ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ജിപിഎസ് വസ്ത്രങ്ങൾ കാണാനില്ല, അന്വേഷിച്ചിട്ടും കിട്ടിയില്ല
Mail This Article
ന്യൂഡൽഹി ∙ സെപ്റ്റംബറിൽ ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസ് കഴിഞ്ഞുള്ള വിമാനയാത്രയ്ക്കിടെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ജിപിഎസ് വസ്ത്രങ്ങൾ (ജിപിഎസ് വെസ്റ്റ്) നഷ്ടപ്പെട്ടു. ഇതോടെ ഖത്തറിൽ നടന്ന എഎഫ്സി ഏഷ്യൻ കപ്പ് മത്സരങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാതെയാണു ടീം കളത്തിലിറങ്ങിയത്.
ഏഷ്യൻ കപ്പിലെ 3 മത്സരങ്ങളും തോറ്റതിനു പിന്നാലെ കോച്ച് ഇഗോർ സ്റ്റിമാച്ച് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ജിപിഎസ് ഇല്ലാത്തതു ടീമിന്റെ ആത്മവിശ്വാസത്തെയും പ്രകടനത്തെയും ബാധിച്ചുവെന്നും കോച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഏഷ്യൻ ഗെയിംസിനു ശേഷമുള്ള വിമാനയാത്രയിലാണ് ജിപിഎസ് മേൽവസ്ത്രങ്ങളും അനുബന്ധ സാങ്കേതിക ഉപകരണങ്ങളും നഷ്ടമായത്. 4 എയർലൈൻ കമ്പനികളുടെ വിമാനങ്ങളിലായാണ് ടീം സഞ്ചരിച്ചത്. ഇവരെയെല്ലാം ബന്ധപ്പെട്ടുവെങ്കിലും ഇവ കണ്ടെത്താനായില്ല.
പുതിയവയ്ക്ക് ഓർഡർ നൽകിയിട്ടുണ്ടെങ്കിലും ഇവ ഇതുവരെ ലഭിച്ചിട്ടില്ല. താരങ്ങളുടെ ശരീരക്ഷമത വിലയിരുത്താൻ ജിപിഎസ് മേൽവസ്ത്രം 2015 മുതലാണ് ഇന്ത്യൻ ടീം ഉപയോഗിച്ചു തുടങ്ങിയത്. ലോകമെങ്ങും ഫുട്ബോൾ താരങ്ങൾ ഇത് ഉപയോഗിക്കുന്നുണ്ട്.