ഹോങ്കോങ്ങിൽ മെസ്സി കളിച്ചില്ല, മാപ്പു ചോദിച്ച് ഇന്റർ മയാമി; ടിക്കറ്റു തുകയുടെ പകുതി തിരിച്ചുനൽകും
Mail This Article
ഹോങ്കോങ് ∙ പ്രദർശന മത്സരത്തിൽ ലയണൽ മെസ്സി കളിക്കാതിരുന്നതിൽ വിവാദം ചൂടുപിടിക്കുന്നു. സംഭവം ചൈനയിലും വൻ പ്രതിഷേധത്തിനു തിരികൊളുത്തിയതോടെ മത്സരത്തിന്റെ സംഘാടകർ ടിക്കറ്റ് വിലയുടെ പകുതി തിരിച്ചു നൽകുമെന്നു പ്രഖ്യാപിച്ചു.
സംഘാടകരായ ടാറ്റ്ലർ ഏഷ്യയ്ക്കു പുറമേ എംഎൽഎസ് ക്ലബ് ഇന്റർ മയാമിയും സംഭവത്തിൽ മാപ്പു ചോദിച്ച് രംഗത്തെത്തി. ഇന്റർ മയാമിയുടെ പ്രീ സീസൺ പര്യടനത്തിന്റെ ഭാഗമായാണ് മെസ്സിയും സംഘവും ഹോങ്കോങ്ങിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ, പരുക്കുണ്ടെന്ന കാരണം പറഞ്ഞ് മെസ്സി കളിക്കാനിറങ്ങിയില്ല.
സംഭവത്തിൽ ഹോങ്കോങ് സർക്കാരും അതൃപ്തി അറിയിച്ചതോടെ സംഘാടകർ മാപ്പു പറയാനും ടിക്കറ്റ് വിലയുടെ പകുതി തിരിച്ചു നൽകാനും തയാറാവുകയായിരുന്നു. എന്നാൽ, ഹോങ്കോങ്ങിനു പിന്നാലെ ജപ്പാൻ ക്ലബ് വിസ്സൽ കോബെയ്ക്കെതിരെ ടോക്കിയോയിൽ നടന്ന പ്രദർശന മത്സരത്തിൽ മെസ്സി 30 മിനിറ്റു കളിക്കിറങ്ങിയതാണ് വിവാദം കത്തിച്ചത്. ഹോങ്കോങ്ങിൽ കളിക്കാതിരുന്ന മെസ്സി ജപ്പാനിൽ കളിക്കാൻ തയാറായത് ചൈനയിലേക്കും പ്രതിഷേധം പടർത്തി.