ആളില്ല, ഗോളില്ല; എന്താണ് ഇന്ത്യൻ ഫുട്ബോള് ടീമിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
Mail This Article
3 മത്സരങ്ങൾ, മൂന്നിലും തോൽവി, വഴങ്ങിയത് 6 ഗോളുകൾ, അടിച്ചത് 0! ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെയുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മടക്കം ആരാധകരിലുളവാക്കിയത് വലിയൊരു ഞെട്ടലാണ്. എന്താണ് ഇന്ത്യൻ ഫുട്ബോൾ ടീമിനു സംഭവിച്ചു കൊണ്ടിരിക്കുന്നത്? കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരു വിശകലനം.
കടലാസിൽ അല്ല കാര്യം
കഴിഞ്ഞ 10 വർഷമായി ഫിഫ റാങ്കിങ്ങിൽ ഇന്ത്യ നല്ല മുന്നേറ്റം നടത്തിയെന്നതു കണക്കുകളിൽ തെളിയുന്ന കാര്യം. ഏഷ്യയിലെ രണ്ടാം നിര ടീമുകളിൽ ഏറ്റവും മികച്ച പുരോഗതി ഉണ്ടാക്കിയ ടീമുകളിലൊന്നാണ് ഇന്ത്യ. 2013 ഡിസംബറിൽ 154–ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിലവിൽ 102–ാം സ്ഥാനത്ത്. ഇടക്കാലത്ത് 2018 ഡിസംബറിൽ 97–ാം സ്ഥാനം വരെയെത്താനും ഇന്ത്യയ്ക്കായി.
നിലവിലെ റാങ്കിങ്ങിൽ ഏഷ്യൻ രാജ്യങ്ങളിൽ ഏറക്കുറെ ഇന്ത്യയുടെ അപ്പുറവും ഇപ്പുറവും നിൽക്കുന്ന തജിക്കിസ്ഥാൻ (106), തായ്‌ലൻഡ് (113), സിറിയ (91), ജോർദാൻ (87) എന്നിവയുടെ പുരോഗതിയും ഗ്രാഫിൽ കാണാം. പക്ഷേ ഇന്ത്യയെപ്പോലെയായിരുന്നില്ല ഏഷ്യൻ കപ്പിൽ ഈ ടീമുകളുടെ പ്രകടനങ്ങൾ. തായ്‌ലൻഡും സിറിയയും പ്രീക്വാർട്ടറിലെത്തി. തജിക്കിസ്ഥാൻ ക്വാർട്ടർ കളിച്ചു. ജോർദാൻ ഇതാ ഫൈനലിലെത്തി നിൽക്കുന്നു!
ഫിഫ റാങ്കിങ് മാനദണ്ഡങ്ങളിൽ ഇക്കാലയളവിൽ ഇന്ത്യ മുന്നേറിയെങ്കിലും കളിക്കളത്തിൽ ആ മെച്ചപ്പെടൽ ഉണ്ടായില്ല. പോയിന്റ് അടിസ്ഥാനത്തിലാണ് ഫിഫ റാങ്കിങ് നിർണയിക്കുന്നത്.
മൽസരഫലം, എതിരാളികളുടെ മികവ്, റാങ്കിങ്, കോൺഫെഡറേഷൻ എന്നിവയാണ് ഇതിനായി പരിഗണിക്കുക. 2006നു ശേഷം റാങ്കിങ് സംവിധാനം പുതുക്കിയതോടെ ഹോം–എവേ ആനുകൂല്യം, നേടിയ ഗോളുകളുടെ എണ്ണം എന്നിവ പരിഗണിക്കാറില്ല.
കൂടുതൽ ഹോം മത്സരങ്ങൾ കളിച്ചും നേരിയ വിജയങ്ങൾ നേടിയും ഒരു ടീമിനു റാങ്കിങ്ങിൽ മുന്നേറാൻ അവസരമുണ്ട്. എന്നാൽ ഏഷ്യൻ കപ്പ് പോലെ കടുത്ത മത്സരമുള്ള ചാംപ്യൻഷിപ്പുകളിൽ കടലാസിലെ ഈ പോയിന്റുകളിലൊന്നുമല്ല, കളിക്കളത്തിലെ മികവിൽ തന്നെയാണ് കാര്യം. ഇന്ത്യ മറന്നു പോയതും ഇതു തന്നെ!
സിറിയയുടെ മുന്നേറ്റം
2007, 2009 നെഹ്റു കപ്പ് ഫൈനലുകളിൽ ഇന്ത്യ തോൽപിച്ച ടീമാണ് സിറിയ. 2012 നെഹ്റു കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും സിറിയയ്ക്കെതിരെ ഇന്ത്യ ജയം നേടി. നേർക്കുനേർ മത്സരങ്ങളിലെ ഈ മികവായിരുന്നു ഏഷ്യൻ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ സിറിയയെ നേരിട്ടപ്പോൾ ഇന്ത്യയ്ക്കുണ്ടായിരുന്ന ആത്മവിശ്വാസം. എന്നാൽ ആ പഴയ ടീമല്ല തങ്ങളെന്നു സിറിയ ഇന്ത്യയെ പഠിപ്പിച്ചു. 1–0നായിരുന്നു ജയമെങ്കിലും കളിയിലുടനീളം അവർ ആധിപത്യം പുലർത്തി. ഉസ്ബെക്കിസ്ഥാനെതിരായ സമനിലയും കൂടിയായതോടെ സിറിയ പ്രീക്വാർട്ടറിലെത്തി. കരുത്തരായ ഇറാനെതിരെ അധികസമയം വരെ സമനില പിടിച്ചു നിന്ന സിറിയ പെനൽറ്റി ഷൂട്ടൗട്ടിലാണ് കീഴടങ്ങിയത്.
