വിഷ്ണുവിനൊരു വീട്: സഫലമാകട്ടെ ആ സ്വപ്നം
Mail This Article
സംസ്ഥാന സ്കൂൾ കായികമേളകളിൽ 200, 400 മീറ്ററുകളിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയ ബത്തേരി മുണ്ടക്കൊല്ലി ആദിവാസി കോളനിയിലെ എം.കെ. വിഷ്ണുവിനു സ്വന്തമായൊരു വീട് ഒരുക്കി നൽകാൻ സഹായഹസ്തവുമായി സർക്കാരും സംഘടനകളും രംഗത്ത്.
സ്വന്തമായി വീടില്ലാത്ത വിഷ്ണു ബന്ധുക്കളോടൊപ്പം ഏറെ ദുരിതാവസ്ഥയിലാണ് കഴിയുന്നതെന്ന് ഇന്നലെ മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നെന്മേനി പഞ്ചായത്ത്
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വിഷ്ണുവിന് സ്ഥലവും വീടും നൽകാൻ നടപടിയെടുക്കുമെന്നു നെൻമേനി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി. കെ. രാമചന്ദ്രൻ അറിയിച്ചു.
മലങ്കര ഓർത്തഡോക്സ് സഭ
ബത്തേരി ∙ വിഷ്ണുവിനു വീടു നിർമിച്ചു നൽകുമെന്ന് മലങ്കര ഓർത്തഡോക്സ് സഭ. എത്രയും പെട്ടെന്നു തന്നെ പുതിയ വീടിന്റെ നിർമാണം ആരംഭിക്കാനാണു തീരുമാനമെന്നു ഓർത്തഡോക്സ് സഭ മാനവവിഭവശേഷി ശാക്തീകരണ വിഭാഗം ഡയറക്ടർ ഫാ. പി.എ. ഫിലിപ്പ് അറിയിച്ചു.
മുൻപു സംസ്ഥാന കായികോത്സവത്തിൽ ഹൈജംപിൽ സ്വർണം നേടിയ പി.ആർ. സന്ധ്യയ്ക്കും ഓർത്തഡോക്സ് സഭ വീടു നിർമിച്ചു നൽകിയിരുന്നു.
അബുദാബി കെഎംസിസി
അബുദാബി ∙ വയനാട് ജില്ലാ മുസ്‌ലിം ലീഗിന്റെ സഹകരണത്തോടെ യോജ്യമായ സ്ഥലം കണ്ടെത്തി വിഷ്ണുവിന് വീട് നിർമിച്ചു നൽകുമെന്ന് അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർഅലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി കെ.വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ പി.കെ. അഹമ്മദ് എന്നിവർ പറഞ്ഞു. ഇത് വിഷ്ണുവിന് നൽകുന്ന ആത്മവിശ്വാസം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ പ്രേരണയാകുമെന്നും സംഘടന വ്യക്തമാക്കി.