ADVERTISEMENT

യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും അവർക്ക് അവസരങ്ങൾ നൽകുന്നതിലും കേരള ബ്ലാസ്റ്റേഴ്സ്, മറ്റ് ഇന്ത്യൻ ക്ലബ്ബുകളേക്കാൾ ഒരുപടി മുന്നിലാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് വിബിൻ മോഹനൻ. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ശക്തമായ മധ്യനിരയിലെ സ്ഥിര സാന്നിധ്യമായ വിബിൻ, ബ്ലാസ്റ്റേഴ്സ് അക്കാദമിയിൽ നിന്നുമാണ് സീനിയർ ടീമിലിടം പിടിക്കുന്നത്. ഇന്ന് പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ചിന്റെ വിശ്വസ്തനായി മഞ്ഞപ്പടയുടെ സ്റ്റാർട്ടിങ് ഇലവനിൽ വിബിനുണ്ടാകുന്നത് സ്ഥിരം കാഴ്ചയാണ്. കിരീടത്തിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ വലിയ ഉത്തരവാദിത്വമാണ് വിബിനെന്ന 21 വയസ്സുകാരനിലുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെക്കുറിച്ചും തന്റെ വളർച്ചയെക്കുറിച്ചുമെല്ലാം വിബിൻ മനസ് തുറക്കുന്നു. 

Read Also: അർജുൻ തെൻഡുൽക്കറുടെ തീപ്പൊരി യോർക്കർ നേരിടാനായില്ല, പതറിവീണ ബാറ്റർ ഇഷാൻ കിഷനോ?

ഗോവയ്ക്കെതിരായ അസാധരണ തിരിച്ചുവരവും ബെംഗളൂരുവിനെതിരായ അപ്രതീക്ഷിത തിരിച്ചടിയും

ഗോവക്കെതിരായ മത്സരം നല്ലൊരു തിരിച്ചുവരവായിരുന്നു. രണ്ടു ഗോളിന് പിന്നിൽനിന്ന ശേഷം നാലെണ്ണം തിരിച്ചടിക്കുക എന്ന് പറയുന്നത് ഒരു വലിയ കാര്യം തന്നെയാണ്. ആ മത്സരം ആർക്കും മറക്കാൻ സാധിക്കാത്തതാണ്. കളി കാണാൻ എത്തിയവരാരും തന്നെ അങ്ങനെയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതിനു മുന്നെയുള്ള മൂന്ന് മത്സരങ്ങളും തോറ്റുനിൽക്കുന്ന സാഹചര്യത്തിൽ ജയിക്കുമെന്ന് ആരും കരുതാനിടയില്ല. പക്ഷെ, ആ തിരിച്ചുവരവ് കളിക്കാർക്കിടയിലും വലിയ രീതിയിൽ പ്രതീക്ഷയും ആത്മവിശ്വാസവും വർധിപ്പിച്ചു.

ബെംഗളൂരുവിനെതിരെയും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. നിരവധി ഗോളവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. എന്നാൽ സ്കോർ ചെയ്യാൻ കഴിഞ്ഞില്ല, അവർക്ക് അതിനു സാധിക്കുകയും ചെയ്തു. അവസാന നിമിഷത്തെ ഗോൾ ആർക്കും അംഗീകരിക്കാൻ സാധിക്കുന്നതല്ല. നിരവധി ആരാധകരാണ് കേരളത്തിൽ നിന്നും ബെംഗളൂരുവിൽ കളി കാണാൻ എത്തിയത്. അവരെയെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു മത്സരഫലം. അത്രയും നേരം പിടിച്ചുനിന്നിട്ട് ഗോൾ വഴങ്ങിയത് എല്ലാവരിലും വിഷമമുണ്ടാക്കി. പക്ഷെ കളിയാണ്, ഫലം എന്തുമാകാം. ഇനിയും മത്സരങ്ങളുണ്ട്, വിജയിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ആരാധകർക്ക് മുന്നിൽ കളിക്കുമ്പോൾ അവർക്കും പ്രതീക്ഷിച്ചൊരു പ്രകടനം കൊടുക്കുകയെന്നതാണു ഞങ്ങളും ആഗ്രഹിക്കുന്നത്. 

