ADVERTISEMENT

തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിന്റെ കാലത്തു സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തു നിന്നു കാലാവധി പൂർത്തിയാകും മുൻപേ പടിയിറങ്ങേണ്ടി വരുന്ന രണ്ടാമത്തെ ഒളിംപ്യനാണു മേഴ്സി കുട്ടൻ. സ്പോർട്സ് കൗൺസിലിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രസിഡന്റായിരുന്ന ഒളിംപ്യൻ അഞ്ജു ബോബി ജോർജ് സ്വമേധയാ രാജിവച്ചത്. വോളിബോൾ താരം ടോം ജോസഫ് ഉൾപ്പെടെ ഭരണ സമിതി അംഗങ്ങളും അന്ന് അഞ്ജുവിനൊപ്പം രാജിവച്ചു. തട്ടിപ്പുകൾ പത്രസമ്മേളനത്തിൽ പരസ്യമായി വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു അഞ്ജുവിന്റെ രാജി.

രാജ്യാന്തര പ്രശസ്തയായ കായിക താരത്തിന്റെ ആ ‘ഷോക്ക് ട്രീറ്റ്മെന്റ്’ നൽകിയ നാണക്കേടിൽനിന്നു കരകയറാൻ സർക്കാർ കണ്ടെത്തിയ പോംവഴിയായിരുന്നു മറ്റൊരു ഒളിംപ്യനായ മേഴ്സി കുട്ടനെ കൗൺസിലിന്റെ തലപ്പത്തെത്തിക്കൽ. മുൻപും കൗൺസിൽ പ്രസിഡന്റായിരുന്ന സിപിഎം നേതാവ് ടി.പി.ദാസനെയാണ് അ‍ഞ്ജുവിനു പകരം സർക്കാർ ആദ്യം പ്രസിഡന്റാക്കിയത്. മേഴ്സി കുട്ടനെ വൈസ് പ്രസിഡന്റായും നിയമിച്ചു. പിന്നീട് കായിക താരം തന്നെ കൗൺസിലിനെ നയിക്കട്ടെയെന്ന പ്രഖ്യാപനവുമായി 2019ൽ മേഴ്സി കുട്ടനെ പ്രസിഡന്റാക്കി കൗൺസിൽ പുനസംഘടിപ്പിച്ചു. ഭരണ സമിതിയിലും സിപിഎം നോമിനികൾ ആയിരുന്നെങ്കിലും പ്രസിഡന്റുമായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. പുതിയ എൽഡിഎഫ് സർക്കാർ വന്നപ്പോൾ തന്നെ മേഴ്സി കുട്ടനെ മാറ്റാൻ പാർട്ടി തലത്തിൽ ഒരു വിഭാഗം നീക്കം നടത്തിയിരുന്നു. എന്നാൽ പകരം പരിഗണിച്ച പേരുകളെച്ചൊല്ലിയും പാർട്ടിയിൽ തർക്കങ്ങൾ ഉടലെടുത്തതോടെ മേഴ്സി കുട്ടൻ തൽക്കാലം തുടരട്ടെ എന്നു തീരുമാനിച്ചു. പിന്നീട് കായികമന്ത്രി വി.അബ്ദു റഹിമാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായതോടെയാണ് മാറ്റത്തിന് പാർട്ടിയും അനുമതി നൽകിയത്.

കായിക മന്ത്രിയുടെ ജില്ലക്കാരനാണ് പുതിയ പ്രസിഡന്റ് യു.ഷറഫലി. ആദ്യമായാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഫുട്ബോൾ താരം എത്തുന്നത്. കേരള പൊലീസിൽ കമൻഡാന്റായി വിരമിച്ച ഷറഫലിയെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ എൽഡിഎഫ് ശ്രമിച്ചിരുന്നു.

English Summary: Mercy Kuttan steps down, Sharaf Ali to be next sports council president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com