വായുവിൽ ഇടിക്കുന്ന ബോക്സിങ് താരം; വിഡിയോയ്ക്കു പിന്നാലെ മരണവാര്‍ത്ത
Mail This Article
ജൊഹാനാസ്ബർഗ്∙ മത്സരത്തിനിടെ ഇടിയേറ്റ് തലച്ചോറു തകർന്ന് ബോക്സിങ് താരത്തിനു ദാരുണാന്ത്യം. ദക്ഷിണാഫ്രിക്കൻ ബോക്സർ സിമിസോ ബത്തെലേസിയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. നേരത്തെ, ബത്തെലേസിയും എതിരാളി സിഫെസിലെ മ്തുങ്‍വയും ഏറ്റുമുട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മ്തുങ്‍വയെ ഇടിച്ചിട്ട ശേഷം റഫറി ഒരു വശത്തേക്ക് മാറ്റി നിർത്തിയ ബത്തെലേസി എതിരാളിയെന്ന് കരുതി ശൂന്യമായ ഒരു സ്ഥലത്ത് ഇടിക്കുന്ന വിഡിയോ ആയിരുന്നു ഇത്. എന്താണ് സംഭവിക്കുന്നതെന്ന് ബത്തെലേസിക്ക് മനസ്സിലാകുന്നില്ലെന്ന് വ്യക്തമായതോടെ റഫറി മത്സരം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ബത്തെലേസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലച്ചോറിന് പരുക്കേറ്റെന്നും തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനു കാരണമായതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഡബ്ല്യുബിഎഫ് ആഫ്രിക്കൻ ലൈറ്റ്‍വെയ്റ്റ് പോരാട്ടത്തിൽ നാലു തവണ വിജയിച്ചിട്ടുള്ള ബത്തെലേസിക്ക് ഇത്തവണയും കിരീട പ്രതീക്ഷയുണ്ടായിരുന്നു.
അതേസമയം, പരിശീലന സമയത്തോ മത്സരത്തിനിടയിൽ പോലുമോ അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കോച്ച് ഭേകി മ്ങോസുലു പറയുന്നു. അതുവരെ മത്സരത്തിൽ ബത്തെലേസി മുന്നിട്ടു നിൽക്കുകയുമായിരുന്നു.
പ്രഫഷനൽ, അമച്വർ ബോക്സർമാരുടെ തലച്ചോറിന് സ്ഥിരമായി പരുക്കേൽക്കാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മറ്റു കായിക രൂപങ്ങളിൽനിന്നു വ്യത്യസ്തമായി പരുക്കുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ബോക്സിങ് നിരോധിക്കണമെന്ന് 2020ൽ വേൾഡ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
English Summary: Boxer Simiso Buthelezi dies after collapsing at end of fight in South Africa