എഫ്വൺ: പോഡിയത്തിലേക്ക് വേർസ്റ്റപ്പൻ; അവസാന ലാപ്പിൽ അട്ടിമറിക്കു സ്കോപ്?
Mail This Article
മാക്സ് വേർസ്റ്റപ്പന്റെ വരുതിയിലാണു കാര്യങ്ങളെല്ലാം. ഫോർമുല വൺ കാറോട്ട മത്സരത്തിൽ 6 റൗണ്ടുകൾ ബാക്കി നിൽക്കെ രണ്ടാം കിരീടം ചൂടാനുള്ള അവസരമാണ് ഒക്ടോബർ രണ്ടിനു സിംഗപ്പുരിൽ തുറന്നുകിടക്കുന്നത്. കഴിഞ്ഞ സീസണിൽ അവസാനമത്സരത്തിൽ ഇഞ്ചോടിഞ്ചു പോരാടിയ ശേഷമായിരുന്നു ഡച്ച് താരത്തിന്റെ കന്നിക്കിരീട നേട്ടമെങ്കിൽ ഇക്കുറി അനായാസ വിജയത്തിലേക്കാണു റെഡ് ബുള്ളിന്റെ കുതിപ്പ്. കഴിഞ്ഞ സീസണിലെ മുഖ്യ എതിരാളി ലൂയിസ് ഹാമിൽട്ടനാകട്ടെ സീസണിൽ ഒരു വിജയം പോലും കുറിക്കാനാകാതെ നേർപ്പകുതി പോയിന്റുമായി ആറാം സ്ഥാനത്ത് ഉഴറുകയാണ്. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലയർ ഫിനിഷിങ് ലൈനിൽ പലപ്പോഴും പരാജയപ്പെട്ടു. ഇത്രയേറെ അനുകൂല സാഹചര്യങ്ങൾ കയ്യിലിരിക്കെ മറീന ബേ സർക്യൂട്ടിൽത്തന്നെ കാര്യങ്ങൾ പരിസമാപ്തിയിലെത്തിക്കുക എന്ന ജോലിയേ മാക്സിനുള്ളൂ.
∙ സാധ്യതകൾ
ആറു ഗ്രാൻപ്രികൾ അവശേഷിക്കുമ്പോൾ 335 പോയിന്റുണ്ട് റെഡ് ബുള്ളിന്റെ വേർസ്റ്റപ്പന്. രണ്ടാം സ്ഥാനത്തുള്ള ഫെറാറിയുടെ ചാൾസ് ലെക്ലയറിനു 219 പോയിന്റും. സെർജിയോ പെരസ് (റെഡ് ബുൾ– 210), ജോർജ് റസ്സൽ (മെഴ്സിഡീസ്–203), കാർലോസ് സെയ്ൻസ് (ഫെറാറി–187), ലൂയിസ് ഹാമിൽട്ടൻ (മെഴ്സിഡീസ്–168) എന്നിവരാണു പിന്നിൽ. അതായത്, ലെക്ലയറിനെക്കാൾ 116 പോയിന്റ് മുന്നിലാണിപ്പോൾ മാക്സ്. പെരസ് 125 പോയിന്റ് പിന്നിലാണ്. സിംഗപ്പൂരിൽ ജയിച്ചാൽ വേർസ്റ്റപ്പനു കിരീടമുറപ്പിക്കാൻ ലെക്ലയറിനെ 22 പോയിന്റും പെരസിനെ 13 പോയിന്റും റസ്സലിനെ ആറു പോയിന്റും സെയ്ൻസിനെ പത്തിൽ താഴെ പോയിന്റുകൾക്കും പിന്നിലാക്കണം. ലെക്ലയർ ഒൻപതാം സ്ഥാനത്തോ അതിനു താഴെയോ മത്സരം പൂർത്തിയാക്കണം. പെരസ് നാലാം സ്ഥാനത്തോ അതിനു പിന്നിലോ ആകണം.
