കേരള ബ്ലാസ്റ്റേഴ്സ് യുവനിരയിലെ 3 താരങ്ങൾക്ക് ഒറ്റ ഗുരുവേയുള്ളൂ; കെ.രവീന്ദ്രൻ
Mail This Article
കൊച്ചി ∙ ‘‘ സാറേ, ഞാൻ ഗോളടിച്ചൂട്ടോ’’ – ഏപ്രിൽ 12നു രാത്രി വൈകി കെ.രവീന്ദ്രന്റെ ഫോണിൽ ആഹ്ലാദം തുളുമ്പുന്നൊരു സന്ദേശമെത്തി; കേരള ബ്ലാസ്റ്റേഴ്സ് ക്യാംപിൽ നിന്ന്. ആ സന്ദേശം നിഹാൽ സുധീഷിന്റേതായിരുന്നു. പിന്നീട്, മുഹമ്മദ് അയ്മന്റെ വോയ്സ് ക്ലിപ്: ‘‘ ഞങ്ങൾ വരുന്നുണ്ട്, സാറിനെ കാണാൻ.’’ ഇരട്ടസഹോദരങ്ങളായ അയ്മനും അസ്ഹറും നിഹാലിനൊപ്പം തേവര സേക്രഡ് ഹാർട്ട് ഗ്രൗണ്ടിലെത്തി; അവരുടെ സാറിനെ കാണാൻ. ആ കൂടിക്കാഴ്ചയുടെ സന്തോഷത്തിലാണ് രവിയേട്ടൻ എന്ന് ഇഷ്ടക്കാർ വിളിക്കുന്ന ഫുട്ബോൾ ഗുരു.
മൂവരും ആശാനെ കാണാനെത്തിയപ്പോൾ തേവര ഗ്രൗണ്ടിൽ അക്കാദമി കുട്ടികളുടെ പരിശീലനം നടക്കുകയായിരുന്നു. അവർ കുട്ടികൾക്കു മധുരം നൽകി. ‘‘ നിഹാലിനു നല്ല വേഗമുണ്ട്. അയ്മനു ഡ്രിബ്ലിങ് മികവുണ്ട്. ഡിഫൻസീവ് ടെക്നിക്കുകളാണ് അസ്ഹറിന്റെ പ്രത്യേകത. അയ്മനും അസ്ഹറും എന്റടുത്തു വന്നത് ഇപ്പോഴും ഓർമയുണ്ട്. ഒരേ പോലുള്ള വേഷവും ഷൂസും ധരിച്ച ഇരട്ടക്കുട്ടികൾ. 10 –12 വയസ്സുള്ളപ്പോൾ മുതൽ എന്റടുത്തു വരുന്നതല്ലേ, അവർ’’ – രവീന്ദ്രന്റെ വാക്കുകൾ; സംസാരത്തിന് എപ്പോഴും അകമ്പടിയായ ചിരിയോടെ.
‘എസ്എച്ച് – ടാബി മീ’ ഫുട്ബോൾ അക്കാദമിയുടെ ഹൃദയമാണ് മുൻ നാഷനൽ റഫറി കൂടിയായ രവീന്ദ്രൻ. ബിഎസ്എൻഎലിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം മുഴുവൻ സമയവും ഫുട്ബോളിനൊപ്പമാണ്. മുൻ രാജ്യാന്തര താരം സി.സി.ജേക്കബാണ് രവീന്ദ്രനെ പരിശീലന രംഗത്തേക്കു നയിച്ചത്. തേവര എസ്എച്ച് മാനേജ്മെന്റിന്റെ ഉറച്ച പിന്തുണയാണ് അക്കാദമിയുടെ കരുത്ത്. സാമ്പത്തിക പിന്തുണ നൽകാൻ സുമനസ്സുകളുമുണ്ട്.