ADVERTISEMENT

ന്യൂഡൽഹി ∙ ഇടിക്കൂട്ടിൽ വീണ്ടും ഇന്ത്യൻ വീരഗാഥ. ലോക സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു 2 സ്വർണം കൂടി. 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീനും 75 കിലോഗ്രാമിൽ ലവ്‍ലിന ബോർഗോഹെയ്നുമാണ് ഇന്നലെ സ്വർണം നേടിയത്. ഇതോടെ ചാംപ്യൻഷിപ്പിൽ ആതിഥേയരായ ഇന്ത്യയുടെ സ്വർണനേട്ടം നാലായി. ശനിയാഴ്ച നിതു ഗൻഖാസ്, സ്വീറ്റി ബുറ എന്നീ ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയിരുന്നു. 2006നു ശേഷം ലോക വനിതാ ബോക്സിങ്ങിലെ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. ചാംപ്യൻഷിപ് ഇന്നലെ സമാപിച്ചു. 

50 കിലോഗ്രാം വിഭാഗത്തിൽ വിയറ്റ്നാം താരവും രണ്ടു തവണ ഏഷ്യൻ ജേതാവുമായ യുയെൻ തിതാമിനെ തോൽപിച്ച നിഖാത് സരീൻ തന്റെ രണ്ടാം ലോക കിരീടം നേടി. 5–0 എന്ന സ്കോറിനായിരുന്നു നിഖാത്തിന്റെ വിജയമെങ്കിലും മത്സരം ഏകപക്ഷീയമായിരുന്നില്ല. ആദ്യ റൗണ്ടിൽ ആക്രമിച്ചു തുടങ്ങിയ നിഖാത്തിനു മുന്നിൽ വി‌യറ്റ്നാം താരം പതറി. 

എന്നാൽ കരുത്തുറ്റ പഞ്ചുമായി തിതാം കളം നിറഞ്ഞതോടെ രണ്ടാം റൗണ്ടിൽ നിഖാത്തിനു പല തവണ പിഴച്ചു. നിർണായകമായ മൂന്നാം റൗണ്ടിൽ നിഖാത് വീണ്ടും താളം കണ്ടെത്തി. കൃത്യമായ അകലം പാലിച്ചു പ്രതിരോധം തീർത്ത നിഖാത്ത് ഉചിതമായ ഘട്ടത്തിൽ ഉശിരൻ പഞ്ചുകളും തീർത്തു. ഒടുവിൽ അന്തിമ വിജയവും സ്വർണവും നിഖാത്തിനു സ്വന്തം. 

ഓസ്ട്രേലിയയുടെ കെയ്റ്റ്‌ലി‍ൻ പാർക്കറിനെ 5–2 എന്ന നിലയിൽ തോൽപിച്ചാണ് 75 കിലോഗ്രാം വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയ്ന്റെ നേട്ടം. 3–2 എന്ന നിലയിൽ ലവ്‌ലിന ആദ്യ റൗണ്ടിൽ മുന്നേറി. രണ്ടാം റൗണ്ടിൽ  ഇന്ത്യൻ താരം ശക്തമായ രണ്ടു പഞ്ചുകളോടെയാണു തുടങ്ങിയത്. 

എന്നാൽ പാർക്കറിന്റെ  കിടിലൻ അപ്പർ കട്ടിൽ  ലവ്‌ലിന പതറി. നില വീണ്ടെടുത്ത ലവ്‍ലിന മൂന്നാം റൗണ്ട് മുതൽ കൃത്യമായ പ്രതിരോധം തീർത്തു. പാർക്കറിന്റെ പിഴവുകൾ മുതലാക്കുകയും ചെയ്തതോടെ അന്തിമ വിജയവും സ്വന്തം. 2018, 2019 വർഷങ്ങളിൽ ലോക ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്ന ലവ്‌ലിനയുടെ ആദ്യ ലോക സ്വർണമാണിത്.

English Summary: Womens World Boxing Championships Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com