ഗോവയുടെ ‘ഇരട്ട പ്രഹര’ത്തിൽ കേരളം വീണു; ആദ്യ ഗോളിനെച്ചൊല്ലി വിവാദം, കേരള കോച്ചിന് ചുവപ്പുകാർഡ്
Mail This Article
ഇറ്റാനഗർ∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തിനു തോൽവി (0–2). സഹ റഫറി ഓഫ്സൈഡ് വിളിച്ചതു ശ്രദ്ധിക്കാതെ റഫറി ഗോൾ അനുവദിച്ചത് വിവാദമായ മത്സരത്തിലാണ് കേരളം തോൽവി വഴങ്ങിയത്. ഗോവയ്ക്കായി നെഷ്യോ മരിസ്റ്റോ ഫെർണാണ്ടസ് ഇരട്ടഗോൾ നേടി. മത്സരത്തിന്റെ ഇരുപകുതികളിലുമായിട്ടായിരുന്നു ഗോവയുടെ ഗോളുകൾ. 44, 58 മിനിറ്റുകളിലാണ് നെഷ്യോ ലക്ഷ്യം കണ്ടത്.
ഇനി ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് മേഘാലയയ്ക്കെതിരെയാണ് കേരളത്തിന്റെ മൂന്നാം ഫൈനൽ റൗണ്ട് മത്സരം. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ നിലവിൽ കേരളം മൂന്നാം സ്ഥാനത്താണ്. രണ്ടുകളികളിൽ രണ്ടും ജയിച്ച സർവീസസ് ഒന്നാമതും രണ്ടുകളികളിൽ ഒരു വിജയവും ഒരു സമനിലയുമായി ഗോവ രണ്ടാമതുമാണ്.
നാൽപത്തിനാലാം മിനിറ്റിലായിരുന്നു മത്സരത്തിലെ നാടകീയരംഗങ്ങൾ. വലതു മധ്യനിരയിൽ ഗോവൻ താരം മുഹമ്മദ് ഫഹീസിൽ നിന്നു തുടങ്ങിയ നീക്കമാണ് വിവാദ ഗോളിൽ കലാശിച്ചത്. മധ്യനിരയിൽനിന്നുള്ള പന്ത് ഗോവയുടെ നെഷ്യോ മരിസ്റ്റോ ഫെർണാണ്ടസിന്റെ കാലിൽ ലഭിക്കുമ്പോൾ തരം ഓഫ്സൈഡ് പൊസിഷനിലായിരുന്നു. ലൈൻ റഫറി ഓഫ്സൈഡ് വിളിക്കുകയും ചെയ്തു. എന്നാൽ പ്രധാന റഫറി ലക്ഷയ് ഗോൾ അനുവദിച്ചു. ഇതിൽ പ്രതിഷേധിച്ച കേരളത്തിന്റെ മുഹമ്മദ് ആഷിക്കിനും പരിശീലകൻ സതീവൻ ബാലനും റഫറി മഞ്ഞക്കാർഡ് നൽകി. ഗോവൻ താരം മുഹമ്മദ് ഫഹീസിന്റെ പാസല്ല, കേരളത്തിന്റെ മധ്യനിരാതാരം വി.അർജുന്റെ ബാക്ക് പാസാണ് ഗോളിൽ കലാശിച്ചത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
രണ്ടാം പകുതിയുടെ 58–ാം മിനിറ്റിൽ കേരളത്തിന്റെ ഓഫ്‌സൈഡ് കെണി പൊളിച്ച് നെഷ്യോ മരിസ്റ്റോ ഫെർണാണ്ടസ് വീണ്ടും ഗോൾ നേടിയതോടെ അരുണാചൽപ്രദേശിൽ കേരള ഫുട്ബോളിന് നിരാശയുടെ ദിനം. മത്സരശേഷം തിരിച്ചുകയറിയ റഫറിയോടു പ്രതിഷേധിച്ചതിന് കേരളത്തിന്റെ പരിശീലകൻ സതീവൻ ബാലന് പിന്നീട് ചുവപ്പു കാർഡ് ലഭിച്ചു. അടുത്ത മത്സരത്തിൽ സതീവൻ ബാലനു ഗ്രൗണ്ടിൽ ഇറങ്ങാനാകില്ല. കൂടുതൽ അച്ചടക്കനടപടികൾക്കും സാധ്യതയുണ്ട്.