നിലവിലെ ഫോമിൽ ലെക്ലയറിനെ ഒൻപതാം സ്ഥാനത്തേക്കു പിന്തള്ളുക പ്രയാസമാണ്. എന്നാൽ, ചെറിയൊരു യന്ത്രത്തകരാർ മതി അതിനു മാറ്റം വരാൻ. അഥവാ മേൽ കണക്കുകളെല്ലാം തെറ്റിയെന്നിരിക്കട്ടെ, സിംഗപ്പുരിനു പിന്നാലെ സുസുക്കയിലെ ജാപ്പനീസ് ഗ്രാൻപ്രി കൂടി ജയിച്ചാൽ വേർസ്റ്റപ്പനു കിരീടം ഭദ്രമാക്കാം. സിംഗപ്പുർ ഗ്രാൻപ്രി കഴിയുമ്പോൾ 139 പോയിന്റ് മാക്സ് ലീഡ് നേടിയാൽ അതു മറികടക്കാൻ മറ്റാർക്കും കഴിയില്ല. അവശേഷിക്കുന്ന അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു ഡ്രൈവർക്കു നേടാനാകുന്ന പരമാവധി പോയിന്റുകൾ 138 ആണ്. (ഫാസ്റ്റസ്റ്റ് ലാപ് ഉൾപ്പെടെ വിജയിച്ചാൽ 130 പോയിന്റും ഇന്റർലാഗോസിലെ സ്പ്രിന്റിൽ നിന്ന് 8 പോയിന്റും.)
∙ അട്ടിമറി സാധ്യത
വേർസ്റ്റപ്പനു മുൻപിൽ വളരെ ലളിതമായ വിജയപാതയാണു തുറന്നു കിടക്കുന്നത്. എന്നാൽ, ഫെറാറിക്ക് അല്ലെങ്കിൽ ലെക്ലയറിന് തിരിച്ചുവരവിന് എന്തെങ്കിലും സാധ്യത? കഴിഞ്ഞ സീസണിൽ വ്യക്തമായ മേൽക്കെ നേടി മുന്നേറിയിരുന്ന വേർസ്റ്റപ്പനെ ഹാമിൽട്ടൻ പിടിച്ചുകെട്ടിയത് രണ്ടാം പാദത്തിലാണ്. എഫ് വണ്ണിന്റെ ചരിത്രത്തിൽ അവസാന മത്സരങ്ങളിൽ അട്ടിമറിയിലൂടെ കിരീടം നേടിയവർ ഏറെയുണ്ട്. ആ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കാം.
ജോൺ സുർടീസ് (1964): സീസണിൽ 5 മത്സരങ്ങൾ ബാക്കി നിൽക്കെ 20 പോയിന്റിനു പിന്നിലായിരുന്നു സുർടീസ്. (വിജയികൾക്ക് 9 പോയിന്റ് മാത്രം കിട്ടിയിരുന്ന കാലമാണത്.) ബൈക്കിലും കാറിലും ലോക കിരീടം നേടിയ താരമാണു ജോൺ സുർടീസ്. ആദ്യ നാലു ഗ്രാൻപ്രികളിൽ മൂന്നും പൂർത്തിയാക്കാനായില്ല. ജിം ക്ലാർക്കിനെക്കാൾ 20 പോയിന്റ് പിന്നിൽ നിൽക്കുന്നിടത്തു നിന്നായിരുന്നു അവിശ്വസനീയ തിരിച്ചുവരവ്. നർബർറിങ്ങിലെ ജയത്തോടെ തൊട്ടു പിന്നിലെത്തി. ഓസ്ട്രിയയിൽ വീണ്ടും റിട്ടയർ ചെയ്യേണ്ടി വന്നു. എന്നാൽ, മോൺസയിലെ ജയവും യുഎസ്, മെക്സിക്കോ ഗ്രാൻപ്രികളിലെ രണ്ടാം സ്ഥാനവും സുർടീസിനെ കിരീട ജേതാവാക്കി. അതും ഗ്രഹാം ഹില്ലിനെ ഒരു പോയിന്റിനു മറികടന്ന്.
ജെയിംസ് ഹണ്ട് (1976): ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും വലിയ ശത്രുതയുടെയും വൻ അപകടത്തിന്റെയും സീസണായിരുന്നു 1976. ജെയിംസ് ഹണ്ടും നിക്കി ലൗഡയും തമ്മിലുള്ള ശത്രുതയും വാശിയേറിയ പോരാട്ടവും ഇന്നും കായിക ചിത്രത്തിലെ മറക്കാനാകാത്ത ഏടാണ്. ലൗഡ അകപ്പെട്ട അതിഭീകരമായ അപകടവും അത്യത്ഭുതകരമായ തിരിച്ചുവരവും താരതമ്യമില്ലാത്ത സംഭവങ്ങളാണ്. സീസണിലെ ആദ്യപാദത്തിൽ ലൗഡ ഹണ്ടിനെ നിഷ്പ്രഭനാക്കി കുതിച്ചു. പിന്നീടാണു കാർ കത്തിയമർന്നു ലൗഡയ്ക്കു ഗുരുതര പരുക്കേറ്റത്. ജീവിതത്തിലേക്കു തന്നെ തിരിച്ചുവരില്ലെന്നു സംശയിച്ച നിക്കി ലൗഡ രണ്ടു മത്സരത്തിനു ശേഷം സർക്യൂട്ടിലെത്തിയപ്പോൾ ലോകം അമ്പരന്നു. മോൺസയിലെ ലൗഡയുടെ തിരിച്ചുവരവ് ഹണ്ടിനുള്ള മുന്നറിയിപ്പായിരുന്നു. ഹണ്ടിന്റെ കിരീടമോഹങ്ങൾ ലൗഡ തല്ലിക്കെടുത്തുമെന്ന ഘട്ടത്തിലാണ്, ജപ്പാനിലെ അവസാന മത്സരത്തിൽ തകർത്തു പെയ്ത മഴയിൽ ലൗഡ മത്സരത്തിൽ നിന്നു പിന്മാറിയത്. പോഡിയം ഫിനിഷോടെ ഹണ്ട് കിരീടജേതാവായി.
