ADVERTISEMENT

റോം ∙ 7 മാസങ്ങൾക്കു മുൻപു പോൾവോൾട്ടിലെ ലോക റെക്കോർഡ് പേരിലാക്കിയ സ്വീഡന്റെ യുവതാരം അർമാൻഡ് ഡ്യുപ്ലന്റിസ് ഇന്നലെ മറ്റൊരു ചരിത്രനേട്ടം ചാടിക്കടന്നു: പോൾവോൾട്ട് ഇതിഹാസം സെർജി ബുബ്ക ഔട്ട്ഡോറിൽ കുറിച്ച ഉയരം. 26 വർഷം മുൻപു ബുബ്ക ചാടിക്കടന്ന 6.14 മീറ്റർ ഉയരമാണ് 6.15 മീറ്ററാക്കി ഇരുപതുകാരൻ ഡ്യുപ്ലന്റിസ് മെച്ചപ്പെടുത്തിയത്.

പോൾവോൾട്ട് റെക്കോർഡിന് ഇൻഡോർ, ഔട്ട്ഡോർ വ്യത്യാസമില്ലാത്തതിനാൽ ഫ്രഞ്ച് താരം റെനോ ലവിലെനിയുടെ (6.16 മീറ്റർ) പേരിലായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 7 വരെ ലോക റെക്കോർഡ്. ബുബ്ക 1994ൽ ചാടിയ 6.14 മീറ്റർ ഉയരം 2014ലാണു റെനോ മറികടന്നത്.

Armand-and-Bubka
അർമാൻഡ് ഡ്യുപ്ലന്റിസ്, സെർജി ബുബ്ക

പോളണ്ടിൽ നടന്ന മീറ്റിൽ ഫെബ്രുവരി 8ന് 6.17 മീറ്റർ ചാടി ലോക റെക്കോർഡ് സ്വന്തമാക്കിയ ഡ്യുപ്ലന്റിസ് ഒരാഴ്ചയ്ക്കുശേഷം ഗ്ലാസ്ഗോയിൽ 6.18 മീറ്റർ ചാടി റെക്കോർഡ് പുതുക്കുകയും ചെയ്തു. ഇൻഡോർ മീറ്റുകളിലായിരുന്നു റെനോയുടെയും ഡ്യുപ്ലന്റിസിന്റെയും നേട്ടങ്ങൾ. അതിനാൽ, ഔട്ട്ഡോർ മീറ്റിൽ ബുബ്ക കുറിച്ച 6.14 മീറ്റർ ‘ഇതിഹാസ’മായി നിലനിൽക്കുകയായിരുന്നു.

റോം ഡയമണ്ട് ലീഗ് മത്സരത്തിൽ തന്റെ 2–ാം ശ്രമത്തിലാണു യുവതാരം 6.15 മീറ്റ‍ർ ചാടിക്കടന്നു സ്വർണം നേടിയത്. പിന്നീടു കൂടുതൽ ഉയരത്തിനു ശ്രമിച്ചില്ല. ബൽജിയത്തിന്റെ ബെൻ ബ്രൂഡേഴ്സ് വെള്ളിയും (5.80 മീ) ഫിലിപ്പീൻസിന്റെ ജോൺ ഏണസ്റ്റ് വെങ്കലവും (5.80 മീ) നേടി. യുഎസിൽ ജനിച്ച് സ്വീഡനിൽ ജീവിക്കുന്ന ഡ്യുപ്ലന്റിസ് കഴിഞ്ഞ ദോഹ ലോക ചാംപ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു.

English Summary: Armand Duplantis breaks Sergey Bubka’s 26-year-old outdoor pole vault world record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com