കേരളം കൊള്ളാം, മഞ്ഞപ്പടയും; ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് ആഗ്രഹമെന്ന് ഫിയദോർ ചെർനിച്
Mail This Article
പരുക്കും തോൽവികളും തുടർക്കഥയായ കേരള ബ്ലാസ്റ്റേഴ്സ് ക്യാംപില്‍ പുത്തൻ പ്രതീക്ഷയായാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ നായകൻ ഫിയദോർ ചെർനിച് എത്തുന്നത്. തിരിച്ചടികൾക്കിടയിലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സൈനിങ്ങുകളിലൊന്നായ ചെർനിച്ചിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളിലും ആരാധകരിലും ആത്മവിശ്വാസം വളർത്തി. ഗോവയ്ക്കെതിരായ അവിശ്വസനീയ തിരിച്ചുവരവിൽ ചെർനിച്ചിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞകുപ്പായത്തിൽ ആദ്യ ഗോൾ നേടാനും ആ മത്സരത്തിൽ താരത്തിന് സാധിച്ചിരുന്നു. ലൂണയും പെപ്രയുമില്ലാത്ത മുന്നേറ്റനിരയിൽ ദിമിത്രിയോസിന്റെ പ്രധാന കൂട്ടാളിയായി മാറിയ ചെർനിച് കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമെല്ലാം മനസു തുറക്കുകയാണ്.
പ്രതിസന്ധികൾക്കിടയിൽ ക്ലബ്ബ് ഏൽപ്പിച്ച ഉത്തരവാദിത്തത്തോടു വേഗം പെരുത്തപ്പെട്ടതെങ്ങനെ?
കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സീസണിന്റെ മധ്യത്തിലെത്തിയതുകൊണ്ടും ഒന്നര മാസത്തോളം ടീമിനൊപ്പം ഇല്ലാതിരുന്ന ഒരാളാണ് ഞാനെന്നതുകൊണ്ടും ടീമിനൊപ്പം പൊരുത്തപ്പെടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്റെ ഫോമിലേക്ക് മടങ്ങിയെത്തുന്നതോടൊപ്പം തന്നെ ടീമിലെ സഹകളിക്കാരൊടൊപ്പവും എത്തിപ്പിടിക്കുകയെന്നതായിരുന്നു മുന്നിലുള്ള കടമ്പ. അതു മറികടക്കാനുള്ള ശ്രമങ്ങൾ ഓരോ ദിവസവും ഞാൻ തുടർന്നു, തുടരുന്നു. എന്റെ മികച്ച പ്രകടനങ്ങൾ വരാനിരിക്കുന്നതെയുള്ളുവെന്നാണു ഞാൻ വിശ്വസിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവും പ്രകടനവും
ഒരുപാട് കാര്യങ്ങൾ കാരണം ഞാൻ ക്ലബ്ബിൽ വന്നതിനു ശേഷം ഞങ്ങൾക്കു മികച്ച നിമിഷം ലഭിച്ചിട്ടില്ല എന്നതു ശരിയാണ്. പക്ഷെ ബ്ലാസ്റ്റേഴ്സിനെ വിജയപാതയിൽ തിരിച്ചെത്തിക്കാൻ ഞങ്ങൾ എല്ലാ ദിവസവും കഠിനമായി പരിശ്രമിക്കുന്നു. മികവുള്ള ഒരുപാടു കളിക്കാർ ടീമിലുണ്ട്. എല്ലാവരും ചേർന്ന് എത്രയും വേഗം ടീമിനെ മുന്നിലെത്തിക്കാൻ ശ്രമം തുടരും.
പ്രതീക്ഷയും സാധ്യതയും
കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ ഓരോ മത്സരങ്ങളും വ്യത്യസ്തമായിരുന്നു. ഭാഗ്യവും അശ്രദ്ധയുമെല്ലാം ടീമിന്റെ ജയപരാജയങ്ങളിൽ ഒരുപോലെ ഇടംപിടിച്ചിട്ടുണ്ട്. ചില മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ നന്നായി പരാജയപ്പെട്ടു. അങ്ങനെ നോക്കുമ്പോൾ ഇതുവരെയുള്ള പ്രകടനത്തിൽ ഒന്നും പ്രശ്നമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ല. എന്നിരുന്നാലും, വരാനിരിക്കുന്ന ഓരോ മത്സരങ്ങളിലും ഫോക്കസ് ചെയ്താൽ നല്ല ഫലം സൃഷ്ടിക്കാനും ലക്ഷ്യത്തിലെത്താനും ബ്ലാസ്റ്റേഴ്സിന് സാധിക്കും.
ഞെട്ടിച്ചത് ബ്ലാസ്റ്റേഴ്സ് ആരാധകരും ഇവിടുത്തെ അന്തരീക്ഷവും
എന്റെ കരിയറിൽ, കളിക്കുമ്പോൾ ഞാൻ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച അന്തരീക്ഷങ്ങളിലൊന്നാണിത്. ആരാധകർ സ്റ്റേഡിയത്തെ ശരിക്കും ഇളക്കിമറിക്കുകയാണ്. അവർ കളിക്കളത്തിലെ പന്ത്രണ്ടാമനെ പോലെ തന്നെ നിലകൊള്ളുന്നു. അത്തരമൊരു അദ്ഭുതകരമായ അന്തരീക്ഷം സൃഷ്ടിച്ചതിന് അവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇവിടെ തുടരാൻ ആഗ്രഹം!
ഞാനും എന്റെ കുടുംബവും ഇവിടെയെല്ലാം നന്നായി ആസ്വദിക്കുന്നുവെന്ന് പറയുന്നതാകും ശരി. ഇവടെ അത്രത്തോളം കംഫർട്ടബിളാണ്. അതുകൊണ്ട് തന്നെ ഇവിടെ തുടരാൻ ആഗ്രഹമുണ്ട്. എന്നിരുന്നാലും, സീസണിന്റെ അവസാനത്തിൽ എന്താണു സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.
ഫ്രീ ഏജന്റായി കേരള ബ്ലാസ്റ്റേഴ്സിലെത്തിയ താരത്തിന് സീസൺ അവസാനം വരെയാണ് ക്ലബ്ബുമായി കരാറുള്ളത്. മികച്ച പ്രകടനം പുറത്തെടുത്താൽ വരും സീസണിലും ചെർനിച്ചിനെ ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ പ്രതീക്ഷിക്കാം. അതേസമയം, കിരീട പ്രതീക്ഷകളുമായി മുന്നോട്ടുകുതിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള കൊമ്പന്മാരുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാണ്.