ഇന്ത്യൻ ടീമിലെ മലയാളി ഗോൾ; കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിങ്ങിലെ വിശ്വസ്തന്
Mail This Article
കരിയർഗ്രാഫ് നോക്കിയാൽ ഐ.എം. വിജയന്റെ ‘റേഞ്ചി’ലേക്കു കുതിക്കുകയാണു കെ.പി. രാഹുൽ എന്നു പറയാൻ കാരണങ്ങൾ ഒന്നല്ല, ഒരുപാടാണ്. ഇരുവരും തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ പന്തുതട്ടി വളർന്നവർ, ഇരുകാലുകൾ കൊണ്ടും പന്ത് അനായാസം ഡ്രിബിൾ ചെയ്യാനും സ്വന്തം ശൈലിയിൽ ഗോളടിക്കാനും ശീലിച്ചവർ, 23 വയസ്സിനു മുൻപ് ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയവർ, ചെറു പ്രായത്തിൽ തന്നെ ആരാധകർ ഓർമിക്കുന്ന രാജ്യാന്തര ഗോൾ കുറിച്ചവർ എന്നിങ്ങനെ നീളും സാമ്യങ്ങൾ. മലയാളി ആരാധകരാണു ശക്തിയെങ്കിലും ഇരുവരുടെയും നേട്ടങ്ങൾക്കു പിന്നിലൊരു മറുനാടൻ ‘ഫാക്ടർ’ ഒളിഞ്ഞിരിപ്പുണ്ട്, വിജയനു കൊൽക്കത്തയും രാഹുലിനു ഗോവയും. ഈ നാടുകളിലെ പരിശീലന, മത്സരകാലം ഇരുവരെയും വലിയ നേട്ടങ്ങളിലേക്കുയർത്തി. ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിങ്ങിലെ വിശ്വസ്തനായി പുതിയ ഉയരങ്ങളിലേക്കു പന്തു തട്ടുകയാണു രാഹുൽ.
Read Also: അൽ നസറിനൊപ്പം 50 ഗോൾ തികച്ച് റൊണാള്‍ഡോ; പ്രോ ലീഗില്‍ അല്‍ അഹ്‌ലിക്കെതിരെ വിജയം
തൃശൂർ ഒല്ലൂക്കര ശ്രേയസ് നഗറിലെ കണ്ണോളി പ്രവീണിന്റെയും ബിന്ദുവിന്റെയും മകനായ രാഹുലിന്റെ (23) കരിയർ നിർണായക വഴിത്തിരിവിലെത്തിയതു സമീപകാലത്താണ്. വിയറ്റ്നാമിൽ നടന്ന ടൂർണമെന്റിനു വേണ്ടി ദേശീയ സീനിയർ ടീമിൽ ഇടംപിടിച്ചു. 1–1നു സമനിലയിൽ അവസാനിച്ച മത്സരത്തിൽ സിംഗപ്പൂരിനെതിരെ ആദ്യ രാജ്യാന്തര അരങ്ങേറ്റം. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനു വേണ്ടി ഗോൾ നേടിയതു ചരിത്രമായി. ചൈനയ്ക്കെതിരായ മത്സരത്തിലായിരുന്നു രാഹുലിന്റെ ഗോൾ. 13 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഏഷ്യൻ ഗെയിംസിൽ ഒരു ഇന്ത്യൻ താരത്തിനു ഗോൾ കുറിക്കാൻ കഴിയുന്നത്. 5–1ന് ഇന്ത്യ തോറ്റെങ്കിലും ടൂർണമെന്റിലെ ഒരേയൊരു ഇന്ത്യൻ ഗോൾസ്കോററായി രാഹുൽ മാറി.
ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടർ 17 ഫിഫ ലോകകപ്പിൽ രാജ്യത്തിനായി കളിച്ച ഏക മലയാളിയെന്ന വിലാസമാണു രാഹുലിനെ ഇന്നും ആരാധകർക്കു പ്രിയങ്കരനാക്കുന്നത്. ലോകകപ്പിനു ശേഷം അണ്ടർ 17 ദേശീയ ടീമംഗങ്ങളെ അണിനിരത്തി ഐ ലീഗിനു വേണ്ടി ഇന്ത്യൻ ആരോസ് എന്ന ടീമിനു രൂപംനൽകിയപ്പോൾ മികച്ച ഗോളുകളിലൂടെ രാഹുൽ വീണ്ടും മനംകവർന്നു. 2019ൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയതു കരിയറിലെ നിർണായക ചുവടുവയ്പായി. അരങ്ങേറ്റ സീസണിൽ ഹൈദരാബാദ് എഫ്സിക്കെതിരെ നേടിയ ഗോളിലൂടെ ടീമിലെ സ്ഥാനം ഉറപ്പിച്ചു. ഒന്നിലേറെ ഐഎസ്എൽ ക്ലബ്ബുകളിൽ നിന്ന് ഓഫർ വന്നിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിലേക്കു പോകാനും ഉറച്ചു നിൽക്കാനും തീരുമാനിച്ചതിനു പിന്നിലൊരു ‘ഫാൻബോയ്’ സ്മരണയുണ്ടെന്നു രാഹുൽ പറയും.
അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് ക്യാംപ് ഗോവയിൽ നടക്കുമ്പോൾ ഫറ്റോർഡ സ്റ്റേഡിയത്തിൽ ഐഎസ്എൽ മത്സരം കാണാൻ രാഹുൽ സ്ഥിരമായി പോയിരുന്നു. ബ്ലാസ്റ്റേഴ്സ് കളിക്കുമ്പോഴെല്ലാം ഗാലറിയിൽ ആർത്തുവിളിച്ചു രാഹുലുണ്ടാകും. ടീമിനോടുള്ള ആരാധന മൂത്തുനിൽക്കേ, കളിക്കാൻ ക്ഷണം ലഭിച്ചപ്പോൾ രാഹുലിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അന്നു മുതൽ ഇന്നുവരെ ബ്ലാസ്റ്റേഴ്സിന്റെ വിങ്ങിലെ കരുത്തുറ്റ കമാൻഡറാണു രാഹുൽ.
കെ.പി.രാഹുലിനു വോട്ട് ചെയ്യാൻ ക്ലിക്ക് ചെയ്യൂ...