സർവം സർവാൻ !; അഭിറാം സൂപ്പർ!
Mail This Article
കുന്നംകുളം (തൃശൂർ) ∙ കുന്നംകുളം സീനിയർ സ്റ്റേഡിയത്തിലുള്ള ത്രോ സെക്ടറിലെ പുത്തൻ മലേഷ്യൻ നെറ്റിനെയും ഗാലറിയെയും മറികടന്നു രാജ്യാന്തര താരം കെ.സി.സർവാൻ പറത്തിയ ഡിസ്കസ് ഉയർന്നു കറങ്ങി പുൽമൈതാനത്തു വീണപ്പോൾ പിറന്നത് സ്വർണത്തോടൊപ്പം 3 സുന്ദരൻ റെക്കോർഡുകൾ!ഡിസ്കസ് ത്രോയിൽ സീനിയർ വിഭാഗത്തിലെ പുതിയ ദേശീയ റെക്കോർഡ്, സ്കൂൾ കായിക മേളയിലെ സംസ്ഥാന റെക്കോർഡ് എന്നിവയ്ക്കൊപ്പം സംസ്ഥാന തലത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഡിസ്കസ് ത്രോയിൽ റെക്കോർഡുള്ള യുവതാരവുമായി കാസർകോടുകാരൻ സർവാൻ.
സഹോദരൻ കെ.സി.സിദ്ധാർഥന്റെ (53.34 മീറ്റർ) പേരിലുള്ള സീനിയർ ഡിസ്ക്സ് ത്രോ (1.5 കിലോ ഭാരം) മീറ്റ് റെക്കോർഡാണു സർവാൻ ഇന്നലെ തകർത്തത് (57.71 മീറ്റർ). മുൻകാല ദേശീയ സ്കൂൾ മീറ്റ് റെക്കോർഡുകൾ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അപ്ഡേറ്റ് ചെയ്യാത്തതിനാൽ 57.71 മീറ്റർ തന്നെയായി ദേശീയ റോക്കോർഡും.
കാസർകോട് കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ്. അച്ഛനും കാസർകോട് ചെറുവത്തൂർ കെസി ത്രോസ് അക്കാദമിയുടെ സാരഥിയുമായ കെ.സി.ഗിരീഷിന്റെ കീഴിലാണു പരിശീലനം. ഷോട്പുട്ടിലും സംസ്ഥാന ചംപ്യനായ സർവാൻ സീനിയർ വിഭാഗത്തിൽ മറ്റന്നാൾ മത്സരത്തിനിറങ്ങും.
അഭിറാം സൂപ്പർ!
സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ മത്സരിക്കാൻ 2 സംസ്ഥാനങ്ങൾ താണ്ടി ‘മാരത്തൺ’ ഓടിയ പി.അഭിറാമിനു റെക്കോർഡോടെ സ്വർണം. ഏതാനും മണിക്കൂറുകളുടെ മാത്രം അകലത്തിൽ ദേശീയ ഓപ്പൺ അത്‍ലറ്റിക് മീറ്റും സംസ്ഥാന സ്കൂൾ കായികോത്സവവും സംഘടിപ്പിച്ചതാണ് അഭിറാമിനെ നെട്ടോട്ടമോടിച്ചത്. 15നു വൈകിട്ടു ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്നു നേരെ എയർപോർട്ടിലെത്തി വിമാനത്തിൽ കയറി അഭിറാം കൊച്ചിയിലെത്തുമ്പോൾ പുലർച്ചെ 2 മണി.
ഉറങ്ങാൻ പോലുമാകാതെ പാലക്കാട് മാത്തൂരിലെ വീട്ടിലെത്തി കുളിച്ചൊരുങ്ങി രാവിലെ തന്നെ കുന്നംകുളത്തേക്ക്. അഭിറാം 48.06 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ പഴങ്കഥയായതു വി.ബി.ബിനീഷ് 2005ൽ സ്ഥാപിച്ച 48.23 സെക്കൻഡിന്റെ റെക്കോർഡ്.
മെഡൽ നേടുമെങ്കിൽ അതു സ്വർണം തന്നെയായിരിക്കുമെന്നു ‘സത്യപ്രതിജ്ഞ’ എടുത്തയാളാണ് അഭിറാം. സ്വർണമല്ലാതൊരു മെഡൽ ഇതുവരെ ഒരു മീറ്റിലും നേടിയിട്ടില്ല. സ്വർണം നേടാത്ത മീറ്റുകളിലൊന്നും മെഡലുകളേ നേടാനായിട്ടില്ല! മാത്തൂർ സിഎഫ്ഡി വിഎച്ച്എസ്എസിലെ കായികാധ്യാപകൻ കെ.സുരേന്ദ്രന്റെ അരികിൽ പരിശീലനത്തിനായി എത്തുമ്പോൾ എട്ടാം ക്ലാസിലാണ് അഭിറാം. ദേശീയ യൂത്ത് ചാംപ്യൻഷിപ്, ദേശീയ സ്കൂൾ മീറ്റ്, ഖേലോ ഇന്ത്യ ദേശീയ മീറ്റ്, ഏഷ്യൻ യൂത്ത് മീറ്റ് എന്നിവയിലെല്ലാം സ്വർണം മാത്രം. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ സമാപിച്ച ദേശീയ ഓപ്പൺ മീറ്റിൽ സെമിഫൈനലിൽ എത്താനായി. പ്രമോദ് – മഞ്ജുഷ ദമ്പതികളുടെ മകനാണ്.