മിന്നൽ സ്മാഷുകളുടെ ആശാൻ ടോം കളി തുടരും; കളി പഠിപ്പിക്കും
Mail This Article
മലപ്പുറം ∙ വോളിബോൾ കോർട്ടിലെ മിന്നൽ സ്മാഷുകളുടെ ആശാൻ ടോം ജോസഫ് തന്ത്രം മെനയുന്ന പരിശീലകന്റെ റോളിലേക്ക്. രാജ്യാന്തര വോളിബോൾ ഫെഡറേഷന്റെ ലെവൽ വൺ പരിശീലക സർട്ടിഫിക്കറ്റു നേടിയ ടോം അതിലേക്കുള്ള ആദ്യ ചുവടുവച്ചു. ഒരു വർഷത്തിനുള്ളിൽ സ്കൂൾ കുട്ടികൾക്കായി വോളിബോൾ അക്കാദമി ആരംഭിക്കുകയാണ് ടോമിന്റെ ലക്ഷ്യം.
38 വയസ്സുകാരനായ ടോം ജോസഫ് കളിക്കളത്തിൽ നിന്നു വിരമിച്ചിട്ടില്ല. ഒരേ സമയം കളിക്കാരനായും പരിശീലകനായും കളത്തിൽ തുടരാനാണ് താൽപര്യമെന്നു നിലവിൽ ബിപിസിഎൽ ടീമംഗമായ ടോം പറയുന്നു. കുട്ടികളെ വോളിബോളിലേക്കു ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ടോമിന്റെ അക്കാദമി കൊച്ചിയിലോ ജൻമനാടായ കോഴിക്കോട് തൊട്ടിൽപാലത്തോ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. അക്കാദമിയിലേക്കു കുട്ടികളെ കണ്ടെത്താൻ സംസ്ഥാനത്തെ സ്കൂളുകളിലൂടെ സിലക്‌ഷൻ നടത്തും.
വോളിബോൾ കോർട്ടിൽ 25 വർഷം പൂർത്തിയാക്കുമ്പോഴാണ് ടോം ജോസഫ് കരിയറിലെ നിർണായക കളംമാറ്റത്തിനൊരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1994ൽ തൊട്ടിൽപാലത്ത് വോളി അക്കാദമിയിൽ ചേർന്നതോടെയാണ് വോളിബോൾ കരിയർ ആരംഭിക്കുന്നത്. തുടർന്ന് 15 വർഷം ഇന്ത്യൻ ടീമിന്റെയും 18 വർഷം കേരള ടീമിന്റെയും ജഴ്സിയണിഞ്ഞു. രണ്ടുവർഷം ഇന്ത്യൻ ടീമിന്റെ നായകനുമായി.
ചെന്നൈയിൽ നടന്ന വോളിബോൾ ഫെഡറേഷന്റെ ലെവൽ വൺ സർട്ടിഫിക്കറ്റ് കോഴ്സിൽ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി 40 പേരാണ് പങ്കെടുത്തത്. ടോമിനൊപ്പം മുൻ രാജ്യാന്തര ബീച്ച് വോളിബോൾ താരം കെ.ഐ.യൂസഫും ലെവൽ വൺ പരിശീലക സർട്ടിഫിക്കറ്റു നേടിയിട്ടുണ്ട്.
ജീവിതത്തിലെ നേട്ടങ്ങളെല്ലാം എനിക്കു സമ്മാനിച്ച് വോളിബോൾ എന്ന ഗെയിമാണ്. ആവുന്നത്ര കാലം ഈ കളിയുടെ ഭാഗമായി നിൽക്കണമെന്നാണ് ആഗ്രഹം. പരിശീലകന്റെ യോഗ്യത നേടിയെങ്കിലും കളിക്കളത്തിൽനിന്നു വിരമിക്കാൻ ആലോചനയില്ല. – ടോം ജോസഫ്