തിത്തിത്താരാ തിത്തിത്തെയ്..!
Mail This Article
ഹാങ്ചോയിലെ ഫുയാങ് വാട്ടർ സ്പോർട്സ് സെന്ററിൽ ഇന്ത്യൻ തുഴച്ചിൽ ടീം മെഡലുകൾ വാരിയെടുക്കുന്നതു കണ്ടപ്പോൾ മനസ്സിൽ ‘തിത്തിത്താരാ തിത്തിത്തെയ്’ പാടിയിട്ടുണ്ടാകും കായികപ്രേമികൾ. നമ്മുടെ വള്ളംകളിയോടു സാമ്യമുള്ളതാണ് റോവിങ്ങിലെ പല മത്സരവിഭാഗങ്ങളും. വ്യത്യാസങ്ങളുമുണ്ട്.
ആഞ്ഞു തുഴയാം! (പിന്നോട്ട്)
വള്ളംകളിയിൽ തുഴഞ്ഞു മുന്നേറുകയാണ് വേണ്ടതെങ്കിൽ റോവിങ്ങിൽ തുഴഞ്ഞു പോവേണ്ടത് പിന്നോട്ടാണ്. പിന്നിലുള്ള ഫിനിഷിങ് ലൈനിൽ ആദ്യമെത്തുന്നവരാണ് ജയിക്കുക. ചുണ്ടൻ വള്ളത്തിൽ നൂറു പേരോളമുണ്ടാകുമെങ്കിൽ റോവിങ്ങിൽ പരമാവധി 8 തുഴച്ചിൽക്കാരേ ഉണ്ടാകൂ.
ബോട്ടിലെ ഒൻപതാമൻ!
8 പേരുടെ ടീമിനങ്ങളിൽ 9 പേർക്കു മത്സരിക്കാനാകുമോ? റോവിങ്ങിൽ അങ്ങനെയൊരു ഒൻപതാമനുണ്ട്. പുരുഷ, വനിതാ ഗ്രൂപ്പ് മത്സരമായ കോക്സ്ഡ് 8ൽ ആകെ ഒൻപതുപേരാണ് ഒരു ടീമിൽ മത്സരിക്കുന്നത്. ഒൻപതാമൻ തുഴയിലില്ലെന്നു മാത്രം. പക്ഷേ മത്സരത്തിൽ ബോട്ടിന്റെ ഗതിയും സംഘത്തിന് നിർദേശങ്ങളും ആവേശവും നൽകുന്നത് ഇയാളായിരിക്കും. കോക്സ് എന്നാണ് ഈ ഒൻപതാമന്റെ പേര്. ടീമംഗങ്ങളെല്ലാം ഫിനിഷിങ് ലൈനിൽ നിന്നു പുറംതിരിഞ്ഞ് ഇരിക്കുന്നതിനാൽ മറ്റു ടീമുകളുടെ മുന്നേറ്റത്തെക്കുറിച്ച് സൂചന നൽകുന്നതും ഇയാൾ തന്നെ. രാജ്യാന്തര റോവിങ് മത്സരങ്ങളിൽ കോക്സിന് കുറഞ്ഞത് 55 കിലോഗ്രാം ഭാരമുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. കോക്സ് ഇല്ലാത്ത മത്സരവിഭാഗമാണ് കോക്സ്‌ലെസ്.
തുഴ: 3.75 മീറ്റർ നീളമുള്ള തുഴ കടുപ്പമേറിയ കാർബൺ ഫൈബർ കൊണ്ടു നിർമിച്ചതാണ്. ഇതിനു പ്ലാസ്റ്റിക് കോളറും റബറോ വുഡോ കൊണ്ടോ നിർമിച്ച ഹാൻഡിലും ഉണ്ടാകും.
ട്രാക്ക്: എല്ലാ വിഭാഗങ്ങളിലും 2 കിലോമീറ്റർ നീളം. ഓരോ ലെയ്നിന്റെയും വീതി 12.5–13.5 മീറ്റർ വരെ.
