എന്നിട്ടും പഠിക്കാതെ...ട്രാക്കിലെത്താതെ സുരക്ഷ
Mail This Article
പാലാ ∙ മത്സരത്തിനിടെയുണ്ടായ പിഴവിൽ ഒരു ജീവൻ പൊലിഞ്ഞിട്ടും സുരക്ഷാ ക്രമീകരണങ്ങൾ 100 ശതമാനം ട്രാക്കിലെത്താതെ കോട്ടയം ജില്ലാ സ്കൂൾ കായികമേള. കഴിഞ്ഞ മാസം സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽവീണ് അഫീൽ ജോൺസൺ എന്ന സ്കൂൾ വിദ്യാർഥിക്കു ജീവൻ നഷ്ടമായതിന്റെ പശ്ചാത്തലത്തിൽ സ്കൂൾ കായികമേളകളിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കുമെന്നു കായിക, വിദ്യാഭ്യാസ വകുപ്പുകൾ അറിയിച്ചിരുന്നു. എന്നാൽ, അഫീലിനു ജീവൻ നഷ്ടമായ അതേ വേദിയിൽ അരങ്ങേറിയ ജില്ലാ സ്കൂൾ കായികമേളയിൽ പ്രഖ്യാപനങ്ങളിൽ പലതും ജലരേഖയായി.
പറഞ്ഞത്: ത്രോ ഇനങ്ങളുടെ പരിശീലനത്തിനിടയിൽ ഉപകരണങ്ങൾ തിരികെ എടുക്കുന്നത് ഒഫിഷ്യലായിരിക്കണം.
ഇന്നലെ കണ്ടത്: ഡിസ്കസ് ത്രോയിലും ഷോട്പുട്ടിലും മത്സരത്തിനിടയിൽപ്പോലും ഭൂരിഭാഗം സമയവും മത്സരാർഥികൾക്കുതന്നെ ഉപകരണങ്ങൾ എടുക്കേണ്ടി വന്നു. മത്സരം അവസാനിക്കാറായ ഘട്ടത്തിലാണ് ഒഫിഷ്യൽസ് രംഗത്തിറങ്ങിയത്.
പറഞ്ഞത്: പോൾവോൾട്ട്, ഹൈജംപ് മത്സരങ്ങൾ നടത്തുമ്പോൾ ജംപിങ് പിറ്റിന്റെ 3 വശങ്ങളിലും പ്രത്യേക മാറ്റ് ഇട്ട് സുരക്ഷ ഉറപ്പാക്കണം.
ഇന്നലെ കണ്ടത്: സബ് ജൂനിയർ ആൺ, സീനിയർ പെൺ ഹൈജംപ് മത്സരങ്ങളിൽ ജംപിങ് പിറ്റിന്റെ 3 വശങ്ങളിലും മാറ്റ് ഇട്ടില്ല.
റിപ്പോർട്ട്: മനീഷ് മോഹൻ
ചിത്രങ്ങൾ: റിജോ ജോസഫ്