സിറിയയുടെ ഫുട്ബോൾ മുന്നേറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവരുടെ കളിക്കാരുടെ ‘ആഗോള പരിചയമാണ്’. ഏഷ്യൻ കപ്പിനുള്ള സിറിയയുടെ 26 അംഗ ടീമിനെ നോക്കുക. 17 രാജ്യങ്ങളിൽ നിന്നുള്ള ക്ലബ്ബുകളിലെ കളിക്കാരാണ് അതിലുള്ളത്. അർജന്റീന, സ്പെയിൻ, സ്വീഡൻ എന്നിവിടങ്ങളിലെ ക്ലബ്ബുകളിൽ വരെ സിറിയൻ താരങ്ങൾ കളിക്കുന്നുണ്ട്. ഇവരിൽ പലരും ആ രാജ്യങ്ങളിൽ ജനിച്ചു വളർന്ന സിറിയൻ വംശജരാണ്. ഇന്ത്യയുടെ കാര്യം നേർവിപരീതം. ടീമിലെ ഒരാൾ പോലും ഇന്ത്യയ്ക്കു പുറത്തുള്ള ക്ലബ്ബുകളിൽ കളിക്കുന്നില്ല!
ഫോർവേഡ്, ബാക്ക്‌വേഡ്
ഏഷ്യൻ ഫുട്ബോളിൽ ഇന്ത്യയ്ക്ക് അഭിമാനമായി ഉയർത്തിക്കാണിക്കാനുള്ള ഒരേയൊരു പേരേയുള്ളൂ– സുനിൽ ഛേത്രി. സജീവ ഫുട്ബോളർമാരിൽ രാജ്യാന്തര ഗോൾനേട്ടത്തിൽ ലോകത്ത് മൂന്നാമനും ഏഷ്യയിൽ ഒന്നാമനുമാണ് ഛേത്രി. എന്നാൽ ഗോൾ എണ്ണത്തിലോ (93) മത്സരപരിചയത്തിലോ (146) മുപ്പത്തൊൻപതുകാരൻ ഛേത്രിക്ക് അടുത്തെങ്ങുമില്ല ഇന്ത്യൻ ടീമിലെ മറ്റു ഫോർവേഡുകൾ (ചിത്രം–3). 7 ഗോൾ വീതം മാത്രം പേരിലുള്ള മൻവീർ സിങ്ങും ലാലിയൻസുവാല ഛാങ്തെയുമാണ് ഗോൾനേട്ടത്തിൽ ഇന്ത്യൻ ടീമിലെ രണ്ടാമൻമാർ. ഡിഫൻഡർ സന്ദേശ് ജിങ്കാനാണ് ഇക്കാര്യത്തിൽ മൂന്നാമൻ (5 ഗോൾ). ഇന്ത്യൻ ഫുട്ബോളിലെ ‘ഗോൾ സ്കോറർ ക്ഷാമം’ ഇതോടെ വ്യക്തമാകും. പല ഐഎസ്എൽ ക്ലബ്ബുകളിലും ഇന്ത്യൻ ഫോർവേഡുകൾക്ക് പ്ലേയിങ് ഇലവനിൽ പോലും അവസരം കിട്ടുന്നില്ല. മിക്ക ക്ലബ്ബുകളും വിദേശ സ്ട്രൈക്കർമാരെയാണ് നിയോഗിക്കുന്നത്.
ക്ലബ്ബുകളും പോര
ഏഷ്യൻ കപ്പിനു പിന്നാലെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനു മുന്നിൽ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് സമർപ്പിച്ച റിപ്പോർട്ടിൽ വിശദീകരണമായി പറഞ്ഞ ഒരു കാര്യം ഏഷ്യൻ മത്സരങ്ങളിൽ ഇന്ത്യൻ ക്ലബ്ബുകളുടെ പ്രകടനവും മോശമാണ് എന്നതാണ്. ഏഷ്യയിലെ രണ്ടാം നിര ക്ലബ് ചാംപ്യൻഷിപ്പായ എഎഫ്സി കപ്പിൽ ഒരു ഇന്ത്യൻ ക്ലബ് മാത്രമാണ് ഇന്നേവരെ ഫൈനൽ കളിച്ചിട്ടുള്ളത്. 2016ൽ ബെംഗളൂരു എഫ്സി. ഫൈനലിൽ ഇറാഖിൽ നിന്നുള്ള എയർഫോഴ്സ് സ്പോർട്സ് ക്ലബ്ബിനോടു തോറ്റു. സിറിയ, ലബനൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകൾ ഒരു തവണയെങ്കിലും എഎഫ്സി കപ്പിൽ ജേതാക്കളായിട്ടുണ്ട്. പക്ഷേ ഏറ്റവും പഴക്കമുള്ള ക്ലബ്ബുകളായ മോഹൻ ബഗാനോ ഈസ്റ്റ് ബംഗാളിനോ ഇതുവരെ ഏഷ്യയിൽ ചലനം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല.