ബ്ലാക്ക് മങ്കിയെന്നു വിളിച്ചു: കല്ലെറിഞ്ഞെന്ന് ഐവറി കോസ്റ്റ് താരം; ഹസൻ ജൂനിയറിനെതിരെയും പരാതി
Mail This Article
മലപ്പുറം∙ അരീക്കോട് ഫുട്ബോള്‍ മത്സരത്തിനിടെ വിദേശതാരത്തെ മർദിച്ച സംഭവത്തിൽ പരാതിയുമായി കാണികളും. ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ മത്സരത്തിനിടെ കളി കാണാനെത്തിയ ചിലരെ ചവിട്ടിയെന്നാണു നാട്ടുകാരുടെ പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും നാട്ടുകാർ പുറത്തുവിട്ടു. ഐവറി കോസ്റ്റ് താരം നാട്ടുകാർക്കു നേരെ തിരിഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചതെന്നും പരാതിയുണ്ട്.
Read Also: അർജുൻ തെൻഡുൽക്കറുടെ തീപ്പൊരി യോർക്കർ നേരിടാനായില്ല, പതറിവീണ ബാറ്റർ ഇഷാൻ കിഷനോ?
ഫുട്ബോൾ മത്സരത്തിനിടെ കാണികൾ വളഞ്ഞിട്ട് മർദിച്ച സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കാണ് ഐവറി കോസ്റ്റ് താരം പരാതി നൽകിയത്. തന്നെ കുരങ്ങനെന്നു വിളിച്ചതായി ഹസൻ ജൂനിയർ പ്രതികരിച്ചു. വംശീയാധിക്ഷേപം നടത്തിയതായി പൊലീസിൽ നൽകിയ പരാതിയിൽ താരം വ്യക്തമാക്കി. ഇനിയും മത്സരങ്ങൾ കളിക്കാനുണ്ടെന്നും വീണ്ടും മര്‍ദിക്കുമോയെന്ന ഭയം തനിക്കുണ്ടെന്നും ഹസൻ ജൂനിയർ പ്രതികരിച്ചു.
മത്സരത്തിനിടെ നാട്ടുകാരുടെ മർദനത്തിൽനിന്ന് രക്ഷപെട്ട് ഐവറി കോസ്റ്റ് താരം ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. താരത്തെ ഓടിച്ചിട്ട് അടിക്കുന്നതിനിടെ നാട്ടുകാരിൽ ചിലർ രക്ഷപെടുത്താൻ ശ്രമിക്കുന്നുമുണ്ട്. മലപ്പുറം അരീക്കോട്ട് ചെമ്രകാട്ടൂരിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പരുക്കേറ്റ താരം ബുധനാഴ്ച പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ പരാതി നൽകി.
‘‘കളി കാണാനെത്തിയവരിൽ ചിലർ ബ്ലാക്ക് മങ്കിയെന്നു വിളിച്ചു. കല്ലെടുത്ത് എറിഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോൾ സംഘം ചേർന്നു മർദിക്കുകയായിരുന്നു.’’–ഹസൻ ജൂനിയർ പരാതിയിൽ പറയുന്നു. ഡൽഹിയിലെ ഐവറി കോസ്റ്റ് എംബസിക്കും താരം പരാതി നൽകിയിട്ടുണ്ട്.