22 മെഡൽ ഷൂട്ടിങ്ങിൽ സർവകാല റെക്കോർഡ്
Mail This Article
22 മെഡലുകളുമായി സർവകാല റെക്കോർഡ് കുറിച്ച് ഇന്ത്യൻ ഷൂട്ടർമാർ ഹാങ്ചോയിൽ നിന്നു മടങ്ങുന്നു. 7 സ്വർണവും 9 വെളളിയും 6 വെങ്കലവും ഉൾപ്പെടെ 22 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ ഷൂട്ടിങ് റേഞ്ചിൽ നിന്നു നേടിയത്. ഒരു ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മികച്ച നേട്ടമാണിത്. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ നേടിയ 14 മെഡലുകളായിരുന്നു മുൻ റെക്കോർഡ്.
ബോക്സിങ്: നിഖാത് സരീന് വെങ്കലം
ഹാങ്ചോ ∙ വിജയത്തുടർച്ചയ്ക്ക് അവസാനമായത് നിരാശയായെങ്കിലും നിഖാത് സരീന് ആശ്വാസമായി വനിതാ ബോക്സിങ് 50 കിലോഗ്രാം ഭാരവിഭാഗത്തിൽ വെങ്കലം. സെമിഫൈനലിൽ തായ്‌ലൻഡിന്റെ റക്സത് ചുതാമതിനോടാണ് നിഖാത് കീഴടങ്ങിയത്. ലോക ചാംപ്യൻഷിപ്പിൽ നിഖാത് തോൽപിച്ച താരമാണ് റക്സത്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ സെമിഫൈനലിലെത്തിയ പർവീൺ ഹൂഡ മെഡലും പാരിസ് ഒളിംപിക്സ് യോഗ്യതയും ഉറപ്പാക്കി. ക്വാർട്ടറിൽ ഉസ്ബെക്കിസ്ഥാന്റെ സിതോര തുർഡിബെക്കോവയെയാണ് പർവീൺ തോൽപിച്ചത്. പ്രീതി പവാർ (54 കിലോഗ്രാം), ലവ്‌ലിന ബോർഗോഹെയ്ൻ (75 കിലോഗ്രാം), നരേന്ദർ ബെർവാൾ (പുരുഷൻമാരുടെ +92 കിലോഗ്രാം) എന്നിവരും സെമിഫൈനലിലെത്തി മെഡലുറപ്പാക്കിയിട്ടുണ്ട്.
ഒളിംപിക്സിൽ മത്സരമില്ലാത്ത 52 കിലോഗ്രാം ഭാരവിഭാഗത്തിൽ നിന്ന് 50 കിലോഗ്രാം വിഭാഗത്തിലേക്കു മാറിയ നിഖാത് 2021 ഒക്ടോബറിനു ശേഷം നേരിടുന്ന ആദ്യ തോൽവിയായിരുന്നു ഇന്നലെ.
സാഭിമാനം സാബ്‌ലെ
അത്‌ലറ്റിക്സ് മത്സരങ്ങളുടെ രണ്ടാംദിനത്തിലെ ആദ്യ 2 ഫൈനലുകളിലും ഇന്ത്യ സുവർണ മുദ്ര പതിപ്പിച്ചു. പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം നേടിയ അവിനാഷിന് (8.19.53 മിനിറ്റ്) മത്സരത്തിൽ കാര്യമായ വെല്ലുവിളിയുണ്ടായില്ല. ആദ്യ 100 മീറ്ററിൽ തന്ന ലീഡെടുത്ത അവിനാഷ് 50 മീറ്റർ ലീഡോടെയാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ ലോക ചാംപ്യൻഷിപ്പിൽ ഫൈനൽ കാണാതെ പുറത്തായതിന്റെ നിരാശ തീർക്കുന്നതായിരുന്നു മഹാരാഷ്ട്രക്കാരൻ സാബ്‌ലെയുടെ റെക്കോർഡ് പ്രകടനം. പുരുഷ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണമാണിത്.
കരുത്തുകാട്ടി ശ്രീശങ്കർ
ഇന്നലെ ഏറ്റവും കടുത്ത പോരാട്ടങ്ങളിലൊന്നിനു സാക്ഷ്യം വഹിച്ച പുരുഷ ലോങ്ജംപിൽ മലയാളി താരം എം.ശ്രീശങ്കർ വെള്ളി മെഡൽ നേടിയതും ഉജ്വല തിരിച്ചുവരവിലൂടെയാണ്. ആദ്യ 2 ശ്രമങ്ങൾക്കുശേഷം മെഡൽ സാധ്യതാ പട്ടികയ്ക്കു പുറത്തായിരുന്ന ശ്രീ, തുടർന്ന് 3 തവണ 8 മീറ്ററിനപ്പുറം ചാടി മികവു തെളിയിച്ചു. നാലാം ജംപിലെ 8.19 മീറ്ററായിരുന്നു ശ്രീയുടെ മികച്ച പ്രകടനം. 2022ലെ ലോക ചാംപ്യൻഷിപ് ജേതാവായ ചൈനയുടെ വാങ് ജിയാൻ ഒന്നാമതെത്തി. (8.22 മീറ്റർ) മറ്റൊരു ഇന്ത്യൻ താരം ജെസ്വിൻ ആൽഡ്രിൻ എട്ടാംസ്ഥാനത്തായി.
English Summary: Asian games: Record in Medal Tally on Shooting