കേരളം ജ്വലിച്ചു!; ദേശീയ സ്കൂൾ അത്‌ലറ്റിക്സിന്റെ രണ്ടാംദിനം കേരളത്തിന് 7 മെഡൽ
Mail This Article
ഭോപാൽ ∙ കടുത്ത ചൂടിൽ, ചുട്ടുപൊള്ളുന്ന ട്രാക്കിൽ വേഗത്തിന്റെ തീക്കാറ്റായി കേരളത്തിന്റെ കൗമാര അത്‍ലീറ്റുകൾ. 3 സ്വർണമടക്കം 7 മെഡലുകളുമായി കേരളം ദേശീയ സ്കൂൾ അത്‌ലറ്റിക്സിന്റെ രണ്ടാം ദിവസം കരുത്തുകാട്ടി. ആൺകുട്ടികളുടെ 400 മീറ്ററിൽ പാലക്കാട് മാത്തൂർ സിഎഫ്ഡി വിഎച്ച്എസ്എസിലെ പി.അഭിരാമും പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് പുളിയപറമ്പ് എച്ച്എസ്എസിലെ എസ്.മേഘയുമാണ് വ്യക്തിഗത ഇനങ്ങളിൽ സ്വർണം നേടിയത്. ആൺകുട്ടികളുടെ 4–100 മീറ്റർ റിലേയിലും കേരള ടീം ഒന്നാമതെത്തി.
മീറ്റിന്റെ ആദ്യദിനത്തിൽ ഒരു മെഡൽപോലും നേടാൻ കഴിയാതിരുന്ന കേരള സംഘത്തിന്റെ ഉജ്വല തിരിച്ചു വരവാണ് ഇന്നലെ കണ്ടത്. പോയിന്റ് പട്ടികയിൽ ബംഗാളിനൊപ്പം കേരളം ഒന്നാം സ്ഥാനത്തെത്തി. കേരളത്തിനും ബംഗാളിനും 42 പോയിന്റാണുള്ളത്. 39 പോയിന്റുമായി ഹരിയാന തൊട്ടുപിന്നിലുണ്ട്. താപനില 45 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്ന ഭോപാൽ സ്റ്റേഡിയത്തിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു ഇന്നലെ മലയാളി താരങ്ങളുടെ മെഡൽനേട്ടം.
ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ മുഹമ്മദ് മുഹസിൻ, പെൺകുട്ടികളുടെ 400 മീറ്ററിൽ കോട്ടയം പൂഞ്ഞാർ എസ്എംവി എച്ച്എസ്എസിലെ സാന്ദ്രമോൾ സാബു, പെൺകുട്ടികളുടെ 4–100 മീറ്റർ റിലേ ടീം എന്നിവരാണ് വെള്ളി നേടിയത്. പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ എസ്.ആരതി വെങ്കലം സ്വന്തമാക്കി. ഇന്നു 12 ഫൈനലാണുള്ളത്.
English Summary : Kerala get seven gold medal in national school athletics second day