കെക്കെ റോസ്ബർഗ് (1982): 5 മത്സരങ്ങൾ ബാക്കി നിൽക്കെ 16 പോയിന്റ് പിന്നിൽ നിന്നു മുന്നേറി കിരീടമണിഞ്ഞ ചരിത്രമാണു കെക്കെ റോസ്ബർഗിന്റേത്. അലൈൻ പ്രോസ്റ്റ് ഹോട്ട് ഫേവറിറ്റായി നിൽക്കുന്ന സമയം. കിരീടം പ്രോസ്റ്റിന് ഉറപ്പിച്ച ഘട്ടം. എന്നാൽ, 16 റൗണ്ട് മത്സരങ്ങളിൽ 11 എണ്ണം കഴിയുമ്പോൾ ഫ്രാൻസിന്റെ ദിദിയർ പിറോണി മുന്നിൽ. കെക്കെയാകട്ടെ അഞ്ചാം സ്ഥാനത്തും. ഹോക്കൻഹൈമിലെ ഭീകരമായ അപകടത്തിൽ പിറോണി പുറത്ത്. അതു പക്ഷേ, പിറോണിയുടെ എഫ് വൺ കരിയറിന്റെ അവസാനമായിരുന്നു. അപ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു ജോൺ വാട്സൺ. വാട്സണു ജർമനിയിൽ മത്സരം പൂർത്തിയാക്കാനായില്ല. റോസ്ബർഗ് പോയിന്റ് നേടുകയും ചെയ്തു. ഓസ്ട്രിയയിൽ രണ്ടാം സ്ഥാനത്തോടെ കെക്കെ വാട്സണെ പിന്തള്ളി. റോസ്ബർഗിന്റേത് സീസണിലെ ആദ്യ ജയമായിരുന്നു. സ്വിസ് ഗ്രാൻപ്രി ജയിച്ചതോടെ കെക്കെ 3 പോയിന്റ് ലീഡിൽ. ഇറ്റലിയിലെ പോയിന്റില്ലാ മത്സരം വാട്സണെ വീണ്ടും പിന്നോട്ടടിച്ചു. നിർണായകമായ അവസാന മത്സരത്തിൽ വാട്സൺ രണ്ടാമനായെങ്കിലും കെക്കെയ്ക്ക് അഞ്ചാം സ്ഥാനം മതിയായിരുന്നു കിരീടം നേടാൻ. കരിയറിലെ ഏക കിരീടം. മൂന്നു പതിറ്റാണ്ടിനു ശേഷം മകൻ നിക്കോ റോസ്ബർഗും എഫ് 1 കിരീടം നേടി. ഒരിക്കൽ മാത്രം. ആ ജയത്തിനു പിന്നാലെ ആരാധകരെ ഞെട്ടിച്ചു കൊണ്ടു നിക്കോ റോസ്ബർഗ് വിരമിക്കൽ പ്രഖ്യാപിച്ചു.
നെൽസൺ പിക്വെ (1983): മൂന്നു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 14 പോയിന്റിന്റെ കമ്മി മറികടന്നു കിരീടമണിഞ്ഞ ചരിത്രമാണു നെൽ‍്സൺ പിക്വെയുടേത്. അലൈൻ പ്രോസ്റ്റ് വ്യക്തമായ ആധിപത്യം പുലർത്തിയ സീസൺ. അവസാന 4 റൗണ്ടുകളിൽ അവിചാരിത സംഭവങ്ങൾ. ഡച്ച് ഗാൻപ്രിയിൽ റെനോ താരം പ്രോസ്റ്റ് പിക്വെയുമായി കൂട്ടിയിടിച്ചു പുറത്ത്. ഇതോടെ ഇരുവരും തമ്മിൽ 14 പോയിന്റ് വ്യത്യാസം. അടുത്ത മത്സരത്തിൽ മോൺസയിൽ പ്രോസ്റ്റിനു യന്ത്രത്തകരാർ മൂലം മത്സരം പൂർത്തിയാക്കാനായില്ല. സീസണിലെ അവസാന മത്സരത്തിനിറങ്ങുമ്പോഴും ലീഡ് പ്രോസ്റ്റിനായിരുന്നു. പക്ഷേ, അവിടെയും യന്ത്രത്തകരാർ മൂലം മത്സരമുപേക്ഷിക്കേണ്ടി വന്നു. ഇതോടെ പിക്വെയുടെ കിരീടധാരണം എളുപ്പമായി.
