മെസ്സി ചാന്റിൽ നിയന്ത്രണം വിട്ടു, അശ്ലീല ആംഗ്യം കാണിച്ച റൊണാൾഡോയ്ക്ക് വിലക്കും പിഴയും
Mail This Article
റിയാദ്∙ ആരാധകർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടി. ഒരു മത്സരത്തിൽനിന്ന് പിഴയും വിലക്കുമാണ് റൊണാൾഡോയ്ക്കുള്ള ശിക്ഷ. സൗദി ഫുട്ബോൾ ഫെഡറേഷന്റെ എത്തിക്സ് കമ്മിറ്റിയാണ് സൂപ്പർ താരത്തിനെതിരായ നടപടി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം അൽ ഷബാബിനെതിരായ മത്സരത്തിനിടെ ആരാധകർ ഗാലറിയിൽനിന്ന് ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്തപ്പോഴായിരുന്നു റൊണാൾഡോയുടെ പ്രതികരണം.
ഗ്രൗണ്ടിൽവച്ച് അശ്ലീല ആംഗ്യം കാണിക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. പിന്നാലെ സംഭവത്തിൽ സൗദി ഫുട്ബോൾ ഫെഡറേഷൻ അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്നാണു നടപടി വന്നത്. താരത്തിനെതിരെ അൽ ഷബാബ് ടീമിന്റെ ആരാധകരാണ് ചാന്റ് ഉയർത്തിയത്. 10,000 സൗദി റിയാലാണ് താരം പിഴത്തുകയായി അടക്കേണ്ടത്. 20,000 റിയാൽ റൊണാൾഡോ അൽ ഷബാബ് ക്ലബ്ബിന് നൽകുകയും വേണം.
തീരുമാനം അന്തിമമാണെന്നും അപ്പീൽ പോകാന്‍ അനുമതിയുണ്ടാകില്ലെന്നും എത്തിക്സ് കമ്മിറ്റി അറിയിച്ചു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ റൊണാൾഡോ ചേർന്നതു മുതൽ തന്നെ മെസ്സിയുടെ പേര് എതിർ ടീമുകളുടെ ആരാധകർ താരത്തിനെതിരെ ഉയർത്തുന്നുണ്ട്. മെസ്സിയുടെ ചാന്റുകൾ പാടി റൊണാൾഡോയെ പ്രകോപിപ്പിക്കുകയാണ് എതിർ ടീം ആരാധകരുടെ ലക്ഷ്യം. കഴിഞ്ഞ വർഷം ഏപ്രിലിൽ അല്‍ ഹിലാലിനെതിരായ മത്സരത്തിനിടെയും മെസ്സി ചാന്റ് മുഴക്കിയ ആരാധകർക്കു നേരെ റൊണാൾഡോ അശ്ലീല ആംഗ്യം കാണിച്ചിരുന്നു.