കാലറി മീറ്റർ
ഒളിംപിക് നിലവാരത്തിലുള്ള ഒരു റോവർക്ക് ഏകദേശം ഒരു ദിവസത്തെ പരിശീലനത്തിന് 5000–7000 കാലറി ഊർജം വേണ്ടി വരും.
ബോട്ടിൽ എന്തുണ്ട്?
റോവിങ് ബോട്ടുകളിലെ ‘റോൾസ് റോയ്സ്’ എന്നാണ് ‘കോക്സ്ഡ് 8 ബോട്ട്’ അറിയപ്പെടുന്നത്. അതിന്റെ പ്രത്യേകതകളിങ്ങനെ.
നീളം: 20 മീറ്ററിനടുത്ത്.
ഭാരം: കുറഞ്ഞത് 96 കി.ഗ്രാം
വേഗം: മണിക്കൂറിൽ ശരാശരി 24 കിലോമീറ്റർ
(ഒളിംപിക് നിലവാരം)
വില: ഏകദേശം 50 ലക്ഷം രൂപ.
ഗതി നിയന്ത്രിക്കാനുള്ള റഡ്ഡർ, അപകടസാധ്യത കുറയ്ക്കാനുള്ള ബോ ബോൾ, വീൽ ഘടിപ്പിച്ച സീറ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ബോട്ട്. വേഗം, സമയം, സ്ട്രോക്കുകളുടെ എണ്ണം, മൈക്രോ ഫോൺ എന്നിവയുള്ള റേറ്റ് മീറ്റർ അധികമായി ഘടിപ്പിക്കണം.
മത്സരവിഭാഗങ്ങൾ
ബോട്ടുകളുടെയും തുഴച്ചിൽക്കാരുടെയും വ്യത്യാസം അനുസരിച്ച് രണ്ടു വിഭാഗങ്ങളിലായി 7 മത്സര ഇനങ്ങൾ ഏഷ്യൻ ഗെയിംസിലുണ്ട്.
സ്കൾസ്– ഒരാൾക്ക് ഇരുഭാഗത്തും തുഴയുള്ളത്
1) സിംഗിൾ സ്കൾസ്– ഒരാൾ മാത്രം
2) ഡബിൾ സ്കൾസ്– 2 പേർ
3) ക്വാഡ്രപ്പിൾ സ്കൾസ്– 4 പേർ
4) ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസ്
സ്വീപ് റോവിങ്– ഒരാൾക്ക് തുഴ ഒരു ഭാഗത്തു മാത്രം
1) പെയർ– 2 പേർ
2) ഫോർ– 4 പേർ
3) എയ്റ്റ്– 8 പേർ
വാടകബോട്ടിൽ തുഴഞ്ഞുനേടിയ മെഡൽ
സ്വന്തമായി ബോട്ടില്ലാതെ, മത്സരത്തിനുള്ള തുഴകൾ മാത്രമായാണ് ഇന്ത്യൻ റോവിങ് ടീം ചൈനയിലെത്തിയത്. ഇവിടെനിന്നു സംഘടിപ്പിച്ച 10 വാടകബോട്ടുകളിൽ തുഴഞ്ഞാണ് മെഡലുകൾ നേടിയത്. 2014, 2018 ഗെയിംസുകളിൽ 3 മെഡലുകൾ മാത്രം നേടാൻ കഴിഞ്ഞ ഇന്ത്യയുടെ മെഡൽനേട്ടം ഇത്തവണ 5 ആയി.
വിവരങ്ങൾക്ക് കടപ്പാട്: ക്യാപ്റ്റൻ സജി തോമസ്, മുൻ ഇന്ത്യൻ താരം, അർജുന അവാർഡ് ജേതാവ്.
English Summary: Rowing teams win 5 medels for India in Asian Games