ADVERTISEMENT

ബാങ്കോക്ക് ∙ ഏഷ്യൻ മെഡലും ഒളിംപിക്സ് ബെർത്തും ഉറപ്പിച്ച് ബാങ്കോക്കിൽ നിന്ന് പാരിസിലേക്ക് ശ്രീശങ്കറിന്റെ കുതിച്ചുചാട്ടം. ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ് പുരുഷ ലോങ്ജംപിൽ 8.37 മീറ്റർ പിന്നിട്ട് മലയാളി താരം എം.ശ്രീശങ്കർ വെള്ളി നേടി. ഈ പ്രകടനത്തോടെ അടുത്തവർഷത്തെ പാരിസ് ഒളിംപിക്സിനു യോഗ്യതയുറപ്പിച്ച ശ്രീശങ്കർ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലീറ്റുമായി. ഒരു സ്വർണവും 3 വെള്ളിയും ഒരു വെങ്കലവുമാണ് ഏഷ്യൻ ചാംപ്യൻഷിപ്പിന്റെ നാലാംദിനത്തിൽ ഇന്ത്യയുടെ നേട്ടം. ചാംപ്യൻഷിപ് ഇന്നു സമാപിക്കാനിരിക്കെ ആകെ 14 മെഡലുകളുമായി പോയിന്റ് പട്ടികയിൽ ഇന്ത്യ മൂന്നാമതാണ്. ജപ്പാനും ചൈനയുമാണ് ആദ്യ 2 സ്ഥാനങ്ങളിൽ. 

4–400 മീറ്റർ‌ മിക്സ്ഡ് റിലേയിൽ ഡൽഹി മലയാളി അമോജ് ജേക്കബ് ഉൾപ്പെട്ട ഇന്ത്യൻ ടീം ദേശീയ റെക്കോർഡോടെ (3.14.70 മിനിറ്റ്) സ്വർണം നേടി. രാജേഷ് രമേശ്, ഐശ്വര്യ മിശ്ര, ശുഭ വെങ്കിടേശൻ എന്നിവരാണ് റിലേ  ടീമിലെ മറ്റ് അംഗങ്ങൾ. പുരുഷ ഹൈജംപിൽ സർവേഷ് അനിൽ കുശാരയും (2.26 മീറ്റർ) ഹെപ്റ്റാത്‌ലനിൽ സ്വപ്ന ബർമനും വെള്ളി നേടി. ഹെപ്റ്റാത്‍ലനിൽ തുടർച്ചയായ മൂന്നാം ഏഷ്യൻ ചാംപ്യൻഷിപ്പിലാണ് സ്വപ്ന മെഡൽ നേടുന്നത്. 400 മീറ്റർ പുരുഷ ഹർഡി‍‌ൽസിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ (49.09 സെക്കൻഡ്) തമിഴ്നാട്ടുകാരൻ ‌ടി.സന്തോഷ്കുമാർ വെങ്കലം നേടി. 

 3 സെന്റിമീറ്ററിന്റെ നഷ്ടം

പുരുഷ ലോങ്ജംപിൽ കരിയറിലെ മികച്ച രണ്ടാമത്തെ പ്രകടനം പുറത്തെടുത്ത ശ്രീശങ്കറിന് ഇന്നലെ 3 സെന്റിമീറ്റർ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്. 8.40 മീറ്റർ ചാടിയ ചൈനീസ് തായ്പേയുടെ യുടാങ് ലിന്നിനാണ് സ്വർണം. മത്സരത്തിലെ 5 ജംപുകളിലും 8.10 മീറ്റിന് മുകളിൽ ചാടിയ ശ്രീശങ്കറിന്റെ ഒരു ജംപ് ഫൗളായി. ആദ്യ 3 ജംപുകൾ അവസാനിക്കുമ്പോൾ ശ്രീ ഒന്നാം സ്ഥാനത്തായിരുന്നു. നാലാം ശ്രമത്തിലായിരുന്നു യുടാങ് ലിന്നിന്റെ 8.40 മീറ്റർ പ്രകടനം. അവസാന ശ്രമത്തിലാണ് ശ്രീശങ്കർ 8.37 മീറ്റർ പിന്നിട്ടത്. ടി.സി.യോഹന്നാനുശേഷം (1975) ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ഇന്ത്യക്കാരനെന്ന നേട്ടമാണ് ശ്രീശങ്കറിന് സെന്റിമീറ്ററുകളുടെ വ്യത്യാസത്തിൽ നഷ്ടമായത്. കഴിഞ്ഞവർഷം നടന്ന കോമൺവെൽത്ത് ഗെയിംസ് ഫൈനലിൽ ശ്രീശങ്കറും സ്വർണം നേടിയ ബഹാമാസ് താരവും ഒരേ ദൂരമാണ് ചാടിയത്. തുടർന്ന് മികച്ച രണ്ടാമത്തെ ദൂരം കണക്കാക്കിയപ്പോൾ ശ്രീശങ്കർ രണ്ടാമതായി. 

sports
മിക്സ്ഡ് റിലേയിൽ‌ സ്വർണം നേടിയ ഇന്ത്യൻ ടീമംഗങ്ങളുടെ ആഹ്ലാദം. ഇടത്തുനിന്ന്: അമോജ് ജേക്കബ്, രാജേഷ് രമേശ്, ഐശ്വര്യ മിശ്ര, ശുഭ വെങ്കിടേശൻ.

ശ്രീശങ്കറിന്റെ ജംപ്; അപ്പീൽ തള്ളി

ലോങ്ജംപ് ഫൈനലിൽ ശ്രീശങ്കറിന്റെ അവസാന ജംപിലെ ദൂരം അളന്നതിൽ അപാകത ആരോപിച്ച് ഇന്ത്യ അപ്പീൽ നൽകിയെങ്കിലും സംഘാടക സമിതി നിരസിച്ചു. പ്രകടനം സൂക്ഷ്മമായി പരിശോധിക്കുന്ന വിഡിയോ അനലൈസർ സംവിധാനം തങ്ങളുടെ കൈവശം ഇല്ലെന്നായിരുന്നു സംഘാടകരുടെ മറുപടി. 

മത്സരത്തിന്റെ അവസാന ജംപിനുശേഷം സ്വർണമുറപ്പിച്ച സന്തോഷത്തിൽ ശ്രീശങ്കർ ആഹ്ലാദം തുടങ്ങിയിരുന്നു. 8.50 മീറ്ററിന് അടുത്തെത്തിയ ചാട്ടമാണ് അതെന്ന് ഇന്ത്യൻ ഒഫീഷ്യലുകളും ഉറപ്പിച്ചിരുന്നു. എന്നാൽ ദൂരം അളന്നപ്പോൾ 8.37 മീറ്ററാണ് രേഖപ്പെടുത്തിയത്. ഇതിനെതിരെയാണ് ഇന്ത്യൻ ചീഫ് കോച്ച് പി.രാധാകൃഷ്ണൻ നായർ അപ്പീൽ നൽകിയത്.

English Summary : Sreesankar wins silver in men's long jump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com