ADVERTISEMENT

പൂന്തോട്ട നഗരത്തിൽനിന്ന് ഒരു വട്ടംകൂടി ബെംഗളൂരു എഫ്സിയോട് തോറ്റ് വാടിത്തളർന്നു മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനു മുന്നിൽ ഒരുപിടി ചോദ്യങ്ങൾ ബാക്കി വയ്ക്കുന്നു എതിരാളികൾ. എവേ മത്സരം ബാലികേറാമലയെന്നു വീണ്ടും തെളിയിച്ചതാണ് അതിലൊന്ന്. ഐഎസ്എലിൽ 17 മത്സരങ്ങൾ പൂർത്തിയാക്കി 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ്. ആറാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സിയുമായുള്ള 8 പോയിന്റ് അന്തരം ടീമിന്റെ പ്ലേഓഫ് സാധ്യതകൾ ഏറക്കുറെ ഉറപ്പിക്കുന്നുണ്ട്. പക്ഷേ, ആദ്യ നാലു ടീമുകളിലൊന്നായി പ്ലേഓഫിൽ കടക്കുക എന്ന ലക്ഷ്യത്തിനു മുന്നിൽ കണ്ഠീരവയിലെ തിരിച്ചടിയോടെ ചോദ്യചിഹ്നം വീണുകഴിഞ്ഞു. 

Read Also: സന്തോഷ് ട്രോഫി: കേരളം നാളെ ക്വാർട്ടറിൽ മിസോറമിനെതിരെ

സ്വന്തം മൈതാനത്തു പ്ലേഓഫ് കളിക്കാനാകുമെന്ന ആനുകൂല്യമാണു ആദ്യ നാലിൽ ഇടം നേടുന്നവരെ കാത്തിരിക്കുന്നത്. എവേ മത്സരങ്ങളിൽ മോശം റെക്കോർഡുള്ള ബ്ലാസ്റ്റേഴ്സിന് അനിവാര്യമായ ഒന്നാണ് ആ ആനുകൂല്യം. 29 പോയിന്റുമായിത്തന്നെ നാലാമതുള്ള ഗോവയുമായാണ് ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ഒരു മത്സരം കുറച്ചുകളിച്ച ഗോവയെ മറികടക്കാനുള്ള സുവർണാവസരമാണ് ശനിയാഴ്ച ബെംഗളൂരു എഫ്സിയോട് 1–0ന് തോറ്റതോടെ ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്.

എവേ എന്ന കടമ്പ

സീസണിൽ ബെംഗളൂരുവുമായി താരതമ്യം പോലും സാധ്യമല്ലാത്ത പ്രകടനത്തിന്റെ പിൻബലമുണ്ടായിട്ടും കണ്ഠീരവയിലെ എവേ പോരാട്ടം അതിജീവിക്കാൻ കഴിയാത്തത് അപായസൂചനയാണ്. ഇനിയുള്ള അഞ്ചിൽ 3 മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് എവേ ഗ്രൗണ്ടിലാണു കളിക്കേണ്ടത്. ആറാം സ്ഥാനത്തിന് വേണ്ടി ജീവൻമരണപ്പോരാട്ടത്തിലുള്ള ജംഷഡ്പുരിനും നോർത്ത് ഈസ്റ്റിനുമെതിരെയാണ് അതിൽ 2 മത്സരങ്ങൾ. ഇതുവരെ നടന്ന 8 എവേ മത്സരങ്ങളിൽ മൂന്നിൽ മാത്രമേ ബ്ലാസ്റ്റേഴ്സ് ജയിച്ചിട്ടുള്ളൂ.

ഗെയിം പ്ലാൻ വെല്ലുവിളി

ബദ്ധവൈരികളെന്നു വിശേഷിപ്പിക്കാവുന്ന കൊൽക്കത്ത മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും കടുകട്ടി പരീക്ഷണങ്ങൾകൂടി കൊച്ചിയിൽ നേരിടാനുള്ള ഇവാൻ വുക്കോമനോവിച്ചിനു കനത്ത വെല്ലുവിളി ഉയർത്തുന്ന ദൗർബല്യങ്ങളും കണ്ഠീരവയിൽ തെളിഞ്ഞിട്ടുണ്ട്.   ഫോമിലുള്ള സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസിനെ തളച്ച ബെംഗളൂരു പ്രതിരോധതന്ത്രമാണ് അതിലൊന്ന്. രണ്ടു വിദേശ പ്രതിരോധക്കാർ നയിച്ച ഫിസിക്കൽ ഗെയിമിനു മുന്നിൽ ദിമിക്കു പൂട്ടു വീണതോടെ ടീമിന്റെ ആക്രമണം കൂടിയാണു നിരായുധീകരിക്കപ്പെട്ടത് (ഒരേയൊരു ഗോൾ ഷോട്ടിൽ ഒതുങ്ങി ആക്രമണം). മറ്റ് എതിരാളികളും ഈ തന്ത്രം പിന്തുടരാൻ തീരുമാനിച്ചാൽ കളത്തിലെത്തുംമുൻപേ ആക്രമണത്തിൽ മറുമരുന്നു തേടേണ്ട അവസ്ഥയിലാകും ബ്ലാസ്റ്റേഴ്സ്. 

ഹാവി ഹെർണാണ്ടസിനെ പോലൊരു പ്ലേമേക്കറെ കേന്ദ്രീകരിച്ചു മൈതാനം നിറഞ്ഞ ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ പോരായ്മയായി നിറഞ്ഞതും സമാന ആയുധം. അഡ്രിയൻ ലൂണയുടെ ‘ക്രിയേറ്റിവിറ്റി’ക്കു പകരം വയ്ക്കാൻ പോന്നൊരു കൗശലം മധ്യത്തിൽ കോച്ച് ഇവാൻ കണ്ടെത്തിയേ തീരൂ. 

English Summary:

ISL Kerala Blasters vs Bengaluru Match Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com