ഒന്നും മറന്നിട്ടില്ല ! ഗോൾ വിവാദം ആളിക്കത്തിച്ച് ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു കൊമ്പുകോർക്കൽ
Mail This Article
ചിലർ ചിരിച്ചു. ചിലർ കരഞ്ഞു. ഭൂരിപക്ഷം പേരും നിശ്ശബ്ദരായി’... ഐഎസ്എൽ 10–ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ രണ്ടാം മത്സരത്തിനു മുൻപായി ബെംഗളൂരു എഫ്സി ഒരുക്കിയ റീലിൽ നിറയുന്നതു മുൻ സീസൺ പ്ലേ ഓഫ് മത്സരത്തിലെ ‘കലിക്കഥ’യാണ്. മറുപടിയായി ബ്ലാസ്റ്റേഴ്സും തൊടുത്തു, ‘നിലയും വിലയും സൂത്രത്തിൽ ഉണ്ടാക്കുകയല്ല, സ്വയം ഉണ്ടാകണമെന്ന’ മമ്മൂട്ടിയുടെ കനപ്പെട്ട ഡയലോഗിന്റെ മുന വച്ച വിഡിയോ. നാളെ ബെംഗളൂരുവിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ഐഎസ്എൽ മത്സരത്തിനു മുൻപു സമൂഹമാധ്യമങ്ങളിൽ പോരാട്ടം തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം മാർച്ച് 3നായിരുന്നു സംഭവം. ഐഎസ്എൽ പ്ലേ ഓഫ്. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിന്റെ 96–ാം മിനിറ്റിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളാണ് വിവാദമായത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒരുങ്ങുന്നതിനു മുൻപേ ഛേത്രി ഫ്രീകിക്കെടുത്ത് പന്ത് വലയിലെത്തിച്ചു. റഫറി ക്രിസ്റ്റൽ ജോൺസ് ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കളിക്കാരെ തിരികെ വിളിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം വിട്ടു.
ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും മത്സരവിലക്കും പിഴയും ഉൾപ്പെടെ അച്ചടക്കനടപടികൾ ബ്ലാസ്റ്റേഴ്സ് ടീം നേരിടുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിനെ ചൊടിപ്പിച്ച വിവാദ ഗോളിന്റെ ദൃശ്യങ്ങളാണു െബംഗളൂരു എഫ്സി സമൂഹമാധ്യമങ്ങളിൽ കിക്കോഫിനു മുന്നോടിയായി പങ്കുവച്ചിട്ടുള്ളത്. അന്നത്തെ മത്സരത്തിനു ശേഷം കോച്ച് ഇവാൻ ആദ്യമായാണു ബെംഗളൂരുവിനെ നേരിടാനെത്തുന്നത്. ഈ സീസണിൽ സൂപ്പർ കപ്പിലും ഐഎസ്എൽ ആദ്യ പോരാട്ടത്തിലും ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെതിരെ കളിച്ചെങ്കിലും വിലക്കു കാരണം ഇവാനു മത്സരം നഷ്ടമായിരുന്നു.
എഫ്സി ഗോവയ്ക്കെതിരെ കഴിഞ്ഞ കളിയിൽ നേടിയ അദ്ഭുത വിജയം ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ബെംഗളൂരുവിലേക്കു കുതിക്കാനുള്ള ഇന്ധനമായി മാറിയിട്ടുണ്ട്. മഞ്ഞപ്പടയുടെ അയ്യായിരത്തിലേറെ ട്രാവലിങ് ഫാൻസ് നാളെ കളി കാണാനെത്തുമെന്നാണു കണക്കുകൂട്ടൽ. നോർത്ത് അപ്പർ, നോർത്ത് ലോവർ, സൗത്ത് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മാത്രമാകും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇരിപ്പിടം.