വിബിൻ മോഹനൻ. Photo: FB@KeralaBlasters
വിബിൻ മോഹനൻ. Photo: FB@KeralaBlasters

ഗോവയ്ക്കെതിരെ പുറത്തെടുത്തത് സിംപിൾ ഗെയിം

ഗോവയ്ക്കെതിരെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗിയർ മാറ്റിയുള്ള മിന്നൽ തിരിച്ചുവരവിൽ ഡ്രൈവിങ് സീറ്റിൽ വിബിനായിരുന്നു. മധ്യനിരയിൽ നിന്ന് നിരവധി മുന്നേറ്റങ്ങൾക്കു ചുക്കാൻ പിടിച്ച പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് സിംപിളായി കളിക്കാനാണു ശ്രമിച്ചതെന്നായിരുന്നു മറുപടി. “പരിശീലകനായാലും മറ്റ് താരങ്ങളായാലും എനിക്കൊരു റോൾ തന്നിട്ടുണ്ട്. അത് കൃത്യമായി ചെയ്യുക എന്നുള്ളതാണു പ്രധാനം. അത് എല്ലാ പ്ലെയേഴ്സിനും അങ്ങനെ തന്നെയാണ്. വിങ്ങർമാരാണെങ്കിൽ മുന്നോട്ടുപോവുക, ക്രോസ് ചെയ്യുക, സ്‌ട്രൈക്കർമാരാണെങ്കിൽ  ഇറങ്ങിവന്നു ബോൾ വാങ്ങുക, ഫിനിഷ് ചെയ്യുക അങ്ങനെ. പരുക്കുമാറി തിരിച്ചുവന്നപ്പോൾ കോച്ച് ആവശ്യപ്പെട്ടത് പരമാവധി സിംപിളായി കളിക്കാനാണ്. മിഡ്ഫീൽഡിൽ കൂടുതൽ ക്രിയേറ്റീവ് ആയാൽ ചിലപ്പോൾ എന്താണു സംഭവിക്കുക എന്നു പറയാൻ പറ്റില്ല. എത്ര സിംപിൾ ആയി കളിക്കുന്നോ അത്രയും നല്ലത്. അതു ടീമിനും ഗുണം ചെയ്യും പഴ്‌സനലി നമ്മുടെ ഭാവിക്കും ഗുണം ചെയ്യും. ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം കൃത്യമായി ചെയ്യുകയാണ്.”

പ്രവചനാതീതമാണ് ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പാദത്തിലേക്ക് എത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിലെ പ്രവചനാതീത സ്വഭാവത്തെക്കുറിച്ചും വിബിൻ മനസ് തുറന്നു. ആരാധകരും കാണികളും പറയുന്നതുപോലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം പ്രവചനാതീതമായെന്ന് വിബിനും അഭിപ്രായപ്പെടുന്നു. “തീർച്ചയായും പ്രവചിക്കാൻ സാധിക്കില്ല. കാരണം ഫസ്റ്റ് ലെഗ് ജയിച്ചവരുമായാണ് സെക്കന്റ് ലെഗിൽ തോറ്റത്. ഫസ്റ്റ് ലെഗിൽ തോറ്റവരോട് രണ്ടാം പാദത്തിൽ വിജയിക്കുകയും ചെയ്തു. ഓരോ ദിവസത്തെ നമ്മുടെ പ്രകടനമനുസരിച്ചായിരിക്കും മത്സരഫലം. എങ്ങനെ നമ്മൾ ഓരോ കളിയെയും സമീപിക്കുന്നുവെന്നതും പ്രധാനമാണ്. എല്ലാ കളിയിലും ജയിക്കുക എന്ന മാനസികാവസ്ഥയിൽ തന്നെയാണു കളിക്കുന്നത്. പക്ഷെ, ചിലപ്പോൾ ചെറിയ പിഴവുകൾ പോലും തിരിച്ചടിയാകും. ഫുട്ബോൾ അങ്ങനെയാണ്, ടീമുകൾ എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും ഒന്നും മുൻകൂട്ടി പറയാൻ പറ്റില്ല. ചിലപ്പോൾ ടോപ്പിലുള്ള ടീം ആയിരിക്കാം ഏറ്റവും അവസാന സ്ഥാനത്തുള്ള ടീമുമായി തോൽക്കുന്നത്. നമ്മൾ കളിക്കുക. ബാക്കിയുള്ളത് വരുന്നിടത്ത് വച്ച് കാണാം എന്നുള്ളതാണ്. 

