ADVERTISEMENT

ടോക്കിയോ∙ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് നിരാശയുടെ ദിനം. ഒരു വിജയം അകലെ മെഡൽ പ്രതീക്ഷിച്ചിരുന്നവരിൽ ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു സെമിയിലും വനിതകളുടെ ബോക്സിങ്ങിൽ പൂജ റാണി ക്വാർട്ടറിലും തോറ്റ് പുറത്തായി. മുൻ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധുവിനെ തോൽപ്പിച്ചത്. സ്കോർ: 21-18, 21-12. ബോക്സിങ്ങിൽ വനിതാ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ (75 കിലോഗ്രാം) ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ തോറ്റു പുറത്തായി. റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവും മുൻ ലോക ചാംപ്യനുമായ ചൈനയുടെ ക്യുൻ ലീയാണ് പൂജയെ തോൽപ്പിച്ചത്. 5–0നാണ് പൂജയുടെ തോൽവി. ഇതിനു മുൻപ് രണ്ടു തവണ ലിയുമായി മത്സരിച്ചപ്പോഴും തോൽവി വഴങ്ങിയ പൂജയ്ക്ക് ഇത്തവണയും വിജയം നേടാനായില്ല. നേരത്തെ, പ്രീ ക്വാർട്ടറിൽ അൽജീരിയയുടെ ഇച്റാക് ചായ്ബിനെ 5–0നു തകർത്താണു പൂജ ക്വാർട്ടറിലേക്കു മാർച്ച് ചെയ്തത്.

പുരുഷൻമാരുടെ ലോങ്ജംപിൽ മലയാളി താരം എം.ശ്രീശങ്കറും ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ 7.69 മീറ്റർ ദൂരം മാത്രമാണ് ശ്രീശങ്കറിന് താണ്ടാനായത്. ആകെ 31 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ ശ്രീശങ്കർ 25–ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ടു സ്ഥാനക്കാർക്കാണ് ഫൈനൽ യോഗ്യത. ശ്രീശങ്കറിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 8.26 മീറ്റർ പ്രകടനം ആവർത്തിക്കാനായിരുന്നെങ്കിൽ ഇവിടെ നേരിട്ട് ഫൈനലിന് യോഗ്യത നേടാമായിരുന്നു.

ഇന്ത്യ ഏറ്റവും മെഡൽ പ്രതീക്ഷ പുലർത്തിയിരുന്ന ഷൂട്ടിങ്ങിൽ താരങ്ങളുടെ ദയനീയ പ്രകടനം തുടരുന്നു. വനിതകളുടെ 50 മീറ്റർ റൈഫിൽ 3 പൊസിഷനിൽ ഇന്ത്യയുടെ അഞ്ജും മുദ്ഗിലും തേജസ്വിനി സാവന്തും ഫൈനൽ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ 1167 പോയിന്റുമായി അഞ്ജും മുദ്ഗിൽ 15–ാം സ്ഥാനത്തും 1154 പോയിന്റുമായി തേജസ്വിനി 33–ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ടു സ്ഥാനക്കാർ മാത്രമാണ് ഫൈനലിനു യോഗ്യത നേടുന്നത്.

വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ സമ്മാനിച്ച് വനിതകളുടെ ഡിസ്കസ് ത്രോയിൽ കമൽപ്രീത് കൗർ ഫൈനലിൽ കടന്നു. യോഗ്യതാ റൗണ്ടിൽ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരം കണ്ടെത്തിയാണ് കൗർ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. മറ്റൊരു പ്രതീക്ഷയായിരുന്ന സീമ പൂനിയ ഫൈനൽ കാണാതെ പുറത്തായി. അതേസമയം, ഇന്ത്യൻ വനിതാ ഹോക്കി ടീം തുടർച്ചയായ രണ്ടാം ജയത്തോടെ ക്വാർട്ടർ സാധ്യത സജീവമാക്കി. പൂൾ എയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 4–3ന് തോൽപ്പിച്ച ഇന്ത്യയ്ക്ക്, ഇന്ന് വൈകീട്ട് നടക്കുന്ന മത്സരത്തിൽ ബ്രിട്ടൻ അയർലൻഡിനെ തോൽപ്പിക്കുകയെ സമനിലയിൽ തളയ്ക്കുകയോ ചെയ്താൽ ക്വാർട്ടറിൽ കടക്കാം.

പുരുഷ വിഭാഗം അമ്പെയ്ത്തിൽ വ്യക്തിഗത ഇനത്തിൽ ദക്ഷിണ കൊറിയയുടെ ഒളിംപിക് ചാംപ്യനെ തോൽപ്പിച്ച് പ്രീതീക്ഷ നൽകിയ അതാനു ദാസ്, പ്രീ ക്വാർട്ടറിൽ ജപ്പാന്റെ തകാഹാരു ഫുറുകാവയോട് തോറ്റ് പുറത്തായി. ആവേശകരമായ മത്സരത്തിൽ 6–4നാണ് ജപ്പാൻ താരത്തിന്റെ വിജയം. ഒരു ഘട്ടത്തിൽ 3–1ന് മുന്നിലായിരുന്ന ആതിഥേയ താരത്തിനെതിരെ തിരിച്ചടിച്ച് 4–4ന് അതാനു ദാസ് സമനിലയിലെത്തിച്ചെങ്കിലും, അവസാന റൗണ്ടിൽ മികച്ച പ്രകടനത്തോടെ ഫുറുകാവ ക്വാർട്ടറിലേക്ക് മുന്നേറി.

ബോക്സിങ്ങിൽ പുരുഷവിഭാഗം ഫ്ലൈവെയ്റ്റിൽ ലോക ഒന്നാം നമ്പർ താരമായ ഇന്ത്യയുടെ അമിത് പംഗൽ പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ഹെർണി മാർട്ടിനസിനോടു തോറ്റും പുറത്തായി. ഇന്ത്യ മെഡൽ പ്രതീക്ഷിച്ചിരുന്ന ഇനത്തിൽ 4–1നാണ് അമിത് പംഗലിന്റെ തോൽവി. റിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവായ മാർട്ടിനസിനെതിരെ പൊരുതി നിൽക്കാൻ പോലും സാധിക്കാതെയാണ് പംഗൽ തോൽവി വഴങ്ങിയത്. ആദ്യ റൗണ്ടിൽ ബൈ ലഭിച്ചതോടെയാണ് പംഗൽ പ്രീ ക്വാർട്ടറിൽ കടന്നത്. ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്ന പി.വി. സിന്ധുവിന്റെ സെമി പോരാട്ടം ഉൾപ്പെടെ മെഡൽ സാധ്യതയുള്ള ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് ഇന്ന് മത്സരമുണ്ട്. വനിതാ വിഭാഗം ബോക്സിങ് മിഡിൽവെയ്റ്റിൽ പൂജാ റാണിക്കും ഇന്ന് മത്സരമുണ്ട്. ടോക്കിയോയിലെ തൽസമയ വിശേഷങ്ങൾ അറിയാം:

English Summary: Tokyo Olympics 2021 Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com