ഓസ്ട്രേലിയയോടു പൊരുതിത്തോറ്റ ഇന്ത്യ അടുത്ത അങ്കത്തിന്, എതിരാളികൾ ഉസ്ബക്കിസ്ഥാൻ
Mail This Article
ദോഹ ∙ സുനിൽ ഛേത്രിയുടെ മുഖത്തു ചെറിയ നിരാശയുണ്ട്; പക്ഷേ വാക്കുകളിൽ വലിയ ആത്മവിശ്വാസവും! ഏഷ്യൻകപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ പൊരുതിത്തോറ്റതിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റന്റെ വാക്കുകൾ: ‘ഉസ്ബെക്കിസ്ഥാനും മികച്ച ടീമാണ്. പക്ഷേ ഇതേ പോരാട്ടവീര്യം ഞങ്ങൾ തുടരും..’’. 18നാണ് ബി ഗ്രൂപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഉസ്ബെക്കിസ്ഥാനെ നേരിടുന്നത്.
ഫിഫ റാങ്കിങ്ങിൽ 25–ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്കെതിരെ ശനിയാഴ്ച 2–0നായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ പകുതിയിൽ ചെറുത്തുനിന്ന ഇന്ത്യ രണ്ടാം പകുതിയിലാണ് 2 ഗോളും വഴങ്ങിയത്. ‘‘തോൽവിയുടെ നിരാശയുണ്ട്. പക്ഷേ മത്സരത്തിന്റെ വിഡിയോ ഒന്നു കൂടി കാണുമ്പോൾ ആത്മവിശ്വാസം കൂടിയേക്കും..’’– മുപ്പത്തൊൻപതുകാരൻ ഛേത്രിയുടെ വാക്കുകൾ. ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചും കളിക്കാരുടെ പോരാട്ടവീര്യത്തെ പ്രശംസിച്ചു. ‘‘ടീം അധ്വാനിച്ച് കളിച്ചു. രണ്ടാം പകുതിയിൽ ഓസ്ട്രേലിയയുടെ ഫിറ്റ്നസിനൊപ്പം നിൽക്കാൻ നമുക്കായില്ല..’’– സ്റ്റിമാച് പറഞ്ഞു.
നിലവിൽ ബി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണെങ്കിലും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടാൻ ഇന്ത്യയ്ക്ക് സാധ്യതശേഷിക്കുന്നുണ്ട്. 6 ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിലെയും മികച്ച 4 മൂന്നാം സ്ഥാനക്കാരുമാണ് നോക്കൗട്ടിലെത്തുക. 3 പോയിന്റോടെ ഓസ്ട്രേലിയയാണ് ബി ഗ്രൂപ്പിൽ മുന്നിൽ. ഗോൾരഹിത സമനിലയിൽ പിരിഞ്ഞ സിറിയയും ഉസ്ബെക്കിസ്ഥാനും ഒരു പോയിന്റോടെ പിന്നിൽ.