വിബിൻ മോഹനൻ. Photo: FB@KeralaBlasters
വിബിൻ മോഹനൻ. Photo: FB@KeralaBlasters

കിരീടത്തേക്കാൾ പ്രാധാന്യം വിജയത്തിന്

ലീഗിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ കിരീടം നേടുകയാണ് ആരാധകരെ പോലെ തന്നെ ടീമിലെ ഓരോ കളിക്കാരും ആഗ്രഹിക്കുന്നതെന്ന് വിബിൻ പറയുന്നു. എന്നാൽ കിരീടം അകലെയുള്ള ലക്ഷ്യമാണെന്നും ഇപ്പോൾ പ്രാധാന്യം മുന്നിൽ അവശേഷിക്കുന്ന ഓരോ മത്സരങ്ങളും ജയിക്കുകയെന്നതാണെന്നും താരം കൂട്ടിച്ചേർത്തു. “മത്സരങ്ങൾ ഇനിയും ബാക്കിയുണ്ട്, പ്ലേ ഓഫിലെത്താനുള്ള സാധ്യതകളും കൂടുതലാണ്. മുന്നിലുള്ള ഓരോ മത്സരത്തിലുമാണു നമ്മൾ ഫോക്കസ് ചെയ്യുന്നത്. ബാക്കിയുള്ള കാര്യമൊക്കെ പിന്നീടാണ്. ടീം ഫോമിലാണെന്നത് നേട്ടമാണ്. അവസാനത്തെക്കുറിച്ച് ചിന്തിക്കുന്നതിൽ കാര്യമില്ല. ആദ്യം മുന്നിലുള്ളത് നോക്കുക.’’

ബ്ലാസ്റ്റേഴ്സ് ഫുൾ സ്ക്വാഡ് ഇതുവരെ പരിശീലിച്ചിട്ടില്ല

കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ നേരിടുന്ന പ്രധാന വെല്ലുവിളി പരുക്കാണെന്ന് വിബിനും ആവർത്തിക്കുന്നു. ഫുട്ബോളിൽ പരുക്ക് സാധാരണമാണെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഈ സീസൺ ഫുൾ പരുക്കാണെന്നാണ് വിബിൻ പറയുന്നത്. “സീസൺ തുടങ്ങിയപ്പോൾ മുതലുള്ള ബുദ്ധിമുട്ടാണത്. നമ്മൾ ഫുൾ സ്‌ക്വാഡ് വെച്ചിട്ട് ഇതുവരെയും ട്രെയിൻ ചെയ്തിട്ടില്ല. ഒന്നുരണ്ട് കളിക്കാർ എപ്പോഴും പരുക്കിന്റെ പിടിയിലായിരിക്കും. അതിനൊടെല്ലാം പൊരുത്തുപ്പെട്ടുവരുകയാണ് ടീം. വിദേശ താരങ്ങൾക്ക് പലപ്പോഴും പരുക്കുപറ്റാനുള്ള സാധ്യത കൂടതലാണെന്നും വിബിൻ അഭിപ്രായപ്പെട്ടു.

