ട്വിസ്റ്റോട് ട്വിസ്റ്റ്; ക്ലൈമാക്സ് കിടുക്കി!
Mail This Article
കണ്ണൂർ ∙ ആഹാ, ത്രില്ലർ സിനിമകളിൽ കാണുമോ ഇതു പോലൊരു ക്ലൈമാക്സ്! റെക്കോർഡ് ലക്ഷ്യം വച്ചയാൾക്ക് വെള്ളി, നിലവിലെ റെക്കോർഡുകാരന് വെങ്കലം, വെള്ളി പ്രതീക്ഷിച്ചയാൾക്ക് സ്വർണം!
ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിലാണ് ഫലം മാറിമറിഞ്ഞത്. സ്വർണവും വെള്ളിയും നേടിയത് കോതമംഗലം മാർ ബേസിലിലെ ആനന്ദ് മനോജും എം. അക്ഷയും. വെങ്കലം നേടിയത് കല്ലടി എച്ച്എസിലെ മുഹമ്മദ് ബാസിമും. മൂവരും ഉറ്റ ചങ്ങാതിമാർ. പ്രോൽസാഹിപ്പിക്കാൻ പുറത്തു നിന്നൊരാളുടെയും സഹായം വേണ്ടെന്ന മട്ടിൽ മൂവരും പരസ്പരം തുണയായി നിന്നു.
നിലവിലെ ചാംപ്യനും റെക്കോർഡ് ജേതാവുമായ മുഹമ്മദ് ബാസിം ആയിരുന്നു ശ്രദ്ധാകേന്ദ്രം. 4.06 മീറ്ററെന്ന സ്വന്തം റെക്കോർഡ് തകർക്കാൻ ശ്രമിച്ച ബാസിമിനു വെല്ലുവിളിയായി ആനന്ദും അക്ഷയും.
3.40 മീറ്ററിൽ ആണ് ആനന്ദ് തുടങ്ങിയത്. ആത്മവിശ്വാസത്തിലായിരുന്ന അക്ഷയ് 3.60 മീറ്ററിലും. 3.90 മീറ്ററിലേക്ക് ഉയരം വർധിപ്പിച്ചപ്പോൾ മത്സരരംഗത്ത് ബാസിമും ആനന്ദും അക്ഷയും മാത്രം.
മൂവരും ലക്ഷ്യം താണ്ടി. പിഴവുകളൊന്നുമില്ലാതെ മത്സരിച്ച അക്ഷയ് ബാസിമിന്റെ റെക്കോർഡ് തകർക്കുമെന്നു പ്രതീക്ഷ ഉണർന്നു. നാലു മീറ്റർ കടക്കാനാകാതെ ഇതിനിടെ ബാസിം പുറത്തായി. 4 മീറ്ററെന്ന ലക്ഷ്യം അക്ഷയ് അനായാസം കടന്നപ്പോൾ ആനന്ദ് അൽപം വിയർത്താണെങ്കിലും ലക്ഷ്യം നേടി.
4.05 മീറ്ററായി വീണ്ടും ലക്ഷ്യം ഉയർത്തിയപ്പോൾ അക്ഷയ് ‘പാസ്’ പറഞ്ഞു. 4.10 മീറ്റർ അനായാസം താണ്ടാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ഇതിനിടെ ആനന്ദ് 4.05 മീറ്റർ പിന്നിടുകയും ചെയ്തു.
റെക്കോർഡ് ഭേദിക്കാൻ 4.07 മീറ്ററായി ലക്ഷ്യം ഉയർത്താൻ ഇരുവരും ആവശ്യപ്പെട്ടെങ്കിലും 5 സെന്റീമീറ്റർ വീതം ഉയർത്താനേ കഴിയൂ എന്നായി ഒഫിഷ്യലുകൾ. 4.10 മീറ്ററായി ലക്ഷ്യം ഉയർന്നപ്പോൾ ആനന്ദിന്റെയും അക്ഷയിന്റെയും മൂന്നു ചാട്ടങ്ങളും പിഴച്ചു. ഇതോടെ അക്ഷയിന്റെ റെക്കോർഡ് സ്വപ്നവും സ്വർണ നേട്ടവും വെള്ളിയിലേക്കൊതുങ്ങി.