ഗോളടിച്ച് ഐമൻ, സകായ്, നിഹാൽ; ഹൈദരാബാദിനെ 3–1ന് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
Mail This Article
ഹൈദരാബാദ്∙ ഹൈദരാബാദ് എഫ്സിക്കെതിരായ വിജയത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് ഘട്ട മത്സരങ്ങൾ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. മുഹമ്മദ് ഐമൻ (34), ഡയ്സുകെ സകായ് (51), നിഹാൽ സുധീഷ് (81) എന്നിവരാണു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറര്‍മാർ. ഹൈദരാബാദിന്റെ ആശ്വാസ ഗോൾ 88–ാം മിനിറ്റിൽ ജാവോ വിക്ടർ കണ്ടെത്തി.
സീസണിലെ പത്താം വിജയത്തോടെ 33 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. 16–ാം തോൽവി വഴങ്ങിയ ഹൈദരാബാദ് എഫ്സി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങിയ ടീമിൽനിന്നു നാലു മാറ്റങ്ങളാണ് പരിശീലകന്‍ ഇവാൻ വുക്കോമാനോവിച്ച് പ്ലേയിങ് ഇലവനിൽ വരുത്തിയത്. ഡയമെന്റകോസിന്റെ അഭാവത്തിൽ പ്രതിരോധ താരം ലെസ്കോവിച്ച് ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞു.
പരുക്കിൽനിന്നു മുക്തനായ അഡ്രിയൻ ലൂണ കളിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, താരത്തെ പകരക്കാരുടെ പട്ടികയില്‍ പോലും ഉൾപ്പെടുത്തിയിരുന്നില്ല. നോക്കൗട്ട് മത്സരത്തിൽ ലൂണ കളിക്കാൻ സാധ്യതയുണ്ട്. ഐഎസ്എൽ പ്ലേ ഓഫ് മത്സരങ്ങൾ 19ന് ആരംഭിക്കും. മേയ് നാലിനു നടക്കുന്ന ഫൈനൽ വേദി പിന്നീടു പ്രഖ്യാപിക്കും. ലീഗിലെ ആദ്യ 2 സ്ഥാനക്കാർ നേരിട്ടു സെമിയിലെത്തും.
3 മുതൽ 6 വരെ സ്ഥാനക്കാർ നോക്കൗട്ട് മത്സരത്തിൽ ഏറ്റുമുട്ടി ശേഷിക്കുന്ന 2 സെമിഫൈനലിസ്റ്റുകളെക്കൂടി തീരുമാനിക്കുന്ന വിധത്തിലാണു മത്സരക്രമം. ഐഎസ്എലിലെ ഒന്നാം സ്ഥാനക്കാർക്കുള്ള ലീഗ് വിന്നേഴ്സ് ഷീൽഡിനായി മുംബൈ സിറ്റി എഫ്സിയും മോഹൻ ബഗാനുമാണു മത്സരരംഗത്തുള്ളത്. കഴിഞ്ഞ ദിവസം പഞ്ചാബ് എഫ്സിയോട് ഈസ്റ്റ് ബംഗാൾ തോറ്റതോടെ ചെന്നൈയിൻ എഫ്സി പ്ലേ ഓഫിലെ 6–ാം സ്ഥാനവും ഉറപ്പാക്കിയിരുന്നു.