കിരൺ ജോർജ് സംസാരിക്കുന്നു: ലക്ഷ്യം ഒളിംപിക്സ് മെഡൽ
Mail This Article
കൊച്ചി ∙ ‘പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. വല്ലാത്തൊരു ഫീലിങ്’– ഇന്തൊനീഷ്യ മാസ്റ്റേഴ്സ് സൂപ്പർ 100 ബാഡ്മിന്റൻ കിരീടനേട്ടം നൽകിയ സന്തോഷത്തിനപ്പുറം മറ്റൊരു ആവേശത്തിലാണ് കിരൺ ജോർജ്. ഇന്ന് ആരംഭിക്കുന്ന ഹോങ്കോങ് സൂപ്പർ 500 ടൂർണമെന്റിൽ കിരണിന്റെ സ്വപ്നതാരവും ലോക ഒന്നാം നമ്പറുമായ വിക്ടർ ആക്സെൽസനാണു (ഡെന്മാർക്ക്) ടോപ് സീഡ്. ‘വിക്ടറിനെപ്പോലൊരു താരമാവുകയാണ് എന്റെ ലക്ഷ്യം. എന്റെ ഏറ്റവും വലിയ പ്രചോദനമാണ് അദ്ദേഹം ഹോങ്കോങ്ങിൽനിന്ന് കിരൺ ‘മനോരമ’യോടു പറഞ്ഞു. ദേശീയ ബാഡ്മിന്റൻ ചാംപ്യനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ജോർജ് തോമസിന്റെയും ഇന്ത്യൻ യൂണിവേഴ്സിറ്റി ബാഡ്മിന്റൻ മുൻ വനിതാ സിംഗിൾസ് ജേതാവ് പ്രീത ജോർജിന്റെയും മകനായ കിരൺ കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്തൊനീഷ്യ മാസ്റ്റേഴ്സ് ജേതാവായത്. കിരൺ സംസാരിക്കുന്നു.
വിക്ടർ മാത്രമാണോ കളിയിലെ പ്രചോദനം?
ഏറ്റവും വലിയ പ്രചോദനം പിതാവു ജോർജ് തോമസ് തന്നെ. അദ്ദേഹത്തിൽനിന്നാണു ബാഡ്മിന്റൻ പരിശീലിച്ചുതുടങ്ങിയത്.
ബാഡ്മിന്റനിലെ ലക്ഷ്യം?
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ കിരീടമാണ് ഏറ്റവും വലിയ മോഹം. ഒപ്പം ഒരു ഒളിംപിക്സ് സിംഗിൾസ് മെഡൽനേട്ടവും. ലോക ഒന്നാം നമ്പർ പദവിയും വലിയ മോഹംതന്നെ.
ഇന്തൊനീഷ്യയിലെ കിരീടനേട്ടം നൽകുന്ന ആത്മവിശ്വാസം?
2022 ജനുവരിയിൽ ഒഡീഷ ഓപ്പണും മാർച്ചിൽ പോളിഷ് ഓപ്പണും നേടിയശേഷം ഞാൻ പല ടൂർണമെന്റുകളിലും സെമി ഫൈനലും ക്വാർട്ടറും വരെ കളിച്ചു. പക്ഷേ കിരീടവിജയങ്ങളുണ്ടായില്ല. അതാണ് ഇന്തൊനീഷ്യയിൽ പരിഹരിക്കപ്പെട്ടത്.
ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ ഇന്ത്യയുടെ സാധ്യതകൾ?
ഇന്ത്യയ്ക്കു വലിയ സാധ്യതകളുണ്ട്. നിലവിലെ തോമസ് കപ്പ് (ലോക ടീം ചാംപ്യൻഷിപ്) ജേതാക്കളാണു നമ്മളെന്നതു വലിയ മുൻകൈ നൽകും. എച്ച്.എസ്.പ്രണോയ്, ലക്ഷ്യ സെൻ, കെ.ശ്രീകാന്ത് എന്നിവർ മികച്ച വിജയത്തിനു കെൽപുള്ളവരാണ്.
വനിതാ ടീമിൽ തീർച്ചയായും പ്രതീക്ഷ പി.വി.സിന്ധുവിനുതന്നെ. ഡബിൾസിൽ ഗായത്രി ഗോപീചന്ദ്–ട്രീസ ജോളി സഖ്യം സ്വർണം നേടുമെന്നു ഞാൻ കരുതുന്നു.
English Summary: Kiran George speaks after victory of Indonesia Masters Badminton