യുജീൻ ∙ മൂന്നു മില്ലിമീറ്റർ പിന്നിൽ നിന്നായിരുന്നു ശ്രീശങ്കറിന്റെ ആ ചാട്ടമെങ്കിൽ! ആ നൂലിഴ വ്യത്യാസത്തിൽ ഇന്ത്യയ്ക്കു നഷ്ടമായത് ഒരു ലോക മെഡൽ??
ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിലെ പുരുഷ ലോങ്ജംപ് ഫൈനലിൽ ഇന്ത്യയ്ക്കു മോഹഭംഗമായി മലയാളി താരം എം.ശ്രീശങ്കറിന്റെ മെഡൽ നഷ്ടം. ഇന്ത്യൻ സമയം ഇന്നലെ രാവിലെ നടന്ന ഫൈനലിൽ തന്റെ മൂന്നാം ശ്രമത്തിലായിരുന്നു ശ്രീയുടെ ഏറ്റവും മികച്ച പ്രകടനം. പക്ഷേ കാൽപാദം ടേക്ക് ഓഫ് ബോർഡിൽനിന്നു 3 മില്ലിമീറ്റർ മാത്രം പുറത്തേക്കു നീങ്ങിയതോടെ ആ ചാട്ടം ഫൗളായി.
8.15 മീറ്ററിനപ്പുറം ദൂരം താണ്ടിയെന്നു റീപ്ലേകളിൽ വ്യക്തമായിരുന്ന ആ ജംപ് ഫൗൾ അല്ലായിരുന്നുവെങ്കിൽ ഒരു മെഡൽ ശ്രീശങ്കറിന്റെയും ഇന്ത്യയുടെയും പേരിൽ എഴുതപ്പെട്ടേനെ. വെങ്കലം നേടിയ സ്വിറ്റ്സർലൻഡിന്റെ സിമോൺ യെഹാമെ 8.16 മീറ്റർ ആണ് ചാടിയത്. 8.36 മീറ്റർ പിന്നിട്ട ചൈനീസ് താരം ജിയാനൻ വാങ്ങിനാണ് സ്വർണം. ഒളിംപിക് ചാംപ്യൻ ഗ്രീസിന്റെ മിൽത്തിയാദിസ് തെന്റോഗ്ലൂവ് വെള്ളി നേടി (8.30 മീറ്റർ). 7.96 മീറ്റർ ചാടിയ ശ്രീശങ്കറിന് ഏഴാം സ്ഥാനം. ഈ വർഷം 8.36 മീറ്റർ ചാടി ലോങ്ജംപിൽ ദേശീയ റെക്കോർഡിട്ട ശ്രീശങ്കറിന് ഇന്നലെ നിർണായക നിമിഷത്തിൽ ആ മികവിലേക്കുയരാനായില്ല.
ഫൈനലിലെ ശ്രീശങ്കറിന്റെ 6 ചാട്ടങ്ങളിൽ മൂന്നെണ്ണം ഫൗളായി.
ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷ ലോങ്ജംപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടത്തോടെയാണ് പാലക്കാട് സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ശ്രീശങ്കർ ഫൈനലിന് ഇറങ്ങിയത്. ആദ്യ ഊഴത്തിൽ 7.96 മീറ്റർ പിന്നിട്ട ശ്രീശങ്കർ ക്രമേണ 8 മീറ്റർ പിന്നിടുമെ
ന്നു കരുതിയെങ്കിലും അതുണ്ടായില്ല. 7.89 മീറ്റർ, 7.83 മീറ്റർ എന്നിങ്ങനെയായിരുന്നു മറ്റു 2 ചാട്ടങ്ങളിലെ പ്രകടനം.
400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം.പി.ജാബിറിനു സെമി യോഗ്യത നേടാനായില്ല. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യൻ താരം പാറുൽ ചൗധരിയും ഹീറ്റ്സിൽ പുറത്തായി.
ഒരു മെഡലുറപ്പിച്ചാണ് ഇന്നലെ ഇന്ത്യൻ സംഘം ശ്രീശങ്കറിന്റെ മത്സരം കാണാൻ പോയത്. മൂന്നാമത്തെ ജംപിൽ ഫൗൾ വഴങ്ങിയിരുന്നില്ലെങ്കിൽ ഇന്ത്യയ്ക്കു മെഡൽ സാധ്യതയുണ്ടായിരുന്നു. പക്ഷേ നിർഭാഗ്യം തിരിച്ചടിയായി. ലോക വേദിയിൽ മത്സരിക്കുന്നതിന്റെസമ്മർദം ഇന്നലെ ശ്രീശങ്കറിനുണ്ടായിരുന്നു. രാജ്യാന്തര തലത്തിൽ ശ്രീ കൂടുതൽ മത്സരപരിചയം നേടേണ്ടതുണ്ട്.
പി.രാധാകൃഷ്ണൻ നായർ ഇന്ത്യൻ ചീഫ് കോച്ച്
English Summary: World Athletics Championships: M Sreeshankar finishes seventh in Long Jump