ഫോർമുല വൺ ഗ്രാൻപ്രി: തുടർച്ചയായ 10 വിജയമെന്ന റെക്കോർഡുമായി മാക്സ് വേർസ്റ്റപ്പൻ
Mail This Article
മോൺസ (ഇറ്റലി) ∙ മയാമിയിൽനിന്ന് ഇറ്റലിയിലെ മോൺസയിലേക്ക് എത്ര കിലോമീറ്റർ ദൂരമുണ്ടെന്ന ചോദ്യം മാക്സ് വേർസ്റ്റപ്പനോടാണെങ്കിൽ പൊളിക്കും! കാരണം, കഴിഞ്ഞ മേയിൽ മയാമിയിലെ പോഡിയം ഫിനിഷിൽ തുടങ്ങിയ വേർസ്റ്റപ്പന്റെ റേസ് ഞായറാഴ്ച എത്തിനിൽക്കുന്നത് മോൺസയിലാണ്. മയാമി മുതൽ മോൺസ വരെ 10 റേസുകൾ. ഇതിൽ പത്തിലും ഒരേയൊരു വിജയി; ഡച്ചുകാരൻ മാക്സ് വേർസ്റ്റപ്പൻ!
ഒരു സീസണിൽ തുടർച്ചയായി 10 ഗ്രാൻപ്രി വിജയമെന്നതു പുതിയ റെക്കോർഡാണ്. 2013ൽ സെബാസ്റ്റ്യൻ വെറ്റൽ സ്ഥാപിച്ച തുടർച്ചയായ 9 വിജയങ്ങളുടെ റെക്കോർഡാണ് വേർസ്റ്റപ്പന്റെ റെഡ്ബുൾ റേസിങ് ആർബി19 തിരുത്തിയത്.
പത്തിൽ താഴെ ഗ്രാൻപ്രികൾ മാത്രമുണ്ടായിരുന്ന ഫോർമുല വൺ കാലത്തുനിന്ന് 23 റേസുകളുള്ള ഇക്കാലത്തേക്കുള്ള കുതിപ്പിനിടെ തുടർച്ചയായി 10 റേസുകൾ വിജയിക്കുന്ന ആദ്യ ഡ്രൈവറെന്നത് വേർസ്റ്റപ്പന്റെ പേരിൽ കുറിക്കേണ്ട ചരിത്രം കൂടിയാണിത്. 7 വട്ടം ലോകചാംപ്യനായിട്ടുള്ള മൈക്കൽ ഷൂമാക്കർ മുതൽ ലൂയിസ് ഹാമിൽട്ടൻ വരെയുള്ള ഇതിഹാസ താരങ്ങൾക്കും തുടർച്ചയായി ഇത്രയേറെ വിജയം നേടാൻ സാധിച്ചിട്ടില്ല.
ഞായറാഴ്ച, ഇറ്റാലിയൻ ഗ്രാൻപ്രിയിൽ ഗ്രിഡിൽ രണ്ടാം സ്ഥാനത്തു റേസ് തുടങ്ങിയ വേർസ്റ്റപ്പൻ ഫെറാറിയുടെ കാർലോസ് സെയ്ൻസിനെ 15–ാം ലാപ്പിലാണ് പിന്നിലാക്കിയത്. പിന്നീട് ലീഡ് വിട്ടുകൊടുക്കാതെ ഇരമ്പിക്കുതിച്ച വേർസ്റ്റപ്പന്റെ കാർ അതിവേഗം ബഹുദൂരം ചെക്കേഡ് ഫ്ലാഗ് മറികടന്നു. 5–ാം സ്ഥാനത്തു റേസ് തുടങ്ങിയ റെഡ്ബുളിന്റെ സെർജിയോ പെരസ് 5 ലാപ്പുകൾ മാത്രം ശേഷിക്കെയാണ് രണ്ടാം സ്ഥാനത്തേക്കു കുതിച്ചെത്തിയത്. ഇതോടെ, ആദ്യ 2 സ്ഥാനങ്ങളിലും റെഡ്ബുൾ വിജയപതാക നാട്ടി. റെഡ്ബുളിന്റെ തുടർച്ചയായ 14–ാം വിജയമായി ഇത്. ഇനിയുള്ള 8 റേസുകളിലും റെഡ്ബുൾ തന്നെ ജേതാക്കളാകാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ, ഒരു സീസണിലെ എല്ലാ മത്സരങ്ങളിലും ജയിക്കുന്ന ആദ്യ ടീമാകും റെഡ്ബുൾ.
English Summary: Max verstappen with a record of 10 consecutive wins