ഒടുവിൽ ഒരു ‘മെഡൽ സമ്മതം’
Mail This Article
ലുസേൻ (സ്വിറ്റ്സർലൻഡ്) ∙ അമേരിക്കൻ ഹർഡിൽസ് താരം ലാഷിൻഡ ഡെമുസിന് 40 വയസ്സായി. ട്രാക്കിൽ നിന്നു വിടപറഞ്ഞ് വിശ്രമിച്ചിരിക്കുമ്പോഴിതാ ഡെമുസിനെത്തേടി ഒരു ഒളിംപിക് സ്വർണം വീട്ടിലെത്തിയിരിക്കുന്നു! 10 വർഷം മുൻപ് ലണ്ടൻ ഒളിംപിക്സിൽ നേടിയ വെള്ളി മെഡലാണ് ഡെമുസിന് അപ്ഗ്രേഡ് ചെയ്ത് സ്വർണമായി കിട്ടിയിരിക്കുന്നത്. അന്ന് സ്വർണം നേടിയ റഷ്യയുടെ നതാലിയ അന്റ്യൂക്കിന്റെ ഉത്തേജക ഉപയോഗം തെളിഞ്ഞതു മൂലം അയോഗ്യയാക്കപ്പെട്ടതാണ് കാരണം.
ലണ്ടൻ ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിൽ നതാലിയയ്ക്ക് 0.07 സെക്കൻഡ് പിന്നിലായാണ് ഡെമുസ് ഫിനിഷ് ചെയ്തത്. എന്നാൽ വ്യാപകമായ ഉത്തേജക മരുന്ന് ഉപയോഗം മൂലം പിൽക്കാലത്ത് പിടിക്കപ്പെട്ട റഷ്യൻ അത്‌ലീറ്റുകളുടെ കൂട്ടത്തിൽ നതാലിയയുമുണ്ടായിരുന്നു. ഇതോടെ 2012 ജൂലൈ മുതൽ 2013 ജൂൺ വരെയുള്ള നതാലിയയുടെ മത്സരവിജയങ്ങളെല്ലാം റദ്ദാക്കി. 2012 ഓഗസ്റ്റിൽ നടന്ന ഒളിംപിക്സും ഇതിൽ ഉൾപ്പെട്ടു. ഇതോടെയാണ് ഡെമുസിന് സ്വർണ മെഡൽ നൽകാൻ ഐഒസി തീരുമാനമെടുത്തത്.
2011ൽ നേടിയ ലോക ചാംപ്യൻഷിപ് സ്വർണത്തോടൊപ്പം ഐഒസി അയച്ചു കൊടുക്കുന്ന ഒളിംപിക് സ്വർണവും ഇനി ഡെമുസിന്റെ വീട്ടിലെ ഷെൽഫിൽ അലങ്കാരമാകും. ഡെമുസിന്റെ വെള്ളി സ്വർണമായതോടെ അന്ന് വെങ്കലം നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ സുസാന ഹെജ്‌നോവിന് വെള്ളി ലഭിക്കും. നാലാമതെത്തിയ ജമൈക്കയുടെ കാലിയെസ് സ്പെൻസറിനു വെങ്കലവും.
English Summary : International Olympics committee gives Gold medal to American Hurdles star after 10 years