സന്തോഷ് ട്രോഫി: സർവീസസിനെതിരെ കേരളത്തിന് സമനില (1–1)
Mail This Article
വിജയത്തിന്റെ സീസൺ ടിക്കറ്റെടുത്ത ടീമിനെപ്പോലെയായിരുന്നു സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ സർവീസസിന്റെ പ്രകടനം. കേരളമാകട്ടെ അന്നന്നത്തെ ടിക്കറ്റിനു തന്നെ പെടാപ്പാടു പെടുന്നവരും. പക്ഷേ, നേർക്കുനേർ വന്നപ്പോൾ സർവീസസിനെ ഒറ്റഗോളിന്റെ കുരുക്കിട്ട് കേരളം സമനിലയിൽ കെട്ടി (1–1). പട്ടാളപ്പടയെ വരുതിയിലാക്കിയ ആത്മവിശ്വാസത്തോടെ കേരളത്തിന് ഇനി ക്വാർട്ടർ ഫൈനലിനിറങ്ങാം. സമനിലയോടെ 8 പോയിന്റുമായി എ ഗ്രൂപ്പിൽ കേരളം മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുമായി സർവീസസ് ഒന്നാം സ്ഥാനത്തും 9 പോയിന്റുമായി ഗോവ രണ്ടാം സ്ഥാനത്തും. 7 പോയിന്റുള്ള അസം ആണ് നാലാമത്. മാർച്ച് 5ന് രാത്രി 7ന് ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായാണ് കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ മത്സരം.
തുടക്കമിട്ട് കേരളം
മൈതാനത്തിന്റെ ഇടതുമൂലയിൽനിന്നു വന്ന പന്താണ് ഇന്നലെ സർവീസസിനെ മൂലയ്ക്കിരുത്തിയത്. കളിയുടെ 22–ാം മിനിറ്റ്. ഇടതുവിങ്ങിൽനിന്ന് കേരള ക്യാപ്റ്റൻ വി.അർജുന്റെ മനോഹരമായ ക്രോസ്. ബോക്സിലേക്കു താഴ്ന്നിറങ്ങിയ പന്തിൽ പ്രകാശ വേഗത്തിലെത്തിയ ഇ.സജീഷിന്റെ ഹെഡർ. കേരളത്തിന്റെ ആദ്യ ഗോൾ പിറന്നു. ഫൈനൽ റൗണ്ടിൽ കേരള പൊലീസ് താരമായ സജീഷിന്റെ രണ്ടാം ഗോൾ കൂടിയായിരുന്നു ഇത്. അസമിനെതിരെയായിരുന്നു ആദ്യ ഗോൾ.
നേരത്തേ തന്നെ ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പാക്കിയതിനാൽ പ്രധാനതാരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചുള്ള ടീമായിരുന്നു കേരളത്തിന്റേത്. അരുണാചൽ പ്രദേശിനെതിരെയുള്ള ടീമിൽ നിന്ന് 5 മാറ്റങ്ങളാണ് ആദ്യ ഇലവനിലുണ്ടായിരുന്നത്. പ്രതിരോധ നിരയിൽ ജി.സഞ്ജുവിനും മുഹമ്മദ് സാലിമിനും പകരം കെ.പി.ശരത്തും വി.ആർ.സുജിത്തുമെത്തി. മുന്നേറ്റനിരയിൽ മുഹമ്മദ് ആഷിക്കിനു പകരം ഇ.സജീഷും മധ്യനിരയിൽ ജി.ജിതിനു പകരം വി.അർജുനും.
സമനില പിടിച്ച് സർവീസസ്
ആദ്യപകുതിയുടെ അധികസമയത്ത് വലതുവിങ്ങിൽ നിന്നുള്ള ലോങ്ബോൾ കേരളത്തിന്റെ ബോക്സിനകത്തേക്ക് എത്തുമ്പോൾ രണ്ടു പ്രതിരോധ താരങ്ങളും ഗോൾകീപ്പറും മുൻപിലുണ്ടായിരുന്നു. പക്ഷേ, ഇവരെയെല്ലാം കാഴ്ചക്കാരാക്കി സർവീസസിന്റെ സമിർ മുർമു ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ സർവീസസ് ആക്രമണത്തിനു മൂർച്ചകൂട്ടിയെങ്കിലും ചോരപൊടിയാതെ കേരളം പിടിച്ചു നിന്നു. കേരളത്തിന്റെ മധ്യനിരയിൽ അനക്കങ്ങൾ കണ്ടദിനം കൂടിയായിരുന്നു ഇന്നലെ. രണ്ടാം മഞ്ഞക്കാർഡ് കിട്ടിയതിനാൽ കേരളത്തിന്റെ ഇ.സജീഷിനും ആർ.ഷിനുവിനും ക്വാർട്ടർ ഫൈനൽ കളിക്കാനാകില്ലെന്നതാണ് മത്സരം കേരളത്തിനേൽപിച്ച പ്രധാന ആഘാതം.
ഇന്നത്തെ മത്സരങ്ങൾ
വേദി: യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയം
മിസോറം– റെയിൽവേസ് (രാവിലെ 10)
ഡൽഹി– മണിപ്പുർ (ഉച്ചയ്ക്ക് 2.30)
കർണാടക– മഹാരാഷ്ട്ര (രാത്രി 7)
ഇന്നലത്തെ മത്സരഫലങ്ങൾ
കേരളം–1, സർവീസസ്–1
ഗോവ–3, അസം–3
അരുണാചൽ–2, മേഘാലയ–2
മത്സരങ്ങൾ തത്സമയം കാണാം
ഫിഫ പ്ലസ് www.plus.fifa.com
അരുണാചൽപ്രദേശ് ഫുട്ബോൾ അസോസിയേഷൻ യുട്യൂബ് ചാനൽ
https//youtube.com/@ArunachalPradeshFootballAssociation