ബൾഗേറിയയുടെ സൂപ്പര്‍ താരം എൽ പിസ്റ്ററെലോ, സംഗീത ആൽബം പുറത്തിറക്കി
Mail This Article
തന്റെ പ്രതിമയ്ക്കു സമീപം പേരക്കുട്ടിക്കൊപ്പം നിൽക്കുന്ന ഈ വ്യക്തി ബൾഗേറിയയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ്. തോക്കേന്തിയ പോരാളി എന്ന അർഥത്തിൽ ‘എൽ പിസ്റ്ററെലോ’ എന്നു വിളിപ്പേരുണ്ടായിരുന്ന സ്ട്രൈക്കർ ഹ്രിസ്റ്റോ സ്റ്റോയ്ക്കോവ് തന്നെ. 1994 ലോകകപ്പിൽ ബൾഗേറിയയെ നാലാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സ്റ്റോയ്ക്കോവ് റഷ്യൻ താരം ഒലെഗ് സാലങ്കോയ്ക്കൊപ്പം ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും പങ്കുവച്ചു (6 ഗോളുകൾ).
സ്പാനിഷ് ക്ലബ് ബാർസിലോനയിൽ, യൊഹാൻ ക്രൈഫ് പരിശീലകനായ ‘ഡ്രീം ടീമിൽ’ അംഗമായിരുന്ന സ്റ്റോയ്ക്കോവ് ബ്രസീലിയൻ താരം റൊമാരിയോയ്ക്കൊപ്പം മുന്നേറ്റനിരയിലെ പ്രധാനിയായിരുന്നു. വിരമിച്ചതിനു ശേഷം കുറച്ചു വർഷങ്ങൾ കോച്ചിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച സ്റ്റോയ്ക്കോവ് ബൾഗേറിയ ദേശീയ ടീമിനെ ഉൾപ്പെടെ പരിശീലിപ്പിച്ചു.
ഈ കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ തന്റെ ആദ്യ സംഗീത ആൽബമായ ‘അറ്റ് ലീസ്റ്റ് ലവ്’ അൻപത്തിയെട്ടുകാരനായ സ്റ്റോയ്ക്കോവ് പുറത്തിറക്കി.