ചിത്രം വ്യക്തം; ഓടാൻ ദൂരമേറെ
Mail This Article
ഞാൻ ഇഷ്ടത്തോടെ മത്സരിച്ചിരുന്ന ഇനങ്ങളിലൊന്നിൽ വാശിയേറിയ പോരാട്ടം നടക്കുന്നതു കണ്ടുകൊണ്ടാണു കായികോൽസവത്തിന്റെ ഒന്നാംദിനം ആരംഭിച്ചത്. 3000 മീറ്ററിൽ ജേതാവാകാൻ ആഗ്രഹം മാത്രം മതിയാകില്ല. എൻഡ്യുറൻസും സ്റ്റാമിനയും ഫിറ്റ്നസും സ്പീഡും തളരാത്ത മനസ്സുമുള്ളവർക്കേ ഈയിനത്തിൽ വിജയിക്കാനാകൂ. ജൂനിയർ വിഭാഗങ്ങളിൽ പൊരുതി ജയിച്ച ഗോപിക ഗോപി, മുഹമ്മദ് അമീൻ എന്നിവർക്കും സീനിയർ വിഭാഗങ്ങളിൽ സ്വർണമടിച്ച സി.ആർ.നിത്യ, ജെ.ബിജോയ് എന്നിവർക്കും ആദ്യം തന്നെ അഭിനന്ദനങ്ങൾ. എന്റെ ജില്ലയായ പാലക്കാടിന്റെ കരുത്തിനു പുതിയ വെല്ലുവിളിയായി മലപ്പുറം ജില്ല പോയിന്റ് പട്ടികയിൽ കൊണ്ടും കൊടുത്തും ഉയരുന്നതു സന്തോഷത്തോടെ കാണുന്നു. എതിരാളികൾ ശക്തരാകുമ്പോഴാണു മത്സരം കനക്കുന്നതും വിജയം മധുരമാകുന്നതും.
രണ്ടു റെക്കോർഡുകളിലൂടെ മീറ്റിന്റെ ഒന്നാംദിനം തങ്ങളുടെ മാത്രം സ്വന്തമാക്കിയതിനു പി.അഭിറാമിനും കെ.സി.സെർവാനും വലിയ കയ്യടി കൊടുക്കേണ്ടതാണ്. എന്റെ പ്രിയ ഇനങ്ങളിലൊന്നായ 3000 മീറ്ററിലെ പ്രകടനങ്ങളെപ്പറ്റി പൊതുവായ ചില ആശങ്കകൾ കൂടി പങ്കുവയ്ക്കേണ്ടതുണ്ട്. കുറച്ചുവർഷം മുൻപു വരെ ജേതാക്കൾ ഫിനിഷ് ചെയ്തിരുന്നതു 10 മിനിറ്റിൽ താഴെ സമയമെടുത്താണ്. ഇപ്പോൾ 10 മിനിറ്റും ചിലപ്പോൾ 11 മിനിറ്റിനു മുകളിലുമൊക്കെയാണു ഫിനിഷ് ചെയ്യാനെടുക്കുന്നത്. അവസാന 100 മീറ്ററിൽ മാത്രം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തീരുമാനിക്കപ്പെടുന്ന അവസ്ഥയും മാറി. ആദ്യ 100 മീറ്ററിൽ തന്നെ ആരു ജയിക്കുമെന്നു പ്രവചിക്കാൻ കഴിയുന്ന അവസ്ഥയാണ്. നമ്മുടെ പ്രകടനങ്ങൾ മങ്ങാൻ അനുവദിക്കരുത്. കൂടുതൽ കൂടുതൽ മെച്ചപ്പെടുകയാണു വേണ്ടത്.
അധികം മത്സര പരിചയമില്ലാത്ത കുട്ടികളാണു പലയിനങ്ങളിലും മത്സരിക്കാനെത്തുന്നത് എന്നതാണ് ഇതിനു കാരണമെന്നു തോന്നുന്നു. സീനിയർ വിഭാഗത്തിലാണെങ്കിലും മറ്റ് ഇനങ്ങളിൽ നിന്നു മാറിവരുന്നവരാണു ചിലരെങ്കിലും. അതുകൊണ്ടു തന്നെ പ്രകടനങ്ങളുടെ നിലവാരം കുറഞ്ഞാലും ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. കുറച്ചു സമയം കൊടുക്കൂ, അവർ ഉറപ്പായും മുകളിലേക്കു കയറിവരും. മധ്യദൂര, ഹ്രസ്വദൂര മത്സരങ്ങളിൽ വിജയിക്കാനാഗ്രഹിക്കുന്ന കുട്ടികളോടു ചേച്ചിയുടെ സ്ഥാനത്തു നിന്നു ചില കാര്യങ്ങൾ കൂടി പങ്കുവയ്ക്കാം. എൻഡ്യുറൻസും സ്റ്റാമിനയുമാണു നിങ്ങളുടെ വിജയ പരാജയങ്ങളിലെ നിർണായക ഘടകങ്ങൾ. 3000 മീറ്ററിലാണു മത്സരിക്കുന്നതെങ്കിൽ 10,000 മീറ്റർ ഓടി ശീലിക്കണം. എങ്കിലേ വേഗം കുറയാതെ ഫിനിഷ് ചെയ്യാൻ പ്രാപ്തി നേടൂ. ദിവസവും 10 കിലോമീറ്റർ ഓടണമെന്നല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഫിറ്റ്നസിന്റെയും ഡയറ്റിന്റെയും കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. തൂക്കം കൂടാതെ നോക്കുകയും വേണം, നല്ല സ്റ്റാമിന ലഭിക്കത്തക്ക വിധത്തിൽ പോഷകാഹാരങ്ങൾ കഴിക്കുകയും വേണം. പ്രാക്ടീസിൽ ഉഴപ്പേണ്ട, ഗ്രൗണ്ടിലിറങ്ങുമ്പോൾ സന്തോഷം തോന്നുക എന്നതു പ്രധാനമാണ്.