ഫുട്ബോൾ മത്സരത്തിനിടെ അക്രമം: ഐവറികോസ്റ്റ് താരത്തിനെതിരെ കേസ്, നാട്ടുകാരും കുടുങ്ങും
Mail This Article
അരീക്കോട്(മലപ്പുറം) ∙ ചെമ്രക്കാട്ടൂരിൽ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിനിടെയുണ്ടായ അക്രമത്തിൽ 15 കാണികൾക്കെതിരെയും ഐവറികോസ്റ്റ് താരത്തിനെതിരെയും പൊലീസ് കേസ്. താരത്തെ പിന്തുടർന്ന് ആക്രമിച്ചതിനാണ് കാണികൾക്കെതിരെ കേസ്. കാണികളിലൊരാളെ ആക്രമിച്ചെന്ന പരാതിയിലാണ് ഐവറികോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെ കേസ്.
Read Also: മിസ്റ്റർ കൺസിസ്റ്റന്റ്; 35-ാം വയസ്സിലും തകർപ്പൻ ഫോമിൽ കേരളത്തിന്റെ സച്ചിൻ ബേബി
മത്സരത്തിനിടെ ഹസൻ ചവിട്ടിയെന്ന് ആരോപിച്ച് കാണികളിലൊരാൾ പരാതി നൽകിയിരുന്നു. വംശീയ അധിക്ഷേപത്തിനും മർദനത്തിനും ഇരയായതായി ആരോപിച്ച് ഹസൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഫുട്ബോൾ മത്സരത്തിനിടെ കാണികൾ ഐവറികോസ്റ്റ് താരത്തെ ക്രൂരമായി ഓടിച്ചിട്ട് അടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്. ഗ്രൗണ്ടിൽ ഓടുന്നതിനിടെ ആൾക്കൂട്ടം താരത്തെ പിന്തുടർന്ന് മര്‍ദിക്കുകയായിരുന്നു. ചിലർ ഗേറ്റു തുറന്നാണു താരത്തെ രക്ഷപെടാൻ അനുവദിച്ചത്. കളി കാണാനെത്തിയ ചിലർ തന്നെ ‘ബ്ലാക്ക് മങ്കി’ എന്നു വിളിച്ചതായി ഹസൻ ജൂനിയർ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. കേരളത്തിൽ കളിക്കാൻ ഭയമുണ്ടെന്നും ഹസൻ ജൂനിയർ പ്രതികരിച്ചു.