അക്കാദമിയിൽ അഭിമാനം

“ഇന്ത്യയിൽ ഐഎസ്എല്ലിലായാലും ഐലീഗിലായാലും ബ്ലാസ്റ്റേഴ്സിനെ പോലെ യുവതാരങ്ങളെ വളർത്തിയെടുക്കുന്ന വേറൊരു ക്ലബ്ബുണ്ടെന്ന് കരുതുന്നില്ല. ഞാനും അസറും ഐമനും ഒന്നിച്ച് അണ്ടർ 15 കളിച്ചുവന്നവരാണ്. അവിടെ നിന്ന് സീനിയർ ടീമിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പ്രത്യേകിച്ച് വിദേശ താരങ്ങളടക്കും ഒരുപാട് സീനിയർ കളിക്കാരുള്ള ഒരു സാഹചര്യത്തിൽ. യങ് ബ്ലാസ്റ്റേഴ്സ് പോലെയുള്ള ഗ്രാസ്റൂട്ട് ലെവൽ പദ്ധതികളിലൂടെയും കേരള ബ്ലാസ്റ്റേഴ്സ് നിരവധി താരങ്ങളെ വളർത്തിയെടുക്കുന്നുണ്ട്. അതേസമയം ഐഎസ്എൽ പോലെയുള്ള ഒരു വേദിയിൽ പരിശീലകരുടെ താൽപര്യങ്ങളും ഇതിൽ ഒരു ഘടകമാണ്. കോച്ച് യുവതാരങ്ങളിൽ വലിയ പ്രതീക്ഷവെക്കുന്ന ഒരാളാണ്. ഇപ്പോൾ പല ക്ലബ്ബുകളും ഇതുപോലെ ജൂനിയർ കളിക്കാർക്ക് അവസരം നൽകുന്നുണ്ട്. മോഹൻബഗാനിലും ബെംഗളൂരുവിലുമെല്ലാം ഇപ്പോൾ ജൂനിയർ താരങ്ങൾക്ക് അവസരം ലഭിക്കുന്നു.”

ഇന്ത്യൻ ഫുട്ബോളും മാറുന്നു

“രാജ്യത്ത് പലയിടത്തും ഇപ്പോൾ ഗ്രാസ്റൂട്ട് അക്കാദമികൾ പ്രവർത്തിക്കുന്നു. അഞ്ച് വയസും ആറ് വയസും പ്രായമുള്ള കുട്ടികൾ വർഷങ്ങൾക്കു ശേഷം ടോപ്പ് ക്വാളിറ്റി പ്ലെയേഴ്സാകും. കേരള പ്രീമിയർ ലീഗ് പോലെ എല്ലാ സംസ്ഥാനങ്ങളിലും ലീഗുകളുണ്ട്. ഇത്തരം ലീഗുകളിൽ കളിക്കുന്ന താരങ്ങൾക്കു വലിയ വലിയ ക്ലബ്ബുകളിലെത്താനും അവസരമൊരുക്കുന്നു. ഇത് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയിലും വലിയ മാറ്റം സൃഷ്ടിക്കും. ഒരു ദിവസം ഇന്ത്യ ഫുട്ബോൾ ലോകത്ത് വലിയ ടീമായി മാറും.”

മുന്നിലുള്ളത് വലിയ ‘ഗോൾ…’

ബ്ലാസ്റ്റേഴ്സിൽ തനിക്ക് ലഭിക്കുന്ന അവസരവും പരിഗണനയും ഭാവിയിലേക്ക് ഒരുപാട് സഹായം ചെയ്യുമെന്ന് വിബിൻ പ്രതീക്ഷിക്കുന്നു. ഇവാൻ കോച്ച് എന്നെ അത്രയും വിശ്വസിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടാണ് എനിക്ക് ഇവിടെ കളിക്കാൻ സാധിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിൽ തുടങ്ങാൻ സാധിക്കുന്നതു തന്നെ എനിക്ക് ഒരുപാടു സന്തോഷം തരുന്ന കാര്യമാണ്. ഇന്ത്യൻ സീനിയർ ടീമിനുവേണ്ടിയും പുറത്തുപോയുമെല്ലാം കളിക്കണമെന്നുള്ള എന്റെ ആഗ്രഹങ്ങൾക്കും ഇതു സഹായകരമാണ്. സീനിയർ കളിക്കാരിൽ നിന്ന് കുറേക്കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നുണ്ട്. ഇതെല്ലാം ഭാവിയിലേക്ക് ഗുണം ചെയ്യും.

English Summary:

Kerala Blasters player Vibin Mohanan interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com