റെഡ് കാർപറ്റ്! ത്രില്ലർ ജയിച്ചു കയറി മാഞ്ചസ്റ്റർ യുണൈറ്റഡ്
Mail This Article
മാഞ്ചസ്റ്റർ ∙ പുറത്തു പോകാനുള്ള ‘റെഡ് സിഗ്‌നൽ’ പ്രതീക്ഷിച്ച കോച്ച് എറിക് ടെൻ ഹാഗിനു മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർ അകത്തു വരാനുള്ള ‘റെഡ് കാർപറ്റ്’ വിരിച്ചു! എഫ്എ കപ്പ് ഫുട്ബോളിലെ ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ 4–3നു വീഴ്ത്തി യുണൈറ്റഡ് സെമിഫൈനലിൽ കടന്നപ്പോൾ ശ്വാസം നേരെ വീണത് ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലെ ആരാധകർക്കു മാത്രമല്ല; പരിശീലകൻ ടെൻ ഹാഗിനു കൂടിയാണ്.
അധിക സമയത്തേക്കു നീണ്ട മത്സരത്തിന്റെ അവസാന നിമിഷം (120+1) ഐവറി കോസ്റ്റ് താരം അമാദ് ദയാലോയാണ് യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്. ജഴ്സിയൂരി വീശി ആഘോഷിച്ചതിന് ദയാലോ രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറും കണ്ടെങ്കിലും യുണൈറ്റഡ് വിജയത്തിന്റെ ശോഭ
ഒട്ടും മങ്ങിയില്ല. ഏപ്രിൽ 20നു നടക്കുന്ന സെമിയിൽ യുണൈറ്റഡ് രണ്ടാം ഡിവിഷൻ ക്ലബ് കവൻട്രി എഫ്സിയെ നേരിടും. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാണ് മറ്റൊരു സെമിഫൈനൽ.
ഓൾഡ് ട്രാഫഡിലെ നിറഞ്ഞ ഗാലറിക്കു മുന്നിൽ നിശ്ചിത സമയത്ത് യുണൈറ്റഡ്–ലിവർപൂൾ മത്സരം 2–2 സമനിലയായിരുന്നു. 10–ാം മിനിറ്റിൽ സ്കോട്ട് മാക്ടോമിനായ് യുണൈറ്റഡിനു ലീഡ് നേടിക്കൊടുത്തെങ്കിലും ഹാഫ്ടൈമിനു തൊട്ടു മുൻപ് ഇരട്ടഗോളുകളിലൂടെ തിരിച്ചടിച്ചു ലിവർപൂൾ മുന്നിലെത്തി. അലക്സിസ് മക്കാലിസ്റ്ററും (44–ാം മിനിറ്റ്) മുഹമ്മദ് സലായുമാണ് (45+2) ഗോൾ നേടിയത്. ഹൃദയഭേദകമായ മറ്റൊരു തോൽവിക്കു മുഖാമുഖം നിന്ന യുണൈറ്റഡ് ആരാധകരെ ആശ്വസിപ്പിച്ച്, 87–ാം മിനിറ്റിൽ വെട്ടിത്തിരിഞ്ഞുള്ള ഒരു ഷോട്ടിൽ നേടിയ ഉജ്വലമായ ഗോളിലൂടെ ആന്തണി യുണൈറ്റഡിന്റെ പോരാട്ടം നീട്ടിയെടുത്തു.
എക്സ്ട്രാ ടൈമിൽ (105) ഹാർവി എലിയട്ട് വീണ്ടും ലിവർപൂളിനെ മുന്നിലെത്തിച്ചെങ്കിലും ഏഴു മിനിറ്റിനകം മാർക്കസ് റാഷ്ഫഡിന്റെ ഗോളിൽ യുണൈറ്റഡ് ഒപ്പം. ഒരു പെനൽറ്റി ഷൂട്ടൗട്ടിനായി ഓൾഡ് ട്രാഫഡ് ഒരുങ്ങവേ, കളി തീരാൻ സെക്കൻഡുകൾ ശേഷിക്കേ യുണൈറ്റഡിന്റെ പ്രത്യാക്രമണം. സ്വന്തം പകുതിയിൽ നിന്നു കിട്ടിയ പന്തുമായി ഓടിക്കയറിയ ഗർണാച്ചോ നീട്ടി നൽകിയ പന്തിൽ സബ്സ്റ്റിറ്റ്യൂട്ട് ദയാലോയുടെ കാർപറ്റ് ഷോട്ട്. ലിവർപൂൾ ഗോൾകീപ്പർ കെല്ലയറെ മറികടന്ന പന്ത് പന്ത് പോസ്റ്റിലുരുമ്മി വലയിൽ. യുണൈറ്റഡിന് ആവേശ ജയം. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ 6–ാം സ്ഥാനത്തുള്ള ക്ലബ്ബിന് എഫ്എ കപ്പിൽ കിരീടം സ്വപ്നം കാണാം.
ആവേശം ഒട്ടും കുറവില്ലാതിരുന്ന മറ്റൊരു ക്വാർട്ടർ ഫൈനലിൽ, ഇൻജറി ടൈമിൽ നേടിയ 2 ഗോളിലാണ് ചെൽസി 4–2ന് ലെസ്റ്റർ സിറ്റിയെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ തന്നെ ബെർണാഡോ സിൽവ നേടിയ 2 ഗോളുകളിലാണ് മാഞ്ചസ്റ്റർ സിറ്റി 2–0ന് ന്യൂകാസിലിനെ മറികടന്നത്.