നു ഷാജി പ്രഭാകരൻ. ചില നിർണായക തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടതോടെ ഇവരുടെ ബന്ധത്തിൽ ഉലച്ചിൽ വന്നു. ഷാജി പ്രഭാകരന്റെ അധികാരത്തിന് മീതെ കല്യാൺ ചൗബേ ഒരു കോർ കമ്മിറ്റിയെക്കൂടി നിയമിച്ചതോടെ അസ്വാരസ്യം ഇരട്ടിക്കുകയും ചെയ്തു.
തന്നെ നീക്കം ചെയ്യാനുള്ള എഐഎഫ്എഫിന്റെ തീരുമാനം ഞെട്ടിച്ചുവെന്നായിരുന്ന ഷാജി പ്രഭാകരന്റെ പ്രതികരണം. തങ്ങൾ ഒരു ടീമായി പ്രവർത്തിച്ചു വരികയായിരുന്നു. വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന തനിക്കെതിരായ ആരോപണം വളരെ ഗുരുതരമാണ്. എന്നിരിക്കിലും ഫുട്ബോൾ എന്ന സുന്ദര കായിക വിനോദത്തിന്റെ എക്കാലത്തെയും സേവകനായിരിക്കും താനെന്നുമാണ് നീക്കം ചെയ്തതിനു പിന്നാലെ ഷാജി പ്രഭാകരൻ എക്സിൽ പോസ്റ്റ് ചെയ്തത്.