ഇടവേളകളില്ലാതെ 37 വർഷം! വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഗുകേഷ് ഒന്നാമൻ
Mail This Article
പാലക്കാട് ∙ ഇന്ത്യയുടെ ഒന്നാം നമ്പർ ചെസ് താരമായുള്ള പതിനേഴുകാരൻ ദൊമ്മരാജു ഗുകേഷിന്റെ മുന്നേറ്റം ഇനി ഔദ്യോഗികം. ലോക ചെസ് സംഘടനയുടെ മാസാദ്യ ഇലോ റേറ്റിങ് ലിസ്റ്റ് പുറത്തുവന്നപ്പോൾ ഡി.ഗുകേഷ് 2758 റേറ്റിങ് പോയിന്റുമായി ഇന്ത്യയിൽ ഒന്നാമനും ലോക റാങ്കിങ്ങിൽ എട്ടാമനുമായി.
ഇടവേളകളില്ലാതെ 37 വർഷമായി വിശ്വനാഥൻ ആനന്ദ് കൈവശം വച്ചിരുന്ന ഒന്നാം സ്ഥാനമാണ് ഗുകേഷ് നേടിയെടുത്തത്. 2754 പോയിന്റുള്ള ആനന്ദാണ് ഇന്ത്യൻ നമ്പർ 2 (ലോക റാങ്കിങ്ങിൽ ഒൻപതാമൻ). ലോകകപ്പിലെ പ്രകടനത്തിന്റെ മികവിൽ 2727 റേറ്റിങ് പോയിന്റുമായി ആർ. പ്രഗ്നാനന്ദ ഇന്ത്യയിലെ മൂന്നാം നമ്പർ താരമായി (ലോക റാങ്കിങ്ങിൽ 19).
വിദിത് ഗുജറാത്തി നാലാമതും അർജുൻ എരിഗാസി അഞ്ചാമതുമാണ്. ഈ അഞ്ചുപേരും ലോക റാങ്കിങ്ങിൽ ആദ്യ 30 പേരുടെ പട്ടികയിലുണ്ട്. ഇന്ത്യൻ റാങ്കിങ്ങിൽ ഏഴും എട്ടും സ്ഥാനങ്ങളിൽ മലയാളി താരങ്ങളായ നിഹാൽ സരിനും എസ്.എൽ. നാരായണനും ഇടം പിടിച്ചു. ലോക റാങ്കിങ്ങിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ മാഗ്നസ് കാൾസൻ (2839), ഫാബിയാനോ കരുവാന (2786), ഹികാരു നകാമുറ (2780) എന്നിവർക്കാണ്. നിലവിലെ ലോക ചാംപ്യൻ ഡിങ് ലിറൻ നാലാമതാണ്. വനിതാ റാങ്കിങ്ങിൽ ചൈനയുടെ ഹൂ യിഫാനാണ് മുന്നിൽ (2628). ഇന്ത്യയുടെ കൊനേരു ഹംപി നാലാം സ്ഥാനത്തുണ്ട്.
English Summary: Gukesh replaces Anand as top-ranked Indian in official FIDE rating