ടി.അഭിറാമിനും ടി.വി.ദേവശ്രീക്കും മനോരമയുടെ സ്വർണപ്പതക്കം
Mail This Article
കുന്നംകുളം (തൃശൂർ) ∙ സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ മികച്ചതാരങ്ങൾക്കു മലയാള മനോരമ ഏർപ്പെടുത്തിയ സ്വർണപ്പതക്കം പി.അഭിറാമിനും ടി.വി.ദേവശ്രീക്കും ലഭിച്ചു. കായികോത്സവ സമാപനവേദിയിൽ മന്ത്രി കെ.രാധാകൃഷ്ണൻ മെഡലുകൾ സമ്മാനിച്ചു. പാലക്കാട് മാത്തൂർ സിഎഫ്‌ഡിവി എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി അഭിറാം സീനിയർ 400 മീറ്ററിലെ റെക്കോർഡ് അടക്കം ട്രിപ്പിൾ സ്വർണം നേടിയിരുന്നു. വ്യക്തിഗത ചാംപ്യൻ നേട്ടവും പങ്കുവച്ചു. കണ്ണൂർ ജിവിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദേവശ്രീ ട്രിപ്പിൾ സ്വർണവുമായി സബ് ജൂനിയർ പെൺകുട്ടികളിൽ വ്യക്തിഗത ചാംപ്യനായി. 4–100 മീറ്റർ റിലേയിലും സ്വർണനേട്ടത്തിൽ പങ്കാളിയായി.
സ്വർണത്തിന്റെ എണ്ണം മാത്രമല്ല, സ്വർണം നേടിയ ഇനത്തിലെ പ്രകടനത്തിന്റെ മികവ്, ഭാവിതാരമെന്ന നിലയിലേക്ക് ഉയരാനുള്ള നിലവാരം, ടൈമിങ് തുടങ്ങിയവയും മാനദണ്ഡമായി.’’ – ജേതാക്കളെ നിശ്ചയിച്ച ഒളിംപ്യൻമാരായ പി. രാമചന്ദ്രൻ, ലിജോ ഡേവിഡ് തോട്ടാൻ.
പാലക്കാടിന് ഹാട്രിക് കിരീടം; സ്കൂളുകളിൽ ഐഡിയൽ
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാടിനു (266 പോയിന്റ്) തുടർച്ചയായ മൂന്നാം കിരീടം. മലപ്പുറം (168) രണ്ടാംസ്ഥാനവും കോഴിക്കോട് (95) മൂന്നാം സ്ഥാനവും നേടി. സ്കൂളുകളിൽ മലപ്പുറം തവനൂർ കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ് 57 പോയിന്റുമായി കിരീടം നിലനിർത്തി. കോതമംഗലം മാർ ബേസിൽ (46), കല്ലടി എച്ച്എസ് കുമരംപുത്തൂർ (43) എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മീറ്റിൽ ആകെ 6 റെക്കോർഡുകൾ പിറന്നു. സീനിയർ ആൺകുട്ടികളിൽ പി. അഭിറാം, ജെ. ബിജോയ്, മുഹമ്മദ് മുഹ്സീൻ എന്നിവർ വ്യക്തിഗത ചാംപ്യന്മാരായി. പെൺകുട്ടികളിൽ എം.ജ്യോതികയും. സബ് ജൂനിയറിൽ അർഷാദ് അലി, ടി.വി.ദേവശ്രീ എന്നിവരും ജൂനിയറിൽ എം.അമൃത്, ആദിത്യ അജി എന്നിവരുമാണ് വ്യക്തിഗത ചാംപ്യന്മാർ.