കിമി റെയ്ക്കോണൻ (2007): അവസാന രണ്ടു മത്സരങ്ങൾ വിജയിച്ച് കിട്ടാവുന്ന പരമാവധി പോയിന്റുകൾ നേടി (20 പോയിന്റ്. അന്നു വിജയിക്ക് 10 പോയിന്റ്.) 2007ൽ ചാംപ്യൻഷിപ് നേടിയത് ഫെറാറിയുടെ കിമി റെയ്ക്കോണനാണ്. ജാപ്പനീസ് ഗ്രാൻപ്രി കഴിയുമ്പൾ അരങ്ങേറ്റതാരം ലൂയിസ് ഹാമിൽട്ടൻ മക്‌ലാരനിലെ സഹതാരം ഫെർണാണ്ടോ അലൊൻസോയെക്കാൾ 12 പോയിന്റ് മുന്നിലായിരുന്നു. 17 പോയിന്റ് പിന്നിലായിരുന്നു റെയ്ക്കോണൻ. എന്നാൽ, ചൈനീസ് ഗ്രാൻപ്രിയിൽ ടയർ പൊട്ടി ഹാമിൽട്ടൻ പുറത്ത്. വിജയം റെയ്ക്കോണന്. 7 പോയിന്റ് കടവുമായി അവസാന മത്സരത്തിനിറങ്ങിയ കിമി റെയ്ക്കോണൻ നാടകീയ ജയം നേടി. സഹതാരം ഫിലിപ്പെ മാസ കിമിക്ക് വിജയത്തിലേക്കു വഴിമാറിക്കൊടുത്തു സഹായിച്ചു. ഗിയർ ബോക്സ് പ്രശ്നങ്ങൾ വലച്ച ഹാമിൽട്ടൻ മത്സരം തീർത്തത് ഏഴാം സ്ഥാനത്ത്. കിരീടം ഒരൊറ്റ പോയിന്റിന് റെയ്ക്കോണന്റെ കയ്യിൽ.
ലൂയിസ് ഹാമിൽട്ടൻ (2008): 2007ലേതിനു സമാനമായ ഫോട്ടോ ഫിനിഷ് ആയിരുന്നു 2008ലും. അന്നു പക്ഷേ, ഫെറാറിയുടെ ഫിലിപ്പെ മാസയെ ഒരു പോയിന്റിനു പരാജയപ്പെടുത്തി കിരീടജേതാവായത് ലൂയിസ് ഹാമിൽട്ടൻ. സീസണിലെ അവസാനമത്സരം. വിജയം മാസയ്ക്ക്. രണ്ടാമത് റെനോയുടെ അലൊൻസോ. (2007ൽ മക്‌ലാരനിൽ ഹാമിൽട്ടനുമായുള്ള അസ്വാരസ്യങ്ങൾ മൂലം അലൊൻസോ അടുത്ത സീസണിൽ റെനോയിലേക്കു കൂടുമാറിയിരുന്നു.) ഫെറാറിയുടെ കിമി റെയ്ക്കോണൻ മൂന്നാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തെങ്കിലും എത്തിയാൽ ലൂയിസ് ഹാമിൽട്ടനു കന്നിക്കിരീടം ലഭിക്കും. എന്നാൽ, അവസാന ലാപ് വരെ ആ സാധ്യത വിദൂരമായിരുന്നു. പക്ഷേ, തലേ സീസണിൽ കൈവിട്ട ഭാഗ്യം ഇക്കുറി ഹാമിൽട്ടന് ഒപ്പമായിരുന്നു. അവസാന ലാപ്പിന്റെ അവസാന കോർണറുകളിൽ ആറാം സ്ഥാനത്തു നീങ്ങുകയായിരുന്നു ഹാമിൽട്ടൻ. മുൻപിൽ ടൊയോട്ടയുടെ ടിമോ ഗ്ലോക്ക്. പെട്ടെന്നു യന്ത്രത്തകരാർ മൂലം ഗ്ലോക്കിന്റെ കാറിന്റെ വേഗം കുറഞ്ഞു. ചെക്കേഡ് ഫ്ലാഗ് കടന്ന ഫിലിപ്പെ മാസയും ഫെറാറി സംഘവും കിരീടനേട്ടത്തിന്റെ ആഘോഷങ്ങൾക്കു തിരി കൊളുത്തിയിരുന്നു. ഗ്ലോക്കിനെ മറികടന്നു ഹാമിൽട്ടൻ അഞ്ചാമനായി ഫിനിഷ് ചെയ്തു. അരങ്ങേറി രണ്ടാം സീസണിൽ ആദ്യകിരീടശോഭയുമായി ഹാമിൽട്ടൻ
