വംശീയ അധിക്ഷേപം; മൈതാനം വിട്ട് മിലാൻ ഗോൾകീപ്പർ
Mail This Article
ഉഡിനെ (ഇറ്റലി) ∙ വംശീയ അധിക്ഷേപത്തെത്തുടർന്ന് ഇറ്റാലിയൻ സീരി എ ഫുട്ബോൾ മത്സരത്തിനിടെ എസി മിലാൻ ഗോൾകീപ്പർ മൈക്ക് മെന്യാൻ മൈതാനം വിട്ടു. എതിർ ടീമായ ഉഡിനെസെ ആരാധകരുടെ അധിക്ഷേപത്തെത്തുടർന്നാണ് മെന്യാൻ മത്സരത്തിനിടെ മടങ്ങിയത്. 31–ാം മിനിറ്റിൽ മിലാൻ ആദ്യ ഗോൾ നേടിയതിനു പിന്നാലെയായിരുന്നു സംഭവം.
റഫറിയും കളിക്കാരും ഫ്രഞ്ച് താരത്തെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. മെന്യാൻ ടണലിലേക്കു മടങ്ങിയതോടെ മിലാൻ താരങ്ങളും അദ്ദേഹത്തെ പിന്തുടർന്നു. അഞ്ചു മിനിറ്റിനു ശേഷം മെന്യാനും സഹതാരങ്ങളും തിരിച്ചെത്തിയതിനു ശേഷമാണ് മത്സരം തുടർന്നത്. തനിക്കു നേരെ അധിക്ഷേപമുണ്ടായതായി നേരത്തേ ഒരു വട്ടം റഫറിയോടു പരാതിപ്പെട്ടിരുന്നു.
ഇതെത്തുടർന്ന് ആരാധകരോടു അച്ചടക്കം പാലിക്കാൻ സ്റ്റേഡിയത്തിൽ അനൗൺസ്മെന്റ് വന്നു. എന്നാൽ പിന്നീടും അധിക്ഷേപം തുടർന്നതോടെയാണ്, ഫ്രാൻസിന്റെ അധീനതയിലുള്ള തെക്കേ അമേരിക്കൻ പ്രവിശ്യയായ ഫ്രഞ്ച് ഗയാനയിൽ ജനിച്ച മെന്യാൻ മൈതാനം വിട്ടത്.