മാക്സ് വേർസ്റ്റപ്പൻ (2021): ആവേശവും വിവാദവും ഒരുപോലെ കത്തിനിന്നിരുന്നു കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ. എട്ടാം കിരീടദാഹവുമായി ഹാമിൽട്ടനും ആദ്യകിരീടത്തിനായി വേർസ്റ്റപ്പനും അബുദാബിയിൽ മത്സരത്തിനിറങ്ങുമ്പോൾ ഇരുവർക്കും പോയിന്റ് സമാസമം. 369.5 വീതം. ഒരുപക്ഷേ, ഫോർമുല വണ്ണിലെ അത്യപൂർവ സംഭവം. ചുരുക്കത്തിൽ അബുദാബി ഗ്രാൻപ്രി ഒരു ടൈ ബ്രേക്കറായിരുന്നു. കണക്കുകൾ വളരെ വ്യക്തം. ജയിക്കുന്നയാൾക്കു കിരീടം. ജയത്തിൽക്കുറഞ്ഞൊന്നും മുന്നിൽക്കാണാത്ത അന്തംവിട്ട കുതിപ്പിൽ ആദ്യനേട്ടം ഹാമിൽട്ടന്. വ്യക്തമായ ലീഡോടെ കിരീടത്തിലേക്ക് അടുക്കുകയായിരുന്നു ഹാമിൽട്ടൻ. ഹാമിൽട്ടന്റെ നിർഭാഗ്യമോ വേർസ്റ്റപ്പന്റെ ഭാഗ്യമോ സർക്യൂട്ടിൽ അപകടത്തെത്തുടർന്ന് സേഫ്റ്റി കാർ. അതോടെ കാറുകളുടെ കുതിപ്പടങ്ങി. ഈ തക്കത്തിനു പിറ്റ് ചെയ്തു ടയർ മാറ്റി വേർസ്റ്റപ്പൻ വീണ്ടും സർക്യൂട്ടിലെത്തി. അവിടെയാണ് ഇന്റർനാഷനൽ ഓട്ടമാറ്റിക് ഫെഡറേഷൻ പിന്നീട് കുറ്റമേറ്റു പറഞ്ഞ റേസ് ഡയറക്ടർ മൈക്കൽ മാസിയുടെ ‘ഹ്യൂമൻ എറർ’ സംഭവിക്കുന്നത്. പിറ്റ് ചെയ്ത ശേഷം വേർസ്റ്റപ്പനെ മറികടന്ന കാറുകൾ അൺലാപ് ചെയ്ത് വേർസ്റ്റപ്പനെ കടത്തിവിടാനായിരുന്നു തീരുമാനം. അതോടെ മാക്സ് ഹാമിൽട്ടന്റെ തൊട്ടടുത്തെത്തി. ഏറെ സമയമുണ്ടായിട്ടും സേഫ്റ്റി കാർ പിൻവലിക്കാൻ താമസിപ്പിച്ചതും വിവാദമായി. ഒടുവിൽ അവസാന ലാപ്പിന്റെ ഏതാനും ഭാഗം മാത്രം അവശേഷിക്കെ സേഫ്റ്റി കാർ പിൻവലിച്ചു. പുത്തൻ ടയറിന്റെ ആവേശത്തിൽ ഇരമ്പിക്കയറിയ വേർസ്റ്റപ്പൻ ആദ്യകിരീടത്തിൽ മുത്തമിട്ടു. ഹാമിൽട്ടനാകട്ടെ നിരാശനായി സ്റ്റിയറിങ്ങിൽ തലകുനിച്ചിരുന്നു, ഏറെനേരം. ഒരുപക്ഷേ, ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും ആവേശകരവും അത്യന്തം നാടകീയവുമായ കടശ്ശിക്കളി.
English Summary: Formula 1 title permutations: How Max Verstappen can win second championship at Singapore GP